സ്വന്തം ലേഖകൻ: 340 മില്യൺ ഡോളർ (ഏകദേശം 2,800 കോടിയോളം രൂപ) ലോട്ടറിയടിച്ചെന്നു തന്നെ പറഞ്ഞുപറ്റിച്ച ലോട്ടറി കമ്പനിക്കെതിരെ നിയമനടപടിക്കൊരുങ്ങി വാഷിങ്ടൻ ഡിസി സ്വദേശിയായ ജോൺ ചീക്സ്. ജനുവരി ആറിനാണു ജോൺ ചീക്സ് പവർബോളിന്റെ ലോട്ടറി ടിക്കറ്റ് വാങ്ങിയത്. അടുത്ത ദിവസം നറുക്കെടുപ്പിൽ പങ്കാളിയാകാതിരുന്ന ജോൺ വെബ്‌സൈറ്റിൽ ലിസ്‌റ്റ് ചെയ്‌ത തന്റെ നമ്പർ കണ്ടപ്പോൾ അമ്പരന്നു. അതേസമയം, നമ്പര്‍ തെറ്റായി പ്രസിദ്ധീകരിച്ചതാണെന്നു അധികൃതർ പറയുന്നു. ഇതോടെ ശരിയായ വിജയി ആരെന്നറിയാനുള്ള നടപടികൾ നിയമക്കുരുക്കിലേക്കു നീങ്ങി.
“വെബ്സൈറ്റിൽ എന്റെ നമ്പർ കണ്ടപ്പോൾ ഞാൻ അൽപം ആവേശഭരിതനായി, പക്ഷേ ഞാൻ നിലവിളിച്ചില്ല. ഞാൻ മാന്യമായി ഒരു സുഹൃത്തിനെ വിളിച്ചു. അവൻ പറഞ്ഞതുപോലെ ഞാൻ ഒരു ചിത്രമെടുത്തു. അത്രമാത്രം. പിന്നീട് ഞാൻ ഉറങ്ങാൻ പോയി’’ – എന്നാണ് തന്റെ ലോട്ടറി നമ്പർ വെബ്സൈറ്റിൽ കണ്ടതിനെപ്പറ്റി ചോദിച്ചപ്പോൾ ജോൺ ചീക്സിന്റെ പ്രതികരണം.
ലോട്ടറി ടിക്കറ്റുമായി ഓഫിസ് ഓഫ് ലോട്ടറി ആൻഡ് ഗെയിമിങ്ങിൽ എത്തിയപ്പോൾ ജോണിന്റെ അവകാശവാദം അധികൃതർ നിരസിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണു നിയമോപദേശം തേടിയശേഷം പവർബോളിനെതിരെ നിയമനടപടി സ്വീകരിക്കാൻ അദ്ദേഹം തുനിഞ്ഞിറങ്ങിയത്. ചീക്‌സ് ഫയൽ ചെയ്ത കേസിൽ മൾട്ടി – സ്റ്റേറ്റ് ലോട്ടറി അസോസിയേഷനെയും ഗെയിം കോൺട്രാക്ടർ ടാവോട്ടി എന്റർപ്രൈസസിനെയും പ്രതികളാക്കിയിട്ടുണ്ട്.
കരാർ ലംഘനം, അശ്രദ്ധ, വഞ്ചന എന്നിവയുൾപ്പെടെ എട്ടു വ്യത്യസ്‌ത കേസുകളാണ് ജോൺ ചീക്സ് കമ്പനിക്കെതിരെ കൊടുത്തിരിക്കുന്നത്. ഈ കേസ് ലോട്ടറി പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തത്തെ കുറിച്ചു നിർണായക ചോദ്യങ്ങൾ ഉയർത്തുന്നുവെന്നു ജോണിന്റെ അഭിഭാഷകൻ ഇവാൻസ് മാധ്യമങ്ങളോട് പറഞ്ഞു. ഫെബ്രുവരി 23നാണു കേസിൽ വാദം കേൾക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല