സ്വന്തം ലേഖകൻ: നീണ്ടപത്തു ദിവസത്തെ ആശങ്കയ്ക്കൊടുവില്‍ ഉത്തര്‍കാശിയില്‍നിന്ന് ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന വാര്‍ത്തയും ദൃശ്യങ്ങളും. സില്‍കാരയിലെ ദേശീയപാതയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍കുടുങ്ങിയ 41 തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവന്നു. തുരങ്കത്തിനുള്ളിലേക്ക് എന്‍ഡോസ്‌കോപ്പിക് ഫ്‌ളെക്‌സി ക്യാമറ എത്തിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുരങ്കത്തില്‍ കുടുങ്ങിയവരുമായി രക്ഷാപ്രവര്‍ത്തകസംഘം സമ്പര്‍ക്കം പുലര്‍ത്താന്‍ നടത്തിയ ശ്രമങ്ങളാണ് വിജയം കണ്ടത്. വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു.
ആദ്യ വഴിത്തിരിവുണ്ടായതായും 53 മീറ്റര്‍ നീളമുള്ള പൈപ്പ് തകര്‍ന്ന തുരങ്കത്തിന്റെ അവശിഷ്ടങ്ങളുടെ മറുവശത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞതായും എന്‍.എച്ച്.ഐ.ഡി.സി.എല്‍. ഡയറക്ടര്‍ അന്‍ഷു ഖാല്‍കോ തിങ്കളാഴ്ച പറഞ്ഞിരുന്നു. കുടുങ്ങിയ തൊഴിലാളികള്‍ക്ക് തങ്ങളെ കേള്‍ക്കാന്‍ സാധിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. തൊഴിലാളികള്‍ സുരക്ഷിതരായി തുടരുന്നുവെന്ന് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. രക്ഷാപ്രവര്‍ത്തനം ഫലം കാണുന്നതിനും തൊഴിലാളികള്‍ സുരക്ഷിതരായി പുറത്തുവരുന്നതിനുമായി കാത്തിരിക്കുകയാണ് നാടും കുടുംബങ്ങളും.
നവംബര്‍ 12 ഞായറാഴ്ച പുലര്‍ച്ചെ 5.30-നായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടാവുന്നത്. ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം ഭാഗികമായി തകര്‍ന്നു. നാലര കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിന്റെ 150 മീറ്റര്‍ ഭാഗമാണ് തകര്‍ന്നുവീണത്. 41 ജീവനുകള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങി. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പ്രതീക്ഷിച്ചപ്പോലെ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ സാധിച്ചില്ല. 10-ാം ദിവസവും തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ തന്നെ… തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ ആശങ്കയോടെ പ്രദേശത്ത് തുടര്‍ന്നു.
ടണലിനുള്ളില്‍ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഡ്രില്‍ ഉപയോഗിച്ച് ദ്വാരം ഉണ്ടാക്കി സ്റ്റീല്‍ പൈപ്പ് കടത്തിവിടാനും ഇതുവഴി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താനും ആദ്യശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതിനിടയില്‍ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായത് ആശങ്ക പരത്തി. തുരങ്കത്തില്‍ പെട്ടവര്‍ക്ക് പനി ഉള്‍പ്പെടെയുള്ള ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടതും പരിഭ്രാന്തിക്ക് കാരണമായി. യുഎസ് നിര്‍മിത ഡ്രില്ലിങ് ഉപകരണമായ ‘അമേരിക്കന്‍ ആഗര്‍’ എത്തിച്ച് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും മെഷിന്‍ സ്തംഭിച്ചത് പ്രവര്‍ത്തനത്തെ ബാധിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്കുള്ളില്‍ 24 മീറ്റര്‍ തുരന്നതിനുശേഷമാണ് യന്ത്രത്തിന് കേടുപാടുകള്‍ സംഭവിച്ച് പ്രവര്‍ത്തനം നിലച്ചത്. ശനിയാഴ്ച മധ്യപ്രദേശിലെ ഇന്ദോറില്‍നിന്ന് 22 ടണ്‍ വരുന്ന പുതിയ ഡ്രില്ലിങ് മെഷീന്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. അഞ്ചാമത്തെ ഉരുക്കുകുഴല്‍ സ്ഥാപിക്കുന്നതിനിടെ ഉഗ്രശബ്ദമുണ്ടായതോടെ വീണ്ടും മണ്ണിടിയുന്നുവെന്ന ആശങ്കയെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു. തുടര്‍ന്ന് മുകള്‍ ഭാഗത്തുനിന്ന് 1000 മീറ്റര്‍വരുന്ന ബദല്‍പാത തുരക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് അഞ്ചിന കര്‍മപദ്ധതി ആവിഷ്‌കരിച്ച് പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി.
കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും ഞായറാഴ്ച ടണല്‍ തകര്‍ന്ന സ്ഥലം സന്ദര്‍ശിച്ചിരുന്നു. അതിപരിസ്ഥിതിലോല മേഖലയായതിനാല്‍ രക്ഷാപ്രവര്‍ത്തനം വെല്ലുവിളി നിറഞ്ഞതാണെന്നും തൊഴിലാളികളെ പുറത്തെത്തിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും പരീക്ഷിക്കുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പു നല്‍കി. മെഷീനുകള്‍ കൃത്യമായി പ്രവര്‍ത്തിച്ചാല്‍ രണ്ട്-രണ്ടര ദിവസംകൊണ്ട് തൊഴിലാളികളെ മുഴുവന്‍ പുറത്തെത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല