സ്വന്തം ലേഖകന്‍: കൊടുംതണുപ്പില്‍ തണുത്തുറഞ്ഞ് അമേരിക്ക; ജനജീവിതവും ഗതാഗത സംവിധാനങ്ങളും താളംതെറ്റി. മൈനസ് 27 ഡിഗ്രി തണുപ്പുവരെ ചില സ്ഥലങ്ങളില്‍ രേഖപ്പെടുത്തി. ഉത്തരധ്രുവത്തില്‍നിന്നുള്ള ഹിമക്കാറ്റാണ് കൊടുംതണുപ്പിനു കാരണം. ഇല്ലിനോയ്, വിസ്‌കോണ്‍സിന്‍, മിഷിഗണ്‍ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
തണുപ്പുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ ഒരാഴ്ചയ്ക്കിടെ മരിച്ചു. ശരീരം മരവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പു നല്കി. ആയിരക്കണക്കിനു വിമാനസര്‍വീസുകള്‍ റദ്ദാക്കി. യുഎസ് പോസ്റ്റല്‍ സര്‍വീസുകള്‍ ചില സംസ്ഥാനങ്ങളില്‍ പത്തു ദിവസത്തേക്കു പ്രവര്‍ത്തനം നിര്‍ത്തിവച്ചു.
വരുംദിവസങ്ങളില്‍ അമേരിക്കയുടെ 80 ശതമാനം പ്രദേശങ്ങള്‍ കൊടുംതണുപ്പിലാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. രാജ്യത്തെ ജനസംഖ്യയുടെ 72 ശതമാനത്തെ ഇതു ബാധിക്കും. ജനസംഖ്യയുടെ 25 ശതമാനവും നേരിടേണ്ടത് പൂജ്യത്തിനു താഴെ ഡിഗ്രി സെല്‍ഷ്യസ് തണുപ്പാണ്.
അമേരിക്ക ഇത്രയും വലിയ തണുപ്പ് നേരിടേണ്ടിവരുന്നത് അപൂര്‍വമാണ്. ഷിക്കാഗോയില്‍ തണുപ്പ് റിക്കാര്‍ഡിട്ടു. മൈനസ് 27 ഡിഗ്രി സെല്‍ഷ്യസ് വരെ ഇവിടെ രേഖപ്പെടുത്തി. തെരുവില്‍ കഴിയുന്നവര്‍ക്ക് അഭയകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 2700 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ഇതില്‍ 1550ഉം ഷിക്കാഗോയിലെ വിമാനത്താവളങ്ങളിലേതാണ്. ഷിക്കാഗോയിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തി.
ഇല്ലിനോയ്, അയോവ, മിന്നസോട്ട, നോര്‍ത്ത് ഡെക്കോട്ട, സൗത്ത് ഡെക്കോട്ട, വിസ്‌കോണ്‍സിന്‍, കാന്‍സസ്, മിസൗറി, മൊണ്ടാന, നെബ്രാസ്‌ക സംസ്ഥാനങ്ങളില്‍ യുഎസ് പോസ്റ്റല്‍ സര്‍വീസിന്റെ പ്രവര്‍ത്തനം നിര്‍ത്തി. മൈനസ് 32 ഡിഗ്രിയിലുള്ള തണുപ്പ് 15 മിനിട്ട് നേരിട്ടാന്‍ ശരീരം മരവിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല