1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2017

സ്വന്തം ലേഖകന്‍: ഷെഹനായ് മാന്ത്രികന്‍ ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹനായികള്‍ അടിച്ചുമാറ്റിയ കൊച്ചുമകന്‍ പിടിയില്‍. ഉത്തര്‍പ്രദേശ് പ്രത്യേക കര്‍മസേനയാണ് ബിസ്മില്ലാ ഖാന്റെ കൊച്ചുമകന്‍ നസറേ ഹുസൈന്‍, ശങ്കര്‍ സേത്, സുജിത് സേത് എന്നിവരെ അറസ്റ്റ് ചെയ്തത്. അമൂല്യമായ വാദ്യോപകരണങ്ങളുടെ വെള്ളി ഭാഗം ഉരുക്കി മാറ്റിയ നിലയില്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

വെള്ളികൊണ്ടുണ്ടാക്കിയ നാല് ഷെഹനായികളും മരംകൊണ്ടുള്ള ഒരു ഷെഹാനായിയുമാണ് ബിസ്മില്ലാ ഖാന്റെ മകന്‍ കാസിം ഹുസ്സൈന്റെ വീട്ടില്‍നിന്ന് മോഷണം പോയത്. ഡിസംബര്‍ മാസത്തിലാണ് മോഷണം നടന്നത്. ഈ സംഭവത്തില്‍ വരാണസി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. തുടര്‍ന്നാണ് ഒരു ആഭരണ നിര്‍മാണ ശാലയില്‍നിന്ന് ഉരുക്കിയ നിലയില്‍ വെള്ളി ഷെഹനായികള്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

കാസിം ഹുസ്സൈന്റെ മകന്‍ നസറേ ഈ ഷെഹനായികള്‍ ഉരുക്കി വെള്ളി എടുക്കുന്നതിനായി ആഭരണ നിര്‍മാതാക്കളുടെ അടുത്ത് എത്തിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇത്തരത്തില്‍ ഉരുക്കിയെടുത്ത ഒരു കിലോ വെള്ളിയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നസറേ ഈ ഷെഹനായികള്‍ 17,000 രൂപയ്ക്കാണ് ആഭരണ വ്യാപാരികള്‍ക്ക് വിറ്റത്.

മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ എന്നിവര്‍ ഉസ്താദ് ബിസ്മില്ലാ ഖാന് സമ്മാനിച്ച ഷെഹ്നായികളാണ് ഇവ. പ്രത്യേക അവസരങ്ങളില്‍ തടിയും വെള്ളിയും കൊണ്ടു നിര്‍മിച്ച ഷെഹ്നായി അദ്ദേഹം വായനയ്ക്കായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.

2006 ലാണ് ബിസ്മില്ലാ ഖാന്‍ അന്തരിച്ചത്. അദ്ദേഹത്തിനായി ഉചിതമായ സ്മാരകം പണിയണമെന്നും ഷെഹ്നായികള്‍ ഉള്‍പ്പെടെ അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുവകകള്‍ മ്യൂസിയത്തിലേക്കു മാറ്റണമെന്നും കുടുംബത്തിന്റെ ദീര്‍ഘനാളായുള്ള ആവശ്യങ്ങളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.