1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2024

സ്വന്തം ലേഖകൻ: വർഷങ്ങൾക്കു മുമ്പ് പരസ്പരം വേർപിരിഞ്ഞു പോയ ഇരട്ട സഹോദരിമാർ ടിക് ടോക്ക് വഴി കണ്ടുമുട്ടിയെന്നത് ഏറെ കൗതുകമേറിയ വാർത്തയാണ്. അങ്ങനെയൊരു സംഭവം ജോർജിയയിൽ നടന്നതായുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജന്മനാതന്നെ രണ്ടു കുടുംബങ്ങളിലേക്ക് പിരിഞ്ഞു പോയ ആമി ഖ്വിതിയ, ആനോ സർറ്റാനിയ എന്നീ സഹോദരിമാർ ഒരേ നഗരത്തിൽ തന്നെ ജീവിച്ചിട്ടും ഇപ്പോഴാണ് കണ്ടുമുട്ടുന്നത് എന്നത് നമ്മളെ ഏറെ അത്ഭുതപ്പെടുത്തുന്നതാണ്.

ഒരു വൈറൽ ടിക് ടോക് വീഡിയോയിലൂടെയും നഗരത്തിൽ നടന്ന ഒരു ടാലെന്റ്റ് ഷോയിലൂടെയുമാണ് ഇവർ പരസ്പരം തിരിച്ചറിയുന്നതും കണ്ടെത്തുന്നതും. കാലങ്ങൾക്കു ശേഷം നടക്കുന്ന ഇവരുടെ ഒത്തുചേരൽ ജോർജിയയിൽ നിലനിൽക്കുന്ന നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോകുന്നതും വിൽക്കുന്നതുമായ ഗൗരവമേറിയ സംഭവങ്ങളിലേക്കാണ് നയിക്കുന്നത്. ഇപ്പോഴും ഇതിനു പിന്നിലുള്ളവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

ആമിയും ആനോയും പരസ്പരം കണ്ടെത്താനുള്ള ശ്രമങ്ങൾ 12 വയസുള്ള സമയത്ത് ആരംഭിച്ചതാണ്. ആമിയുടെ ഇഷ്ട്ടപ്പെട്ട ടിവിഷോയാണ് ‘ജോർജിയാസ് ഗോട്ട് ടാലന്റ്.’ ആ ഷോയിലാണ് കാണാൻ അവളെ പോലെയുള്ള നന്നായി നൃത്തം ചെയ്യുന്ന ഒരു സ്ത്രീയെ ആമി കാണുന്നത്. അന്ന് കണ്ട പെൺകുട്ടി തന്റെ ഇരട്ട സഹോദരിയാണെന്ന് ആമിക്ക് ബോധ്യമായിരുന്നില്ല. അതേസമയമാണ് ആനോയ്ക്ക് വൈറലായ ഒരു ടിക് ടോക് വീഡിയോ ലഭിക്കുന്നത്. കാണാൻ തന്നെപ്പോലെ തന്നെയുള്ള നീല മുടിയുള്ള ഒരു പെൺകുട്ടിയായിരുന്നു വീഡിയോയിൽ. ആ വിഡിയോയിലുണ്ടായിരുന്നത് ആമിയായിരുന്നു.

2002ൽ ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയ ഇവരുടെ അമ്മ ആസ ഷോണി പ്രസവ സമയത്തെ സങ്കീർണതകളുടെ ഫലമായി കോമയിലായപ്പോഴാണ് അച്ഛൻ ഗോച്ച ഘാരിയ ഇവരെ രണ്ടു കുടുംബങ്ങളിലേക്ക് വിൽക്കാൻ തീരുമാനിച്ചത്. ആനോ വളർന്നത് റ്റിബിലിസിലും ആമി വളർന്നത് സുഗ്ദിദിയിലുമാണ്. ഒരു നഗരത്തിന്റെ തന്നെ രണ്ടു ഭാഗങ്ങളിലായി അവർ ഇരുവരും പരസ്പരം തിരിച്ചറിയാതെ ജീവിച്ചു. 11 വയസിൽ ഒരു നൃത്ത മത്സരിൽ പങ്കെടുക്കാൻ ചെന്ന ആനോയ്ക്കും ആമിയ്ക്കും പരസ്പരം കണ്ടപ്പോൾ സാമ്യത തോന്നിയെങ്കിലും തിരിച്ചറിഞ്ഞില്ല.

ടിക്‌ടോക് വീഡിയോ വൈറലാകുന്നതുവരെ അവർ പരസ്പരം തിരിച്ചറിയാതെ ജീവിച്ചു. വേർപിരിയേണ്ടി വന്നതിന്റെ കാരണം അന്വേഷിച്ച് പോയപ്പോഴാണ് 2005ൽ രജിസ്റ്റർ ചെയ്ത കേസുകൾ പ്രകാരം, ജോർജിയയിലെ പല ആശുപത്രികളിൽ നിന്നായി തട്ടിക്കൊണ്ടുപോയി വിറ്റ ആയിരക്കണക്കിന് കുട്ടികളിൽ രണ്ടുപേർ മാത്രമാണ് തങ്ങൾ എന്നവർ തിരിച്ചറിഞ്ഞത്. 19 വർഷം പിരിഞ്ഞിരുന്നതിനു ശേഷം രണ്ടുവർഷം മുമ്പാണ് ടിബിലിസിലെ റുസ്താവേലി പാലത്തിൽ വച്ച് ഇവർ കണ്ടുമുട്ടിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.