സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡിൽ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി അഞ്ച് വിധത്തിലുള്ള കര്‍മപദ്ധതിക്ക് അന്തിമരൂപം നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വിദഗ്ധരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സാധ്യതകള്‍ പരിശോധിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.
മൂന്ന് വശങ്ങളില്‍ നിന്ന് തുരന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ അഞ്ച് ഏജന്‍സികള്‍ പങ്കെടുക്കുമെന്ന് ഗതാഗത, ഹൈവേ സെക്രട്ടറി അനുരാഗ് ജെയിന്‍ പറഞ്ഞു. തൊഴിലാളികളുടെ വിലപ്പെട്ട ജീവന്‍ രക്ഷിക്കുന്നതിനായി സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒ.എന്‍.ജി.സി.), സത്ലജ് ജല്‍ വിദ്യുത് നിഗം(എസ്.ജെ.വി.എന്‍.എല്‍.), റെയില്‍ വികാസ് നിഗം ലിമിറ്റഡ് (ആര്‍.വി.എന്‍.എല്‍.), നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എന്‍.എച്ച്.ഐ.ഡി.സി.എല്‍.), തെഹ്രി ഹൈഡ്രോ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ടി.എച്ച്.ഡി.സി.എല്‍.) എന്നിവയ്ക്കാണ് ചുമതല. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനും (ബി.ആര്‍.ഒ.) ഇന്ത്യന്‍ ആര്‍മിയുടെ കണ്‍സ്ട്രക്ഷന്‍ വിഭാഗവും രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുരങ്കത്തിന്റെ മുകളില്‍നിന്ന് കുത്തനെ തുരക്കുന്ന പ്രവൃത്തികള്‍ എസ്.ജെ.വി.എന്‍.എല്‍. ആണ് ചെയ്യുന്നത്. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ അപ്രോച്ച് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന് ശേഷം അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനുള്ള വെര്‍ട്ടിക്കല്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആര്‍.വി.എന്‍.എല്‍ നടത്തും.
ബാര്‍ക്കോട്ട് ഭാഗത്തുനിന്ന് തുരക്കുന്നതിനുള്ള പ്രാഥമിക ജോലികള്‍ ഒ.എന്‍.ജി.സി. ആരംഭിച്ചിട്ടുണ്ട്. സില്‍കാര ഭാഗത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയതിനുശേഷം എന്‍.എച്ച്.ഐ.ഡി.സി.എല്‍. അവിടം തുരക്കുന്നത് തുടരും. ബാര്‍കോട്ടില്‍ നിന്നുള്ള മൈക്രോ ടണലിങ് ജോലികള്‍ ടി.എച്ച്.ഡി.സി.എല്‍. ചെയ്യും.
ഇതിനിടെ, കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും ഇന്നലെ ടണല്‍ തകര്‍ന്ന സ്ഥലം സന്ദര്‍ശിച്ചു. അതിപരിസ്ഥിതിലോല മേഖലയായതിനാല്‍ രക്ഷാപ്രവര്‍ത്തനം വെല്ലുവിളി നിറഞ്ഞതാണെന്നും തൊഴിലാളികളെ പുറത്തെത്തിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും പരീക്ഷിക്കുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല