സ്വന്തം ലേഖകന്‍: ലണ്ടനില്‍ ഡ്രൈവിംഗിനിടെ മൈബൈല്‍ ഉപയോഗിക്കുന്നവരെ കുടുക്കാന്‍ വലവിരിച്ച് പോലീസ്, പിടിവീണാല്‍ ലൈസന്‍സിന്റെ ആറു പോയിന്റും 200 പൗണ്ടും നഷ്ടം. ഡ്രൈവിംങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പോലീസ് പരിശോധന കര്‍ശനമാക്കിയത്. നിലവില്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗം കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ടെങ്കിലും നിരവധി പേര്‍ നിയമം തെറ്റിച്ച് വണ്ടിയോടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
മാര്‍ച്ച് ഒന്നു മുതല്‍ നിലവില്‍ വന്ന നിയന്ത്രണം പ്രകാരം ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ ലൈസന്‍സിന്റെ ആറു പോയിന്റ് നഷ്ടപ്പെടുത്താനും 200 പൗണ്ട് പിഴ ഈടാക്കാനും കഴിയും. ലൈസന്‍സ് ലഭിച്ച് രണ്ടു വര്‍ഷം തികയാത്തവര്‍ക്ക് ലൈസന്‍സ് റദ്ദാകാനും ഇതു കാരണമാകും. അത്തരക്കാര്‍ വീണ്ടും ലൈന്‍സസിനായി അപേക്ഷിച്ച് നടപടക്രമങ്ങളിലൂടെ കടന്നുപോകേണ്ടിവരും.
ട്രാഫിക് ലൈറ്റില്‍ വാഹനം നിര്‍ത്തിയിട്ടിരിക്കുമ്പോഴും മൊബൈല്‍ ഉപയോഗിക്കുന്നതിന് മാര്‍ച്ച് ഒന്നു മുതല്‍ വിലക്കുണ്ട്. ഇത്തരക്കാരെ പിടിക്കാന്‍ മഫ്തിയിലാണ് പൊലീസ് പരിശോധനക്കെത്തുന്നത്. ബ്ലൂ ടൂത്ത്, ഹെഡ് ഫോണ്‍ തുടങ്ങിയ ഹാന്‍ഡ് ഫ്രീ സംവിധാനങ്ങളിലൂടെയും ഡ്രൈവിംങ്ങിനിടെ കോളുകള്‍ സ്വീകരിക്കാനോ വിളിക്കാനോ പാടില്ല. നാവിഗേഷന്‍ സംവിധാനത്തിനായി 45 ഡിഗ്രിയില്‍ ഹോള്‍ഡറില്‍ ഫോണ്‍ സൂക്ഷിക്കാം. എന്നാല്‍ യാത്ര തുടങ്ങും മുമ്പേ നാവിഗേറ്റര്‍ സെറ്റ് ചെയ്തിരിക്കണം. ഇടയ്ക്ക് റീസെറ്റ് ചെയ്യണമെങ്കില്‍ സുരക്ഷിതമായി പാര്‍ക്കുചെയ്ത് എന്‍ജിന്‍ ഓഫാക്കണം. ഫോണ്‍ ലൌഡ് സ്പീക്കറില്‍ ഇട്ട് സംസാരിക്കാന്‍ പാടില്ല എന്നിങ്ങനെ ഒട്ടേറെ കര്‍ശന നിര്‍ദ്ദേശങ്ങളാണ് മാര്‍ച്ച് ഒന്നു മുതല്‍ നിലവില്‍ വന്നിരിക്കുന്നത്.
എന്‍ജിന്‍ ഓണായിരിക്കുന്ന ഘട്ടത്തില്‍ 999 അല്ലെങ്കില്‍ 112 നമ്പരുകളിലേക്ക് വിളിക്കാന്‍ മാത്രമേ ഫോണ്‍ ഉപയോഗിക്കാവൂ. കോളെടുക്കാനായി വാഹനം സൈഡില്‍ ഒതുക്കിയാല്‍ മാത്രം പോരാ, ഓഫാക്കണമെന്നും നിബന്ധനയുണ്ട്. ഡ്രൈവര്‍മാര്‍ മൊബൈല്‍ ഉപയോഗിക്കുന്നതുമൂലമുള്ള അപകടങ്ങള്‍ ദിവസംതോറും ഏറിവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കനത്ത ശിക്ഷാ നടപടികളുമായി എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല