1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2017

സ്വന്തം ലേഖകന്‍: ചൈനയുടെ സില്‍ക്ക് റോഡിനു ബദലായി ന്യൂ സില്‍ക്ക് റോഡ് പദ്ധതിയുമായി അമേരിക്ക, പദ്ധതിയില്‍ ഇന്ത്യ നിര്‍ണായക പങ്കാളി, ഏഷ്യയില്‍ വന്‍ വ്യാപാര മത്സരത്തിന് അരങ്ങൊരുങ്ങുന്നു. ചൈനയുടെ റോഡ് പദ്ധതികള്‍ക്കു ബദലായി ദക്ഷിണേഷ്യയിലെയും തെക്കുകിഴക്കന്‍ ഏഷ്യയിലെയും വ്യാപാര മത്സരത്തെ അതിജീവിക്കാന്‍ ന്യൂ സില്‍ക്ക് റോഡ്, ഇന്‍ഡോ പസഫിക് സാമ്പത്തിക ഇടനാഴി എന്നിവയാണ് ട്രംപ് ഭരണകൂടം പൊടിതട്ടിയെടുക്കുന്നത്. അമേരിക്ക പദ്ധതിയിടുന്ന പുതിയ പാതകള്‍ ചൈനയുടെ തന്ത്രങ്ങള്‍ക്ക് വലിയ തിരിച്ചടിയാവും.

2011 ല്‍ ചെന്നൈയില്‍ നടത്തിയ പ്രസംഗത്തില്‍ അന്നത്തെ യു.എസ്. സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റനാണ് ‘ന്യൂ സില്‍ക്ക് റോഡ്’ പ്രഖ്യാപനം നടത്തിയത്. ട്രംപ് ഭരണകൂടത്തിന്റെ ആദ്യ വാര്‍ഷിക ബജറ്റില്‍ രണ്ടു പദ്ധതികളെപ്പറ്റിയും പരാമര്‍ശമുണ്ട്. ന്യൂ സില്‍ക്ക് റോഡ് പൊതുസ്വകാര്യ സംരംഭം ആയിരിക്കുമെന്നും ഇന്ത്യ ഇതില്‍ നിര്‍ണായക പങ്കു വഹിക്കുമെന്നും ബജറ്റില്‍ പറയുന്നു. അഫ്ഗാനിസ്ഥാനിലും അയല്‍രാജ്യങ്ങളിലും കൂടുതല്‍ സ്വാധീനം ലക്ഷ്യമിട്ടാണ് യു.എസ്. ന്യൂ സില്‍ക്ക് റോഡിനു പ്രാധാന്യം നല്‍കുന്നത്.

ഏഷ്യന്‍ രാജ്യങ്ങളിലൂടെയുള്ള റോഡ് പദ്ധതികളിലൂടെ യൂറോപ്യന്‍, ആഫ്രിക്കന്‍ വിപണികളിലേക്ക് നേരിട്ട് എത്താനാണു ചൈന ശ്രമിക്കുന്നത്. ഇതില്‍ പാക് അധീന കശ്മീരിലെ ജില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ മേഖലയിലൂടെ കടന്നുപോകുന്ന റോഡ് പദ്ധതിയില്‍ ഇന്ത്യക്ക് എതിര്‍പ്പുണ്ട്. അതിനിടെ, പാക് അധീന കശ്മീരിലൂടെയുള്ള ചൈനപാക് സാമ്പത്തിക ഇടനാഴി ഇന്ത്യയുമായുള്ള സംഘര്‍ഷം വര്‍ധിപ്പിക്കുമെന്ന് യു.എന്‍. സമിതി മുന്നറിയിപ്പ് നല്‍കി. ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മിഷന്‍ ഫോര്‍ ഏഷ്യ പസഫിക്കിന്റെ റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.