സ്വന്തം ലേഖകന്‍: വിമാന യാത്രക്കാരുടെ ലഗേജുകള്‍ അരിച്ചു പെറുക്കാന്‍ അമേരിക്കന്‍ വ്യോമയാന ഏജന്‍സി, സുരക്ഷാ പരിശോധനകള്‍ കടുകട്ടിയാക്കുന്നു. അന്താരാഷ്ട്ര ആഭ്യന്തര വിമാനയാത്രകളില്‍ ലഗേജുകള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ ഫോണിനേക്കാള്‍ വലിയ എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങക്കും സ്‌കാനിങ്ങിന് വിധേയമാക്കാനാണ് തീരുമാനം. ഈയടുത്താണ് വിമാനയാത്രയിലെ ലാപ്‌ടോപ്പ് നിരോധനം അമേരിക്ക എടുത്തു മാറ്റിയത്.
ഇതോടെ ഇന്ത്യന്‍ വിമാനത്താവളങ്ങളിലേതു പോലെ ഇനി മുതല്‍ അമേരിക്കയിലും ടാബ്‌ലെറ്റും ലാപ്‌ടോപ്പും ബാഗുകളില്‍ നിന്ന് പുറത്തെടുത്ത് പ്രത്യേകം ട്രേയില്‍ സ്‌ക്രീനിങ്ങിനായി നിക്ഷേപിക്കണം. ഇതുവരെ ലാപ്‌ടോപ്പ് പോലെ വലിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ മാത്രം പ്രത്യേകം സ്‌ക്രീനിങ്ങിന് വിധേയമാക്കിയാല്‍ മതിയായിരുന്നു. ഐപാഡും മറ്റും ബാഗില്‍ തന്നെ സൂക്ഷിക്കാന്‍ അനുവാദമുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ എടുത്തുമാറ്റിയിരിക്കുന്നത്.
യാത്രക്കാര്‍ക്ക് കൈയ്യില്‍ കരുതാവുന്ന വസ്തുക്കളില്‍ മാറ്റമില്ലെന്നും എന്നാല്‍ കൂടുതല്‍ കര്‍ശനമായ സുരക്ഷാ പരിശോധനക്ക് വിധേയരാകേണ്ടി വരുമെന്നും അമേരിക്കന്‍ വ്യോമയാന ഏജന്‍സിയായ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ലോസ് ആഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ച് വിജയം കണ്ടതിനാല്‍ അമേരിക്കയിലെ മുഴുവന്‍ വിമാനത്താവളങ്ങളിലും നടപ്പില്‍ വരുത്തുമെന്നും ടി.എസ്.എ വൃത്തങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല