സ്വന്തം ലേഖകന്‍: ഇസ്രയേല്‍ തലസ്ഥാനം ജറുസലേമിലേക്ക് മാറ്റിയതിനെതിരെ യുഎന്‍ രക്ഷാസമിതിയില്‍ പ്രമേയം, പ്രമേയത്തിനെതിരെ വീറ്റോ പ്രയോഗിച്ച് യുഎസ്. ജറുസലേം ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം നിരാകരിക്കുന്ന പ്രമേയം യുഎന്നില്‍ അവതരിപ്പിച്ചപ്പോള്‍ മറ്റു 14 രാജ്യങ്ങളും പിന്തുണച്ച പ്രമേയത്തിനെതിരെ യുഎസ് വീറ്റോ പ്രയോഗിക്കുകയായിരുന്നു.
തീരുമാനം പിന്‍വലിക്കണമെന്നു കടുത്ത ഭാഷയില്‍ ആവശ്യപ്പെടുന്ന പ്രമേയം കൊണ്ടുവരണമെന്നതായിരുന്നു പലസ്തീന്റെ ആവശ്യം. എന്നാല്‍ മറ്റു രാജ്യങ്ങളുടെ പിന്തുണ കിട്ടുന്നതിനായി മയപ്പെടുത്തി അവതരിപ്പിച്ച പ്രമേയത്തില്‍ യുഎസിനെയോ ട്രംപിനെയോ പേരെടുത്തു വിമര്‍ശിക്കുന്നില്ല. യുഎസ് വീറ്റോ ചെയ്തതോടെ പൊതുസഭയെ സമീപിക്കാനാണ് പലസ്തീന്‍ നീക്കം.
അതിനിടെ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ജറുസലം സന്ദര്‍ശിക്കാനിരിക്കെ, ഗാസയില്‍ നിന്ന് ഇസ്രയേലിലേക്കു റോക്കറ്റ് ആക്രമണവും ഷെല്ലാക്രമണവും ഉണ്ടായി. ഗാസയിലെ ഹമാസ് പരിശീലനകേന്ദ്രം ഇസ്രയേല്‍ ആക്രമിച്ചു. തലസ്ഥാന മാറ്റത്തിനെതിരെ പലസ്തീനില്‍ ജനകീയ പ്രക്ഷോഭം ശക്തമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല