1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2015

സ്വന്തം ലേഖകന്‍: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുവീരന്‍ ഉതുപ്പ് വര്‍ഗീസിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സിബിഐ നീക്കം തുടങ്ങി. കുവൈത്ത് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയായ ഉതുപ്പ് വര്‍ഗീസ് ഇപ്പോള്‍ യുഎഇയില്‍ കസ്റ്റഡിയിലാണ്. ഉതുപ്പിനെ യുഎഇയില്‍വെച്ച് പ്രാഥമിക വിചാരണ നടത്താന്‍ കൊച്ചിയില്‍ നിന്നുള്ള സി.ബി.ഐ സംഘം അബൂദാബിയിലേക്ക് പോകും.

ഉതുപ്പിനെതിരെ ചുമത്തിയൊരിക്കുന്ന കുറ്റങ്ങളെകുറിച്ച് വിവരങ്ങള്‍ കൈമാറിയാല്‍ മാത്രമെ പ്രതിയെ യു.എ.ഇ ഇന്ത്യക്ക് കൈമാറുകയുള്ളൂ. ഇതിനായി ഉതുപ്പിനെകുറിച്ചുള്ള വിവരങ്ങള്‍ അറബിയിലേക്ക് തര്‍ജമ ചെയ്യുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. രാജ്യാന്തര നിയമനടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതിയെ ഇന്ത്യയിലെ ത്തിക്കാന്‍ രണ്ടാഴ്ച മുതല്‍ എട്ട് മാസം വരെ സമയം വേണ്ടിവരും.

അതിനിടെ, ഉതുപ്പ് വര്‍ഗീസ് ഹവാല വഴി യു.എ.ഇയിലേക്ക് കടത്തിയ 400 കോടി രൂപയുടെ കണക്കുകള്‍ ആദായ നികുതി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ശേഖരിച്ചു. ഉതുപ്പിന്റെ ഉടമസ്ഥതയിലുള്ള അല്‍സറാഫ മാന്‍പവര്‍ ഏജന്‍സിയുടെ എം.ജി റോഡിലെ ഓഫിസില്‍ നടത്തിയ റെയ്ഡില്‍ 5.5 കോടി രൂപ മാത്രമാണ് എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തത്.

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് അന്വേഷിക്കുന്ന സി.ബി.ഐയുടെ അപേക്ഷയെ തുടര്‍ന്ന് ജൂലൈ 29ന് ഇന്റര്‍പോള്‍ ഉതുപ്പ് വര്‍ഗീസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്റര്‍പോള്‍ വെബ്‌സൈറ്റിലെ വാണ്ടഡ് പേഴ്‌സന്‍സ് വിഭാഗത്തില്‍ ഇയാളെക്കുറിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തുടര്‍ന്ന് ഉതുപ്പ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളി. നേരത്തേ കേരള ഹൈകോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. 1200 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കരാറാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം അല്‍സറാഫ ഏജന്‍സിയുമായി ഉണ്ടാക്കിയിരുന്നത്. സര്‍ക്കാര്‍ വ്യവസ്ഥപ്രകാരം സേവന ഫീസായി ഒരാളില്‍ നിന്ന് 19,500 രൂപ മാത്രമേ ഇടക്കാന്‍ പാടുള്ളൂ. എന്നാല്‍, അല്‍സറാഫ ഒരാളില്‍ നിന്ന് 19.5 ലക്ഷത്തോളം രൂപ ഈടാക്കിയതായാണ് പരാതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.