സ്വന്തം ലേഖകൻ: ഉത്ര വധക്കേസില്‍ ഡമ്മി പരീക്ഷണവുമായി അന്വേഷണ സംഘം. മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് ഡമ്മിയില്‍ കടിപ്പിച്ചാണ് അന്വേഷണ സംഘത്തിന്റെ പരീക്ഷണം. പാമ്പ് ഒരാളെ സ്വയം കടിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും വ്യത്യസ്തമായിരിക്കും. ഇത് തെളിയിക്കാനാണ് മൂര്‍ഖനേയും ഡമ്മിയേയും വെച്ച് പരീക്ഷണം നടത്തിയത്.
150 സെ.മി നീളമുള്ള മൂര്‍ഖന്‍ പാമ്പാണ് ഉത്രയെ കടിച്ചത്. ഈ നീളത്തിലുള്ള ഒരു പാമ്പ് കടിച്ചാല്‍ 1.7 സെ. മീ നീളമുള്ള മുറിവാണ് ശരീരത്തില്‍ സാധാരണ ഉണ്ടാവുക. എന്നാല്‍ ഉത്രയുടെ ശരീരത്തില്‍ 2.5 ഉം 2.8 ഉം നീളമുള്ള രണ്ട് മുറിവുകളാണ് ഉണ്ടായിരുന്നത്. പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിച്ചാല്‍ മാത്രമേ ഇത്രയും വലിയ പാടുകള്‍ വരികയുള്ളു എന്ന ശാസ്ത്രീയ നിഗമനത്തിലാണ് മൂന്ന് പാമ്പുകളെ ഉപയോഗിച്ച് പരീക്ഷണം നടത്തിയത്.
കൊല്ലത്തെ അരിപ്പ വനംവകുപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചായിരുന്നു പരീക്ഷണം. മൂന്ന് പാമ്പുകളെ ഉപയോഗിച്ച് ഡമ്മിയില്‍ കടിപ്പിക്കുകയായിരുന്നു. കൊല്ലം മുന്‍ റൂറല്‍ എസ്.പി ഹരിശങ്കറിന്റെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. കോടതിയില്‍ തെളിവായി പ്രോസിക്യൂഷന് ഈ ദൃശ്യങ്ങളും സമര്‍പ്പിച്ചിരുന്നു. കേസില്‍ വിധി ഉടന്‍ ഉണ്ടായേക്കും. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ വിധി പ്രഖ്യാപന തീയതി കോടതി പറയാനാണ് സാധ്യത. കേസിന്റെ അന്തിമവാദം നേരത്തെ പൂര്‍ത്തിയായിരുന്നു.
കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് മുന്‍പാകെയാണ് ഉത്രകേസിന്റെ വാദം പൂര്‍ത്തിയായത്. വിചാരണയ്ക്കിടയില്‍ പ്രോസിക്യൂഷന് ഭാഗത്തുനിന്നു 87 സാക്ഷികളെയും 289 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. പ്രതിഭാഗം മൂന്നു സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും 3 സി.ഡിയും ഹാജരാക്കി.
അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍ വിജയസേനന്റെ മകള്‍ ഉത്ര 2020 മേയ് ആറിനാണ് പാമ്പു കടിയേറ്റു മരിച്ചത്. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. മൂന്നാമത്തെ ശ്രമത്തിലാണ് ഉത്ര മരിച്ചത്. 2020 മാര്‍ച്ച് രണ്ടിന് അണലിയെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അന്നു കടിയേറ്റു മൂന്നര മണിക്കൂറിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. 56 ദിവസം ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഉത്ര അഞ്ചല്‍ ഏറത്തെ വീട്ടില്‍ കഴിയുമ്പോഴാണു മൂര്‍ഖന്റെ കടിയേറ്റത്. ആദ്യ ശ്രമം നടന്നതു കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 29നു ആയിരുന്നു. കോവണിപ്പടിയില്‍ പാമ്പിനെ ഇട്ടെങ്കിലും അന്നു ഉത്രയെ കടിച്ചില്ല.
പാമ്പു പിടുത്തക്കാരനായ കല്ലുവാതുക്കല്‍ ചാവരുകാവ് സ്വദേശി സുരേഷില്‍ നിന്നാണു സൂരജ് മൂര്‍ഖന്‍ പാമ്പിനെ വാങ്ങിയത്. സുരേഷ് മാപ്പു സാക്ഷിയാണ്. പ്രതിയായ സൂരജും മാപ്പുസാക്ഷി സുരേഷും ജയിലില്‍ കഴിയുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല