സ്വന്തം ലേഖകൻ: ഉത്ര വധക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ഉത്രയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് സൂരജ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. നേരത്തേ തന്നെ പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ് കൊല നടത്തിയതെന്ന് സൂരജ് പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചുവെന്നത് സംബന്ധിച്ച് പാമ്പ് വിദഗ്ദർ ചില സംശയങ്ങൾ ഉയർത്തിയിരുന്നു
അതേസമയം സൂരജിന്റെ പുതിയ വെളിപ്പെടുത്തലോടെ കേസിലെ നിർണായകമായ ചോദ്യത്തിനാണ് ഉത്തരമായിരിക്കുന്നത്. ഉത്രയുടെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് സൂരജ് മുഴുവൻ കാര്യങ്ങളും തുറന്ന് പറഞ്ഞത്.
ഇന്ന് രാവിലെയായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ സൂരജിനെ ഉത്രയുടെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നുവെന്ന കാര്യം സ്ഥിരീകരിക്കുന്നതിന്റെ ഭാഗാമയിട്ടായിരുന്നു തെളിവെടുപ്പ്. ജനരോഷം ഉണ്ടായേക്കുമെന്ന് കണക്കിലെടുത്ത് കനത്ത സുരക്ഷയായിരുന്നു ഇവിടെ ഏർപ്പെടുത്തിയത്.
വലിയ സംഘം പോലീസുകാർ തന്നെ ഉത്രയുടെ വീട്ടിൽ നിലയുറപ്പിച്ചിരുന്നു. സൂരജിനെ എത്തിച്ചതോടെ ജനരോഷം ഇരമ്പി. ജനങ്ങൾ സൂരജിനെ അസഭ്യ വർഷത്തോടെയാണ് വരവേറ്റത്. പെൺകുട്ടിയെ കൊണ്ടുപോയി കൊന്നില്ലേയെന്ന് ചിലർ ആക്രോശിച്ചു. ജനങ്ങൾ അക്രമാസക്തരാകും എന്നായതോടെ ഉദ്യോഗസ്ഥർ വളരെ പെട്ടെന്ന് തന്നെ സൂജിനേയും കൂട്ടി വീടിനകത്തേക്ക് കടന്നു.
ഉത്രയുടെ മുറിയിലാണ് തെളിവെടുപ്പ് നടത്തിയത്. ഇവിടെ വെച്ചാണ് കൊലയുടെ വിശദാംശങ്ങൾ സൂരജ് വനംവകുപ്പ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.ജാറിലായിരുന്നു പാമ്പിനെ കൊണ്ടുവന്നതെന്നും എന്നാൽ ഉത്രയുടെ ദേഹത്തേക്ക് പാമ്പിനെ ഇട്ടെങ്കിലും അത് കൊത്തിയില്ലെന്നും സൂരജ് പറഞ്ഞു. ഇതോടെ ഉത്രയുടെ കൈ പാമ്പിനെ കൊണ്ട് വന്ന ജാർ കൊണ്ട് സൂരജ് പൊക്കി. ഈ സമയത്താണ് പാമ്പ് കൊത്തിയതെന്ന് സൂരജ് പറഞ്ഞു.
മാർച്ച് രണ്ടിനാണ് ഉത്രയെ അണലിയെ കൊണ്ട് കടുപ്പിച്ചതെന്ന് സൂരജ് വനംവകുപ്പിനോട് സമ്മതിച്ചു. അടരിലെ വീട്ടിലെത്തിയാണ് പാമ്പ് പിടുത്തക്കാരൻ സുരേഷ് പാമ്പിനെ കൈമാറിയത്. ഫെബ്രുവരി 27 നാണ് സുരേഷ് അണലിയെ വീട്ടിലെത്തിച്ച് നൽകിയതെന്നും സൂരജ് സംഘത്തോട് പറഞ്ഞു. പാമ്പിനെ തല്ലിക്കൊന്ന് കുഴിച്ച് മൂടിയ സ്ഥലം, പാമ്പിനെ കൊണ്ട് വന്ന് ഒളിപ്പിച്ച വീട് എന്നിടത്തെല്ലാം സൂരജിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ ദിവസങ്ങളിൽ സൂരജിന്റെ പാറക്കോട്ടെ വീട്ടിലും പാമ്പിനെ കൈമാറിയ നാത്തും വനംവകുപ്പ് തെളിവെടുപ്പ് നടത്തിയിരുന്നു. കൂടാതെ പാമ്പ് പിടിത്തക്കാരൻ സുരേഷ് പാമ്പുകളെ പിടികൂടിയ സ്ഥലത്തും തെളിവെടുപ്പ് നടന്നു.അതേസമയം ഉത്രയെ ആദ്യം കടിപ്പിച്ച് കൊല്ലാൻ ഉപയോഗിച്ച അണലിയെ സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചു.
മാർച്ച് 24 നായിരുന്നു ഉത്ര കൊലക്കേസിൽ സൂരജിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഉത്രയുടെ അയൽവാസിയായ പൊതുപ്രവർത്തകന് തോന്നിയ ചില സംശങ്ങളായിരുന്നു സൂരജിന്റെ അറസ്റ്റിലേക്ക് നയിച്ചത്. മെയ് 7 നായിരുന്നു പാമ്പ് കടിയേറ്റ് ഉത്ര മരിച്ചത്. എന്നാൽ രണ്ട് തവണ പാമ്പ് കടിച്ചതും ചികിത്സ തേടിയതുമാണ് സംശയത്തിന് വഴിവെച്ചത്.തുടർ അന്വേഷണത്തിൽ സ്വത്ത് തട്ടിയെടുക്കാൻ ഉദ്ദേശിച്ചാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് പോലീസിനോട് സൂരജ് സമ്മതിക്കുകകായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല