ബാല സജീവ് കുമാര്‍ ( യുക്മ PRO)
യുക്മ നാഷണല്‍ ജനറല്‍ ബോഡിയും നാഷണല്‍ ഇലക്ഷനും ഓഗസ്റ്റ് 12ന് കേംബ്രിഡ്ജില്‍ നടത്തുമെന്ന് നാഷണല്‍ എക്സിക്യുട്ടിവ് കമ്മിറ്റി ഇലക്ഷന്റെ ചാര്‍ജ്ജു നല്കി അധികാരപ്പെടുത്തിയിട്ടുള്ള അഡ്വ. ഫ്രാന്‍സീസ് മാത്യു കവളക്കാട്ടിലിന്റെ അഭാവത്തില്‍ സഹ ചുമതല ഉള്ള നാഷണല്‍ സെക്രട്ടറി അബ്രഹാം ലുക്കോസ് പ്രസ്താവിച്ചു.
യുക്മയുടെ സുപ്രധാന നാഷണല്‍ പരിപാടികള്‍ക്കെല്ലാം വേദിയായിട്ടുള്ള ബെര്മിംഗ്ഹാമില്ത്തന്നെ ഇത്തവണത്തെ ഇലക്ഷനും നടത്താന്‍ തീരുമാനം എടുത്തിരുന്നുവെങ്കിലും എല്ലാ നാഷണല്‍ പരിപാടികളും ഒരേ വേദിയില്‍ ത്തന്നെ നടത്തുന്നതിന്റെ ആവര്‍ത്തന വിരസത ഒഴിവാക്കുന്നതിനാണ് എല്ലാവര്ക്കും എത്തിച്ചേരാന്‍ സൗകര്യപ്രദമായ കേംബ്രിഡ്ജിലേക്ക് വേദി മാറ്റുന്നതിന് കാരണമായി പറയുന്നത്.
കേംബ്രിഡ്ജ് Arbury Communtiy Cetnre ( Campkin Road, Cambridge, CB42LD) ല്‍ ഉച്ച തിരിഞ്ഞു ഒരു മണിക്ക് ആരംഭിക്കുന്ന നാഷണല്‍ ജനറല്‍ ബോഡിയില്‍ നാഷണല്‍ സെക്രട്ടറി പോയ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും അതിനുശേഷം വരവ് ചെലവ് കണക്കുകളും അവതരിപ്പിക്കുകയും ജനറല്‍ ബോഡി യുടെ അംഗീകാരം തേടുകയും ചെയ്യും. അതിനുശേഷം നിലവിലുള്ള ഭരണസമിതി പിരിച്ചുവിട്ട് പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിനു ഇലക്ഷന് പ്രക്രിയ ആരംഭിക്കും. യുക്മ പ്രതിനിധികളായി മെമ്പര്‍ അസോസിയേഷനുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവര്ക്ക് മാത്രമേ ഇവിടെ പ്രവേശനം ഉണ്ടായിരിക്കുകയുള്ളു.
യുക്മ നാഷണല്‍ ജനറല്‍ ബോഡിക്കും ഇലക്ഷനും മുന്നോടിയായി എല്ലാ റീജിയനുകളുടെയും ജനറല്‍ ബോഡിയും തിരഞ്ഞെടുപ്പും നടക്കേണ്ടത് കൊണ്ടു ഇലക്ഷന് പ്രഖ്യാപിക്കാത്ത റീജിയണല്‍ കമ്മിറ്റികള്‍ എത്രയും വേഗം അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഓരോ അംഗ അസോസിയേഷനുകളിലും മാറി വന്ന ഭരണ സമിതികള്‍ക്ക് അനുസൃതമായി യുക്മ ജെനറല്‍ ബോഡിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അംഗങ്ങളുടെ പേര് നാഷണല്‍ സെക്രട്ടറി അബ്രഹാം ലൂക്കോസ് അയച്ചു തന്നിരിക്കുന്ന അപേക്ഷാ ഫോറത്തില്‍ തന്നെ പൂരിപ്പിച്ച് എത്രയും വേഗം ഇമെയില്‍ ആയോ തപാലിലോ അദ്ദേഹത്തിനു അയച്ചു കൊടുക്കേണ്ടതാണ്. ഇങ്ങനെ അയച്ചു കിട്ടുന്നതിനുള്ള അവസാന ത്തീയതി ജൂലൈ 22 ആയിരിക്കുമെന്നും അതിനു ശേഷം വരുന്ന അപേക്ഷകള്‍ ജനറല്‍ ബോഡി യില്‍ പങ്കെടുക്കുന്നതിനോ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിനോ പരിഗണിക്കുന്നതല്ല എന്നും അബ്രഹാം ലൂക്കോസ് അറിയിച്ചു. ചില അംഗ അസോസിയേഷനുകള്‍ നേരത്തെ തന്നിരുന്ന ജൂണ്‍ 30 എന്ന തീയതി അപര്യാപ്തമാണ് എന്ന ആവശ്യം ഉന്നയിച്ചത് കൊണ്ടു മാത്രമാണ് പുതിയ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയതായി നല്‍കിയിരിക്കുന്ന അപേക്ഷാ ഫോറത്തില്‍ മെമ്പര്‍ അസോസിയേഷന് പ്രസിഡന്റിന്റെ പേരും, സെക്രട്ടറിയു ടെ പേരും റീജിയണല്‍ പ്രതിനിധിയായി തിരഞ്ഞെടുത്തിരിക്കുന്ന അംഗത്തിന്റെ പേരും നാഷണല്‍ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള രണ്ടു പേരുടെ പേരും ഉള്‍പ്പെടെ ചേര്‍ക്കുന്നതിനു അഞ്ചു കോളങ്ങള്‍ ആണുള്ളത്. ഈ ഭാരവാഹികളുടേയും പ്രതിനിധികളുടേയും വിലാസവും ഫോണ്‍ നമ്പരുകളും ചേര്‍ക്കുന്നതിനുള്ള കോളവും വ്യക്തമായി പൂരിപ്പിക്കേണ്ടതുണ്ട്.പൂരിപ്പിച്ച ഫോറങ്ങള്‍ ആണ് മെമ്പര്‍ അസോസിയേഷനുകള്‍ അയക്കുന്നതെന്ന് റീജിയണല്‍ ഭാരവാഹികള്‍ ഉറപ്പു വരുത്തണമെന്നും ഇതുവരെയും ഫോറം പൂരിപ്പിച്ച് അയക്കാത്ത അസോസിയേഷനുകളെ ബന്ധപ്പെട്ടു എത്രയും വേഗം അവ അയച്ചു കിട്ടാനുള്ള നടപടികള്‍ റീജിയണല്‍ ഭാരവാഹികള്‍ സ്വീകരിക്കണമെന്നും അബ്രഹാം ലൂക്കോസ് അഭ്യര്‍ത്ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല