സ്വന്തം ലേഖകന്‍: ജപ്പാന്‍ കടലില്‍ ഫിലിപ്പീന്‍സ് ചരക്കു കപ്പലുമായി കൂട്ടിയിടിച്ച യുഎസ് യുദ്ധക്കപ്പലിലെ നാവികര്‍ മരിച്ചതായി സ്ഥിരീകരണം.ജപ്പാന്‍ തീരക്കടലില്‍ കണ്ടെയ്‌നര്‍ കപ്പലുമായി കൂട്ടിയിടിച്ച യുഎസ്എസ് ഫിറ്റ്‌സ്ജറള്‍ഡ് യുദ്ധക്കപ്പലിലെ കാണാതായ നാവികരുടെ മൃതദേഹം കണ്ടെത്തിയെന്ന് യുഎസ് നാവികസേന. അപകടമുണ്ടായ കപ്പലിന്റെ വെള്ളം കയറിയ ഭാഗങ്ങളിലാണ് നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
എന്നാല്‍, കാണാതായ ഏഴു പേരുടെയും മൃതദേഹം കണ്ടെത്തിയോ എന്ന കാര്യം യുഎസ് നാവികസേന വ്യക്തമാക്കിയിട്ടില്ല. കാണാതായ ഏഴു നാവികരെയും മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാവികരുടെ മൃതദേഹം യുഎസ് നാവിക സേന ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ജാപ്പനീസ് നാവിക സേന കപ്പലുകളും ഹെലികോപ്റ്ററും ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
തുറമുഖ നഗരമായ യോകുസുകയില്‍ നിന്ന് 104 കിലോ മീറ്റര്‍ അകലെ ശനിയാഴ്ച പുലര്‍ച്ചെയാണ് ഫിലിപ്പീന്‍സിന്റെ കണ്ടെയ്‌നര്‍ കപ്പലുമായി യുഎസ് യുദ്ധക്കപ്പല്‍ യുഎസ്എസ് ഫിറ്റ്‌സ്ജറള്‍ഡ് കൂട്ടിയിടിച്ചത്. കണ്ടെയ്‌നറുമായി ഇടിച്ചതിനെ തുടര്‍ന്ന് കപ്പലിന്റെ ഒരു വശം പൂര്‍ണ്ണമായി തകരുകയായിരുന്നു. 1995ല്‍ കമ്മീഷന്‍ ചെയ്ത യുഎസ് യുദ്ധക്കപ്പല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി യോകുസുകയിലെ താവളത്തിലേയ്ക്ക് തിരികെ എത്തിച്ചതായിരുന്നു.
അപക!ടത്തിന് 25 മിനിറ്റ് മുമ്പ് കപ്പല്‍ വന്ന ദിശയിലേയ്ക്ക് തന്നെ പെട്ടെന്ന് തിരിച്ചുവന്നുവെന്നാണ് മറൈന്‍ ട്രാഫിക് റെക്കോര്‍ഡ്. 222 മീറ്റര്‍ നീളമുള്ള കണ്ടെയ്‌നര്‍ കപ്പല്‍ ദിശമാറി തിരിയുമ്പോഴാണ് അപകടമുണ്ടായതെന്നു ജപ്പാന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ക്യാപ്റ്റന്‍ നിഷേധിച്ചു. മുങ്ങിക്കപ്പലുകളും മിസൈല്‍ വേധിയായ യുഎസ്എസ് ഫിറ്റ്‌സ്ജറള്‍ഡ് ഉള്‍പ്പെടെ യുഎസ് കപ്പല്‍ വ്യൂഹത്തിന്റെ താവളം യോകുസുകയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല