സ്വന്തം ലേഖകന്‍: വേഗതയുടെ രാജകുമാരന്‍ ഉസൈന്‍ ബോള്‍ട്ടിന് അവിസ്മരണീയമായ വിടവാങ്ങല്‍ ഒരുക്കി ജന്മനാടായ ജമൈക്ക. കരീബിയന്‍ ദ്വീപ് രാജ്യമായ ജമൈക്കയുടെ കീര്‍ത്തി ലോകമെങ്ങും ഓടിയെത്തിച്ചാണ് ഉസൈന്‍ ബോള്‍ട്ട് തന്റെ കരിയര്‍ അവസാനിപ്പിക്കുന്നത്. 15 വര്‍ഷം മുമ്പ്, തന്റെ 15 ആം വയസ്സില്‍ ലോകത്തിനു മുന്നിലേക്ക് ഇടിമിന്നലായി അവതരിച്ച അതേ ട്രാക്കില്‍ റേസേഴ്‌സ് ഗ്രാന്‍ഡ് പ്രീ സംഘടിപ്പിച്ചാണ് ജമൈക്ക ഇതിഹാസതാരത്തിന് സ്വന്തം മണ്ണില്‍ യാത്രയയപ്പു നല്‍കുന്നത്.
കിങ്സ്റ്റണിലെ നാഷണല്‍ സ്‌റ്റേഡിയത്തിലെ ട്രാക്കിനെ ഒരിക്കല്‍കൂടി പുളകമണിയിച്ചാണ് അതിവേഗ മനുഷ്യന്‍ മടക്കയാത്ര ആരംഭിക്കുക. എട്ട് ഒളിമ്പിക്‌സ് സ്വര്‍ണവും 11 ലോക ചാമ്പ്യന്‍ഷിപ് സ്വര്‍ണവും മാറിലണിഞ്ഞ് ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാനെന്ന് ഉറപ്പിച്ച ബോള്‍ട്ട് ഇഷ്ട ഇനമായ 100, 200 മീറ്ററുകളില്‍ സ്‌പൈക്കണിഞ്ഞ് ട്രാക്കിലിറങ്ങും.
ഇതിഹാസതുല്യമായ കരിയറിന് 15 വര്‍ഷത്തിനുശേഷം വിടവാങ്ങുമ്പോള്‍ ലോകത്തെ പ്രമ്രുഖ താരങ്ങളും ബോള്‍ട്ടിനെ യാത്രയയക്കാന്‍ ജമൈക്കയിലെത്തുന്നുണ്ട്. പ്രിയ സുഹൃത്തും അത്‌ലറ്റുമായ ജെര്‍മെയ്ന്‍ മാസന്റെ വിയോഗം ഏറെ തളര്‍ത്തിയെങ്കിലും തയാന്‍ ശരീരികവും മാനസീകവുമായി തയാറായതായി ബോള്‍ട്ട് പറഞ്ഞു. മത്സരങ്ങളോട് വിടപറഞ്ഞാലും ട്രാക്കിനൊപ്പം ഉണ്ടാകണമെന്നാണ് ആശ്രഹമെന്നും ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു.
തന്റെ കന്നി മത്സരത്തില്‍ 200 മീറ്റര്‍ ശബ്ദാതീത വേഗമായ 20.16 സെക്കന്‍ഡില്‍ പിന്നിട്ടപ്പോള്‍ തുടങ്ങിയ ആ ഐതിഹാസിക കായിക ജീവിതത്തിന് തിരശീല വീഴുമ്പോള്‍ എട്ട് ഒളിമ്പിക്‌സ് സ്വര്‍ണ്ണവും 11 ലോക ചാമ്പ്യന്‍ഷിപ്പ് കിരീടവും ബോള്‍ട്ടിന് സ്വന്തം. തനിക്കു വേണ്ടി ആര്‍ത്തു വിളിക്കുന്ന 30,000 ത്തിലേറെ നാട്ടുകാരെ സാക്ഷിനിര്‍ത്തി ആ ട്രാക്കിലേക്ക് വീണ്ടുമിറങ്ങുകയാണ് ജമൈക്കയുടെ സ്വന്തം ബോള്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല