സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ യു.എസ് സേനാ സാന്നിധ്യം ഇനി 18 മാസം കൂടിയെന്ന് സൂചന; സേനാ പിന്മാറ്റത്തിന് താലിബാനും അമേരിക്കയും തമ്മില്‍ ധാരണ. അഫ്ഗാനിസ്ഥാനില്‍ നിന്ന് 18 മാസം കൊണ്ട് സൈന്യത്തെ യു.എസ് പൂര്‍ണമായും പിന്‍വലിച്ചേക്കും. താലിബാനുമായി ഖത്തറില്‍ വെച്ച് നടന്ന സമാധാന ചര്‍ച്ചയിലാണ് ഇക്കാര്യം ഉയര്‍ന്നുവന്നത്. സമാധാന ഉടമ്പടി നിലവില്‍ വന്നാല്‍ ഉടമ്പടി നിലവില്‍ വന്ന് 18 മാസത്തിനുള്ളില്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് താലിബാന്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശം.
കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ഖത്തറില്‍ വെച്ച് താലിബാനുമായി യു.എസ് സമാധാന ചര്‍ച്ചകള്‍ തുടങ്ങിയത്. ചര്‍ച്ചയില്‍ സമാധാന ഉടമ്പടിയുടെ കരട്‌രൂപം തയ്യാറായി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്ഥാനിലുള്ള വിദേശ സൈന്യം പൂര്‍ണമായും പിന്‍വാങ്ങണമെന്നാണ് താലിബാന്റെ നിലപാട്.
അതേസമയം ഈ ആവശ്യത്തോട് യു.എസ് പൂര്‍ണമായും പ്രതികരിച്ചിട്ടില്ല. നിര്‍ദ്ദേശം അംഗീകരിക്കുമോയെന്ന കാര്യത്തില്‍ യു.എസ് അധികൃതര്‍ വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അങ്ങനെ ആയാല്‍ അത് താലിബാന്‍ കൂടാതെ മറ്റ് ഭീകര സംഘടനകള്‍ക്ക് അനുകൂല സാഹചര്യമൊരുക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
അതേസമയം സമാധാന ചര്‍ച്ചയില്‍ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരില്‍ നിന്നുള്ള പ്രതിനിധികള്‍ ആരുംതന്നെ പങ്കെടുത്തില്ല എന്നത് ശ്രദ്ധേയമാണ്. അഫ്ഗാന്‍ സര്‍ക്കാരുമായി ചര്‍ച്ചക്കില്ലെന്ന നിലപാടിലാണ് താലിബാന്‍. താലിബാന്‍ സ്ഥാപക നേതാവായ മുല്ലാ മൊഹമ്മദ് ഒമറുമായി ഏറ്റവും അടുപ്പമുള്ള ആളായ മുല്ല അബ്ദുള്‍ ഖാനി ബര്‍ദര്‍ നേരിട്ട് ചര്‍ച്ചക്കെത്തിയത് സമാധാന ഉടമ്പടി വേഗത്തിലാക്കുമെന്ന പ്രതീക്ഷ ഉയര്‍ത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല