
സ്വന്തം ലേഖകൻ: കഴിഞ്ഞ മൂന്നു വര്‍ഷമായി നിലനിന്നിരുന്ന നാഷനൽ കോവിഡ് 19 പബ്ലിക്ക് എമര്‍ജന്‍സി യുഎസില്‍ അവസാനിക്കുകയാണ്. മറിച്ചൊരു തീരുമാനം ഉണ്ടായില്ലെങ്കില്‍ ഇതിന്റെ ഭാഗമായിരുന്ന ടൈറ്റില്‍ 42 ഉം ഇതോടെ അവസാനിക്കും. ടൈറ്റില്‍ 42 ഡയറക്ടര്‍ ഓഫ് സെന്റേഴ്‌സ് ഫോര്‍ ഡിസീസസ് കണ്‍ട്രോള്‍ ആൻഡ് പ്രിവൻഷൻ അനധികൃത കുടിയേറ്റക്കാരെ ഉടനെ തന്നെ യുഎസ് അതിര്‍ത്തിക്ക് പുറത്തേയ്ക്ക് കടത്തുവാന്‍ അധികാരം നല്‍കിയിരുന്നു.
അമേരിക്കന്‍ ജനതയുടെ ആരോഗ്യ സംരക്ഷണത്തിനാണ് ഈ നിയമം കൊണ്ടുവന്നത് എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍, കുടിയേറുന്നവര്‍ക്ക് അമേരിക്കന്‍ മണ്ണില്‍ നിന്നു കൊണ്ട് തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുവാന്‍ നിയമം അവസരം നിഷേധിച്ചുവെന്ന് വിമര്‍ശകര്‍ ആരോപിച്ചു.
ടൈറ്റില്‍ 42 അവസാനിക്കുമെന്നു പ്രഖ്യാപിച്ച മേയ് 11നു അതിര്‍ത്തിയില്‍ 60,000 അഭയാർഥികള്‍ ഉണ്ടെന്ന് ബോര്‍ഡര്‍ പെട്രോള്‍ ചിഫ് റൗല്‍ ഓര്‍ട്ടിസ് പറഞ്ഞു. ഓരോ ദിവസവും 10,000 പേര്‍ വീതം എത്തിക്കൊണ്ടിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ (2022 ഒക്ടോബര്‍ മുതല്‍ 2023 മാര്‍ച്ച് 31 വരെ) 6,65,000 അനധികൃത കുടിയേറ്റക്കാരെ പുറത്താക്കിക്കഴിഞ്ഞു.
ടൈറ്റില്‍ 42 അവസാനിക്കുന്ന പശ്ചാത്തലത്തില്‍ മൂന്ന് ടെക്‌സസ് അതിര്‍ത്തി നഗരങ്ങളില്‍ (ബ്രൗണ്‍സ്‌വില്‍, ലറേഡോ, അല്‍പാസോ) സ്‌റ്റേറ്റ് ഓഫ് ഏമര്‍ജന്‍സി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ദ ഓപ്പര്‍ച്യൂണിറ്റി സെന്റര്‍ ജോണ്‍ മാര്‍ട്ടിന്‍ അറിയിച്ചു. ഈ കേന്ദ്രത്തിനും സേക്രഡ് ഹാര്‍ട്ട് ചര്‍ച്ചിനും ഇടയിലുള്ള ചെറിയ പ്രദേശത്ത് 3,000ത്തോളം കുടിയേറ്റക്കാര്‍ തങ്ങുന്നുണ്ട്.
കുടിയേറ്റക്കാര്‍ തങ്ങള്‍ അമേരിക്കയിലേയ്ക്ക് കടക്കുന്നതിന് മുമ്പ് എത്തിയ രാജ്യത്തു നിന്നും അഭയാർഥി അപേക്ഷകള്‍ നല്‍കണം എന്ന നിബന്ധനയിലേയ്ക്കാണ് ഇനി മുതല്‍ പോകുക. അപേക്ഷ നല്‍കിയാല്‍ യുഎസ് ഇമിഗ്രേഷന്‍ അധികാരികള്‍ നല്‍കുന്ന തീയതിയില്‍ ഹാജരായി രേഖകള്‍ സഹിതം അഭയം ആവശ്യപ്പെടുന്നതിനുള്ള കാരണങ്ങള്‍ വിവരിക്കണം.
ഇമിഗ്രേഷന്‍ അധികാരികള്‍ കുടിയേറിയവര്‍ക്കിടയില്‍ ഉടനെ ഹാജരായി നടപടികള്‍ പൂര്‍ത്തിയാക്കണം എന്ന ലഘുരേഖകള്‍ ഹെലികോപ്റ്ററിലൂടെ വിതരണം ചെയ്തു. ലഘുലേഖയില്‍ ആവശ്യപ്പെട്ടത് പ്രകാരം വെനീസ് വേലക്കാരായ ചിലര്‍ അല്‍പാസോ ഡൗണ്‍ടൗണില്‍ പാസോ ഡെല്‍നോര്‍ടേ ഇന്റര്‍ നാഷനല്‍ ബ്രിഡ്ജിനടുത്തുള്ള കേന്ദ്രത്തിലെത്തി അപേക്ഷിച്ചു. അവരിലൊരാള്‍ ബ്രിട്ടോയ്ക്ക് ഫ്ലോറിഡ വരെ പോകാന്‍ അനുവാദം ലഭിച്ചു. കോടതിയില്‍ ജൂലൈ 2025 ല്‍ ഹാജരാകാന്‍ നിര്‍ദ്ദേശവും ഉണ്ട്.
42 അവസാനിക്കുമ്പോള്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ റിമെയ്ന്‍ ഇന്‍ മെക്‌സിക്കോ നയമാണ് നടപ്പില്‍ വരിക. അമേരിക്കയുടെ സാമ്പത്തിക നില ഭദ്രമല്ലെന്നും സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നീങ്ങുകയാണെന്നും മുന്നറിയിപ്പുകളുണ്ട്. ഗ്യാലപ്പ് പോളുകളില്‍ അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിനും എതിരായ അഭിപ്രായങ്ങള്‍ക്കാണ് വലിയ മുന്‍തൂക്കം.
അതേസമയം, സ്‌കില്‍ഡ്, അണ്‍സ്‌കില്‍ഡ് ലേബറിന് വലിയ ദൗര്‍ലഭ്യവും അനുഭവപ്പെടുന്നുണ്ട്. അനധികൃത, അണ്‍സ്‌കില്‍ഡ് ലേബറേഴ്‌സാണ് അമേരിക്കയെ സുന്ദരമായി നിലനിര്‍ത്തുന്നത് എന്ന് രഹസ്യമായി സമ്മതിക്കുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍, ദിനംപ്രതി വര്‍ധിക്കുന്ന വിലക്കയറ്റം സാമ്പത്തികാവസ്ഥയുടെ മറ്റൊരു മുഖമാണ്. ഏപ്രിലില്‍ കണ്‍സ്യൂമര്‍ പ്രൈസസ് കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് 4.9% കൂടുതലായിരുന്നു എന്ന് ഫെഡിന്റെ പുതിയ കണക്കുകള്‍ പറഞ്ഞു. കോര്‍ പ്രൈസസ് 5.5% വര്‍ധന രേഖപ്പെടുത്തി.
നിത്യോപയോഗ സാധനങ്ങളുടെ വിതരണശൃംഖല നിലയ്ക്കുകയോ മന്ദീഭവിക്കുകയോ ചെയ്തത് ഉപഭോക്താക്കള്‍ക്ക് ആവശ്യ സാധനങ്ങള്‍ ലഭിക്കാതിരിക്കുവാനും വലിയ വില നല്‍കേണ്ടി വരുവാനും കാരണമായി. തുടര്‍ച്ചയായി പത്തു തവണ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുകയില്ല എന്ന് ഫെഡ് പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷമായി അമേരിക്കന്‍ ഉപഭോക്താക്കള്‍ വലിയ വിലക്കയറ്റമാണ് നേരിടുന്നതെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. ഇത് സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണെന്നും അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല