സ്വന്തം ലേഖകന്‍: നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പു കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസ് യുഎഇയില്‍ പിടിയിലായി. ഇന്റര്‍പോളാണ് ഉതുപ്പിനെ അറസ്റ്റ് ചെയ്തത്. നഴ്സുമാരെ റിക്രൂട്ട് ചെയ്ത് കോടികളുടെ തട്ടിപ്പുനടത്തിയ കേസിലാണ് അല്‍സറാഫ് ഏജന്‍സിയുടമ ഉതുപ്പ് വര്‍ഗീസിനെ അറസ്റ്റ് ചെയ്തത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി നടത്തിയ നീക്കങ്ങള്‍ വിജയിച്ചതോടെയാണ് രാജ്യാന്തര അന്വേഷണ ഏജന്‍സിയുടെ വാണ്ടഡ് ലിസ്റ്റില്‍ ഉതുപ്പിനെ ഉള്‍പ്പെടുത്തിയത്. വാണ്ടഡ് ലിസ്റ്റില്‍ ഉതുപ്പ് വര്‍ഗീസിന്റെ ചിത്രങ്ങളും പൂര്‍ണ മേല്‍വിലാസവും ചേര്‍ത്തിരുന്നു.
വിദേശതൊഴില്‍ നിയമനത്തിന്റെ മറവില്‍ ഗൂഡാലോചന നടത്തി നിരവധിപ്പേരെ വഞ്ചിച്ചെന്നും അഴിമതി നിരോധന നിയമപ്രകാരം ഇന്ത്യയില്‍ അന്വേഷണ ഏജന്‍സികള്‍ ഇയാളെ തേടി വരികയാണെന്നു ഇന്റര്‍പോള്‍ രേഖകള്‍ പറയുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയതോടെയാണ് വിദേശത്തുളള ഉതുപ്പ് വര്‍ഗീസിനെ രാജ്യത്തെത്തിക്കാനുളള ശ്രമങ്ങള്‍ തുടങ്ങിയത്. ഇയാള്‍ കുവൈറ്റിലുണ്ടെന്നും ഇടയ്ക്ക് ദുബായില്‍ പോയി വരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലേക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിന്റെ മറവില്‍ 300 കോടിയോളം രൂപ അനധികൃതമായി സമ്പാദിച്ച് ഹവാല ഇടപാടിലൂടെ വിദേശത്തെത്തിച്ചെന്നാണ് കേസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല