യുഎന്‍ സാംസ്കാരിക സംഘടനയായ യുനെസ്കോയില്‍ പലസ്തീനു പൂര്‍ണ അംഗത്വം നല്‍കിയതിനു പിന്നാലെ യുനെസ്കോയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തലാക്കി. അമേരിക്കയുടേയും ഇസ്രായേലിന്റേയും കടുത്ത എതിര്‍പ്പിനിടെയാണ് ഐക്യരാഷ്ട്രസഭയ്ക്കു കീഴിലെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയായ യുനെസ്കേയില്‍ പലസ്തീന്‍ അംഗത്വം നേടിയത്. ഇതാണ് അമേരിക്കയെ ചൊടിപ്പിച്ചത്.
നവംബറില്‍ ആറു കോടി ഡോളറാണ് യുനെസ്കോയ്ക്കു അമേരിക്ക നല്‍കേണ്ടത്. പലസ്തീന്‍ വിഷയം കണക്കിലെടുത്ത് ഈ തുക കൈമാറില്ലെന്ന് യുഎസ് വക്താവ് വിക്ടോറിയ നുലാന്‍ഡ് അറിയിച്ചു. യുനെസ്കോയുടെ തീരുമാനം അപക്വമായിപ്പോയെന്ന് വൈറ്റ്ഹൌസ് വക്താവ് ജെ കാര്‍ണി പറഞ്ഞു. യുനെസ്കോയുടെ ചെലവുകളില്‍ 50 ശതമാനവും വഹിക്കുന്നത് അമേരിക്കയാണ്. പലസ്തീന് അംഗത്വം നല്‍കുന്ന യുഎന്‍ സംഘടനകള്‍ക്കുള്ള സഹായം നിര്‍ത്തലാക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന നിയമം 1990ല്‍ അമേരിക്കന്‍ സെനറ്റ് പാസാക്കിയിട്ടുണ്ട്.
പ്രതിവര്‍ഷം എട്ടു കോടി ഡോളറാണ് യുനെസ്കോയ്ക്ക് അമേരിക്ക നല്‍കിവരുന്നത്. ആകെയുള്ള 193 അംഗരാജ്യങ്ങളില്‍ 107 അംഗങ്ങളുടെ വോട്ടുനേടിയാണു പലസ്തീന്‍ ഈ സുപ്രധാന നേട്ടം കരസ്ഥമാക്കിയത്. 14 രാജ്യങ്ങള്‍ പലസ്തീന്റെ അംഗത്വത്തെ എതിര്‍ത്തപ്പോള്‍ 52 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. സമ്പൂര്‍ണ്ണ യുഎന്‍ അംഗത്വത്തിലേക്കുള്ള ആദ്യപടിയായാണ് പാലസ്തീന്റെ ഈ നേട്ടത്തെ നയതന്ത്രവിദഗ്ദര്‍ കാണുന്നത്. പലസ്തീന് പൂര്‍ണ യുഎന്‍ അംഗത്വം നല്‍കണോയെന്ന കാര്യത്തില്‍ ഈമാസമൊടുവില്‍ യുഎന്‍ രക്ഷാസമിതി തീരുമാനമെടുക്കും. തീരുമാനത്തെ വീറ്റോചെയ്യുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല