1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2021

സ്വന്തം ലേഖകൻ: ഉത്ര വധക്കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷ. പ്രതിയുടെ പ്രായവും മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും പരിഗണിച്ചാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 5 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജാണു വിധി പ്രസ്താവിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നു കോടതി പറഞ്ഞു. വിവിധ കുറ്റങ്ങളില്‍ പത്തും ഏഴും വര്‍ഷം ശിക്ഷ അനുഭവിച്ചതിനു ശേഷമേ ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി.

ശിക്ഷാവിധി കേള്‍ക്കാന്‍ ഉത്രയുടെ പിതാവും സഹോദരനും കോടതിയില്‍ എത്തിയിരുന്നു. ശിക്ഷാവിധിയില്‍ തൃപ്തരല്ലെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഉത്രയുടെ അമ്മ. ശിക്ഷാ നിയമത്തിലെ പിഴവുകളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നത്. കൂടുതൽ ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും ഉത്രയുടെ അമ്മ പ്രതികരിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും സൂരജിന് വധശിക്ഷ വിധിക്കണമെന്നു പ്രോസിക്യൂക്ഷന്‍ ആവശ്യപ്പെട്ടിരുന്നു.

വധശിക്ഷയ്ക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് കുറ്റങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്‌തെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 ( കൊലപാതകം), 307 (വധശ്രമം), 328 (വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതകം), 201 (തെളിവ് നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണു പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചത്.

ശാസ്ത്രീയ തെളിവുകളോടെ കുറ്റമറ്റ അന്വേഷണവും പ്രോസിക്യൂഷന്റെ ശക്തമായ വാദങ്ങളുമാണ് ഉത്രകേസിനെ ബലപ്പെടുത്തിയത്. അഞ്ചല്‍ ഏറം ‘വിഷു’വില്‍ (വെള്ളശ്ശേരില്‍) വിജയസേനന്റെ മകള്‍ ഉത്രയ്ക്കു 2020 മേയ് ആറിനു രാത്രിയാണു പാമ്പുകടിയേറ്റത്. ഏഴിനു പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.