സ്വന്തം ലേഖകൻ: കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചവരെയും അല്ലാത്തവരെയും തിരിച്ചറിയാന്‍ വാക്‌സീന്‍ പാസ്‌പോര്‍ട്ട് നിർബന്ധമാക്കണമെന്ന ആവശ്യം യുഎസിൽ വ്യാപകമാവുന്നു. എന്നാൽ ഈ രേഖ അമേരിക്കയില്‍ നിര്‍ബന്ധമല്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നുണ്ടെങ്കിലും വിമാന കമ്പനികൾ ഉൾപ്പെടെ എല്ലാവരും ഇത് ആവശ്യപ്പെടുന്നു.
കൊറോണ വൈറസ് കുത്തിവയ്പ്പിന്റെ ഡിജിറ്റല്‍ തെളിവ് സുരക്ഷിതമായ രാജ്യാന്തര യാത്രയ്ക്ക് അത്യാവശ്യമാണെന്ന് വിമാന കമ്പനികള്‍ വ്യക്തമാക്കി. കാഥെ പസഫിക് എയര്‍ലൈന്‍സ്, ഹോങ്കോങ്ങില്‍ നിന്ന് ലൊസാഞ്ചലസിലേക്ക് അടുത്തിടെ നടത്തിയ വിമാന യാത്രയില്‍ വാക്‌സിനേഷന്‍ നില കാണിക്കുന്ന ഒരു പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പരീക്ഷിക്കാന്‍ പൈലറ്റുമാരോടും ക്രൂവിനോടും ആവശ്യപ്പെട്ടിരുന്നു.
സ്‌പോര്‍ട്‌സ്, വിനോദ വേദികള്‍ വീണ്ടും തുറക്കുമ്പോള്‍ പങ്കെടുക്കുന്നവരുടെ കോവിഡ് വാക്സിനേഷൻ തെളിവ് ആവശ്യമാണെങ്കില്‍ ഉപയോഗിക്കാൻ ‘എക്‌സല്‍സിയര്‍ പാസ്’ ന്യൂയോര്‍ക്ക് അടുത്തിടെ പുറത്തിറക്കി. വാക്‌സിനേഷന്റെ ഡിജിറ്റല്‍ തെളിവ് അവതരിപ്പിക്കാനുള്ള സൗജന്യവും വേഗതയേറിയതും സുരക്ഷിതവുമായ മാര്‍ഗ്ഗം എന്നാണ് സംസ്ഥാനം പാസിനെ വിശേഷിപ്പിച്ചത്.
അമേരിക്കക്കാരെ ജോലിയിലേക്കും സ്‌പോര്‍ട്‌സിലേക്കും തിരികെ കൊണ്ടുവരുന്നതിനുള്ള ഒരു പ്രധാന ടിക്കറ്റായി ബിസിനസ്സുകളും സ്‌കൂളുകളും രാഷ്ട്രീയക്കാരും വാക്‌സീന്‍ പാസ്‌പോര്‍ട്ടുകളെ പരിഗണിക്കുന്നു. കുത്തിവയ്പ് നല്‍കിയിട്ടുണ്ടെന്ന് ഉറപ്പുനല്‍കുന്നില്ലെങ്കില്‍ വളരെയധികം ഉപയോക്താക്കള്‍ മാറിനില്‍ക്കുമെന്ന് വാൾമാർട്ട് ഉൾപ്പെടെയുള്ള കമ്പനികൾ ആശങ്ക പ്രകടിപ്പിക്കുന്നു.
എന്നാൽ പൗരന്മാരുടെ വാക്‌സിനേഷന്‍ നിലയെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന് ഈ രേഖ കാരണമാകുമെന്ന വാദവുമായി വിമർശകരും രംഗത്തുണ്ട്. പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിന് തെളിവ് ആവശ്യമില്ലെന്ന് വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ പറയുന്നു. വരും ദിവസങ്ങളിൽ ഈ രണ്ട് വാദങ്ങളും ബൈഡൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കുമെന്ന് ഉറപ്പാണ്.
ഒന്റാറിയോ പ്രൊവിൻസിൽ വീണ്ടും സ്റ്റേ അറ്റ് ഹോം ഉത്തരവ് ഇന്നു മുതൽ നിലവിൽ വരും. കൊറോണ വൈറസ് വ്യാപകമായതിനെ തുടർന്നാണു മൂന്നാമതും സ്റ്റേ അറ്റ് ഹോം ഉത്തരവിറക്കേണ്ടി വന്നതെന്ന് പ്രീമിയർ ഡഗ്‍ഫോർഡ് പറഞ്ഞു. 28 ദിവസത്തേക്കാണ് ഉത്തരവ് പ്രാബല്യത്തിലുണ്ടാവുക. ഒന്റാറിയോ പ്രൊവിൻസിൽ ശരാശരി 2800 പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും, ഇതിൽ 18 വയസ്സിനു മുകളിലുള്ളവരെയാണു രോഗം കൂടുതൽ ബാധിക്കുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല