സ്വന്തം ലേഖകന്‍: യുഎസ് വീസാ അപേക്ഷാ ഫോമില്‍ അഴിച്ചുപണി; പുതിയ പരിഷ്‌ക്കാരം സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി. എല്ലാ യുഎസ് വീസ അപേക്ഷകരും മുന്‍പ് ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പരുകളും ഇ മെയില്‍ വിലാസങ്ങളും സമൂഹമാധ്യമ വിവരങ്ങളും കൂടി നല്‍കണമെന്നു യുഎസ് അധികൃതര്‍ നിര്‍ദേശിച്ചു. രാജ്യസുരക്ഷയ്ക്കു ഭീഷണിയാകുന്നവരുടെ പ്രവേശനം തടയാനുള്ള സൂക്ഷ്മ നിരീക്ഷണത്തിന്റെ ഭാഗമായാണു വീസ അപേക്ഷാഫോമുകള്‍ പരിഷ്‌കരിച്ചത്.
പുതിയ ചട്ടപ്രകാരം, ഒരു കൂട്ടം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും അപേക്ഷകര്‍ നല്‍കണം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഉപയോഗിച്ച ഫോണ്‍ നമ്പരുകള്‍, ഇമെയില്‍ വിലാസങ്ങള്‍, വിദേശയാത്രാ വിവരങ്ങള്‍, സമൂഹമാധ്യമ വിലാസങ്ങള്‍ എന്നിവയാണു സമര്‍പ്പിക്കേണ്ടത്. ഒന്നിലധികം എച്ച്1ബി വീസ അപേക്ഷകള്‍ സമര്‍പ്പിച്ചാല്‍ നിരസിക്കപ്പെടുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.
ഉയര്‍ന്ന തൊഴില്‍ വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളില്‍ യുഎസ് തൊഴിലുടമകള്‍ക്കു വിദേശ ജോലിക്കാരെ നിയമിക്കുന്നതിനു വേണ്ടിയുള്ള താല്‍ക്കാലിക വീസ സമ്പ്രദായമാണ് എച്ച് 1ബി. 2019 ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള എച്ച്1ബി വീസ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുന്നത് ഏപ്രില്‍ രണ്ടു മുതലാണ്. പ്രത്യേക സാഹചര്യങ്ങളില്‍ ഒന്നിലധികം അപേക്ഷകള്‍ നല്‍കേണ്ടി വന്നാല്‍ പോലും ആദ്യ അപേക്ഷ അംഗീകരിച്ചശേഷം മാത്രമേ അനുബന്ധ അപേക്ഷ നല്‍കാവൂ എന്നും നിര്‍ദേശമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല