സ്വന്തം ലേഖകന്‍: രണ്ടാം ലോകയുദ്ധ കാലത്ത് ഹിരോഷിമ ദൗത്യത്തില്‍ മുഖ്യ പങ്കുവഹിച്ച യുഎസ് യുദ്ധ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കടലിനടിയില്‍ കണ്ടെത്തി. യു.എസ്.എസ് ഇന്ത്യാനാപോളിസ് എന്ന യുദ്ധക്കപ്പലിന്റെ അവശിഷ്ടങ്ങളാണ് 72 വര്‍ഷത്തിനു ശേഷം നോര്‍ത്ത് പസഫിക് സമുദ്രത്തില്‍ ഫിലിപ്പൈന്‍സ് തീരത്തോട് ചേര്‍ന്ന് ആഴക്കടലില്‍ കണ്ടെത്തിയത്. 1945 ജൂലൈ 30 നാണ് കപ്പല്‍ അപകടത്തില്‍ മുങ്ങിയത്.
അമേരിക്കയുടെ ഹിരോഷിമ ദൗത്യത്തില്‍ സഹായിച്ച കപ്പലാണ് യു.എസ്.എസ് ഇന്ത്യാനാപോളിസ്. ഹിരോഷിമയുടെ തകര്‍ക്കാന്‍ ഉപയോഗിച്ച അണുബോംബ് നിര്‍മിക്കാന്‍ ആവശ്യമായ സാമഗ്രികള്‍ ടിനിയന്‍ ദ്വീപില്‍ എത്തിച്ചത് ഈ കപ്പലിലായിരുന്നു. യുദ്ധത്തിന്റെ അവസാന ദിവസങ്ങളില്‍ ഗുവാമില്‍നിന്ന് ഫിലിപ്പീന്‍സിലേക്ക് പോകുകയായിരുന്ന കപ്പലിനെ ജാപ്പനീസ് അന്തര്‍വാഹിനിയില്‍ നിന്നുള്ള മിസൈല്‍ തകര്‍ക്കുകയായിരുന്നു.
യു.എസ് നാവികസേനയുടെ ചരിത്ര വിഭാഗത്തിന് ലഭ്യമായ വിവരമനുസരിച്ച് 12 മിനിറ്റിനുള്ളില്‍ കപ്പല്‍ മുങ്ങി. അപായ സൂചന നല്‍കാനോ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കാനോ നാവികര്‍ക്ക് സമയം ലഭിച്ചില്ല. 1,196 യാത്രക്കാരില്‍ 800 പേരാണ് കടലിലേക്കു ചാടി രക്ഷപ്പെട്ടത്. എന്നാല്‍ അപായസൂചന ലഭിക്കാത്തതുകൊണ്ട് കൃത്യസമയത്ത് അവരെ കടലില്‍നിന്നും രക്ഷപ്പെടുത്താനായില്ല. നാലുദിവസം കഴിഞ്ഞ് കണ്ടെത്തുമ്പോള്‍ സമുദ്രത്തിലെ പ്രതികൂലസാഹചര്യങ്ങളോട് പൊരുതിനില്‍ക്കാനായത് 316 പേര്‍ക്ക് മാത്രം.
യു.എസ് നാവികസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമായാണ് ആ അപകടം രേഖപ്പെടുത്തപ്പെട്ടത്. രക്ഷപ്പെട്ടവരില്‍ 22 പേരാണ് ഇന്നും ജീവനോടെയുള്ളത്. സമുദ്രനിരപ്പില്‍നിന്ന് 5.5 കിലോമീറ്റര്‍ താഴെയാണ് കപ്പല്‍ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ പോള്‍ അലന്‍ വ്യക്തമാക്കി. കപ്പല്‍ ജീവനക്കാരുടെ ധീരതക്കും ത്യാഗത്തിനും തങ്ങള്‍ അമേരിക്കക്കാര്‍ കടപ്പെട്ടിരിക്കുന്നുവെന്നും മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ കൂടിയായ അലന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല