സ്വന്തം ലേഖകൻ: ഏറെ ഭീതി വിതച്ച കോവിഡിന് ശേഷം ലോകം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. എന്നാല്‍ കോവിഡ് ബാധിച്ച പലര്‍ക്കും പഴയ ജീവിതത്തിലേക്ക് ഇതുവരെ മടങ്ങാന്‍ സാധിച്ചിട്ടില്ല. കോവിഡിലൂടെ ശരീരത്തിലുണ്ടായ പല മാറ്റങ്ങളും ഇപ്പോഴും അവരെ അലട്ടുന്നുണ്ട്. ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളുമായി അവരിപ്പോഴും ആശുപത്രികള്‍ കയറി ഇറങ്ങുകയാണ്.
അത്തരത്തില്‍ ഒരാളാണ് അമേരിക്കയ്ക്കാരിയായ ജെന്നിഫര്‍ ഹെന്‍ഡേഴ്‌സണ്‍. 2021 ജനുവരില്‍ കോവിഡ് ബാധിച്ച ജെന്നിഫറിന്റെ മണവും രുചിയുമെല്ലാം നഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഗന്ധം തിരിച്ചറിയാനുള്ള ശേഷി അവര്‍ക്ക് തിരികെ ലഭിച്ചിരിക്കുകയാണ്. കോഫിയുടെ മണം അറിഞ്ഞശേഷം ജെന്നിഫര്‍ കുഞ്ഞിനെപ്പോലെ കരഞ്ഞു.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ക്ലെവ്‌ലാന്‍ഡ് ക്ലിനിക് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.ആശുപത്രി കിടക്കയിലുള്ള ജെന്നിഫറിന് ഒരാള്‍ ഒരു കപ്പ് കാപ്പി നല്‍കുകയായിരുന്നു. ഇതിന്റെ മണം അറിഞ്ഞതോടെ എന്തു ചെയ്യണം എന്നറിയാതെ സന്തോഷത്താല്‍ ജെന്നിഫറിന്റെ കണ്ണുകള്‍ നിറയുന്നത് വീഡിയോയില്‍ കാണാം. രണ്ടര ലക്ഷത്തോളം ആളുകളാണ് ഈ വീഡിയോ കണ്ടത്.
ദീര്‍ഘകാല കോവിഡ് കാരണം യഥാര്‍ഥ രുചിയും മണവും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു 54-കാരിയായ ജെന്നിഫര്‍. ഒപ്പം തലവേദനയും ശരീരവേദനയും ക്ഷീണവുമുണ്ടായിരുന്നു. ഇഷ്ടഭക്ഷണങ്ങള്‍ക്കെല്ലാം അസഹനീയമായ രുചിയും മണവുമാണ് ജെന്നിഫറിന് അനുഭവപ്പെട്ടത്.
ഇഷ്ടഭക്ഷണം കഴിക്കുമ്പോള്‍ മാലിന്യം കഴിക്കുന്നതുപോലെയാണ് തോന്നിയിരുന്നതെന്ന് ജെന്നിഫര്‍ പറയുന്നു. ചിക്കന്‍ വിഭവങ്ങള്‍ക്ക് ചീഞ്ഞളിഞ്ഞ മാംസത്തിന്റെ ഗന്ധവും രുചിയുമായിരുന്നു. വെളുത്തുള്ളിക്കും നേന്ത്രപ്പഴത്തിനും ലോഹത്തിന്റെ രുചിയാണ് അനുഭവപ്പെട്ടത്. അമേരിക്കന്‍ സാലഡായ റാഞ്ച് ഡ്രസ്സിങ്ങിനും പീനട്ട് ബട്ടറിനും രാസവസ്തുക്കളുടെ രുചിയായിരുന്നു. ശരീരം തളര്‍ന്നുപോകാതിരിക്കാനായി ഇതെല്ലാം കഷ്ടപ്പെട്ടാണ് അവര്‍ കഴിച്ചിരുന്നത്.
ഗന്ധപരിശീലനവും അക്യുപങ്ചറും പരീക്ഷിച്ചുനോക്കിയെങ്കിലും ഒന്നും വിജയിച്ചില്ല. പിന്നീട് സ്റ്റെല്ലേറ്റ് ഗാംഗ്ലിയോന്‍ ബ്ലോക്ക് (എസ്.ജി.ബി) എന്ന ചികിത്സാരീതി ചെയ്യുകയായിരുന്നു. വേദനകള്‍ക്കും മാനസിക സമ്മര്‍ദ്ദത്തിനും പരിഹാരമായിട്ടാണ് ഈ ചികിത്സ ചെയ്യുന്നത്. കഴിഞ്ഞ ഡിസംബറില്‍ ജെന്നിഫര്‍ ഈ ചികിത്സയ്ക്ക് വിധേയായി. ആദ്യ ഇന്‍ജക്ഷന്‍ എടുത്തു. അതിനുശേഷം മണവും രുചിയും തിരിച്ചുവരാന്‍ തുടങ്ങിയെന്നും അവര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല