സ്വന്തം ലേഖകൻ: വിദേശത്തുനിന്നുള്ള വിദഗ്ധ ജോലിക്കാർക്കു മാതൃരാജ്യത്തേക്കു മടങ്ങാതെ വീസ പുതുക്കുന്നതിനുള്ള പദ്ധതി യുഎസ് ഡിസംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങും. 3 മാസം കൊണ്ട് 20,000 പേർക്ക് ഇങ്ങനെ വീസ പുതുക്കി നൽകുമെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു.
ഇന്ത്യയിൽ നിന്നുള്ള ആയിരക്കണക്കിനു വിദഗ്ധജോലിക്കാർക്കു ഗുണം ചെയ്യുന്നതാണു പുതിയ പരിഷ്കാരം. വീസ കാലാവധി കഴിഞ്ഞാൽ പുതുക്കിക്കിട്ടുന്നതുവരെ രാജ്യം വിടണമെന്നാണ് ഇപ്പോഴത്തെ നിയമം. യുഎസിലുള്ള 10 ലക്ഷത്തോളം എച്ച്–1ബി വീസക്കാരിൽ നല്ലൊരു ശതമാനവും ഇന്ത്യക്കാരാണ്.
തൊഴിൽ വീസയ്ക്കു മാത്രമാണു സൗകര്യം. നിലവിലുള്ളവരുടെ വീസ പുതുക്കൽ നടപടി ലഘൂകരിക്കുന്നതിലൂടെ പുതിയ അപേക്ഷകർക്കു കാലതാമസമില്ലാതെ വീസ നൽകാനും കഴിയും. യുഎസിന് ഏറ്റവും മികച്ച വിദഗ്ധ ജോലിക്കാരെ സംഭാവന ചെയ്യുന്നത് ഇന്ത്യയാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല