അനീഷ് ജോണ്‍: യുക്മ സാംസ്‌ക്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓള്‍ യു.കെ. ചിത്രരചനാ മത്സരം ജൂലൈ 23 ശനിയാഴ്ച നടക്കും. സ്വിണ്ടനിലെ രാജാരവിവര്‍മ്മ നഗറില്‍ രാവിലെ പത്തുമണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടത്തപ്പെടുക. 23/07/ 2016 ന് 8 വയസില്‍ താഴെയുള്ളവര്‍ കിഡ്‌സ് വിഭാഗത്തിലും, 8 മുതല്‍ 12 വയസ് വരെയുള്ളവര്‍ സബ് ജൂനിയര്‍ വിഭാഗത്തിലും, 12 മുതല്‍ 17 വരെയുള്ളവര്‍ ജൂനിയര്‍ വിഭാഗത്തിലും, 17 വയസിന് മുകളില്‍ പ്രായമുള്ള മത്സരാര്‍ഥികള്‍ സീനിയര്‍ വിഭാഗത്തിലും ആണ് പരിഗണിക്കപ്പെടുക.
മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ജൂലൈ 23 ന് രാവിലെ 9:30 ന് മുന്‍പായി, വയസ് തെളിയിക്കുന്ന രേഖകള്‍ സഹിതം മത്സരം നടക്കുന്ന ഹാളില്‍ എത്തേണ്ടതാണ്. വരക്കുന്നതിനും പെയിന്റ് ചെയ്യുന്നതിനും ആവശ്യമായ സാമഗ്രികള്‍ മത്സരാര്‍ത്ഥികള്‍ കൊണ്ടുവരേണ്ടതാണ്. ചിത്രം വരക്കുന്നതിനുള്ള പേപ്പര്‍ സംഘാടകര്‍ വിതരണം ചെയ്യുന്നതായിരിക്കും. മത്സരം ആരംഭിക്കുന്നതിനു പത്ത് മിനിറ്റ് മുന്‍പായി നല്‍കുന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയാണ് രചനകള്‍ നടത്തേണ്ടത്.
മത്സരഫലങ്ങള്‍ അന്നുതന്നെ പ്രഖ്യാപിക്കുന്നതും, തുടര്‍ന്നു നടക്കുന്ന യോഗത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതുമായിരിക്കും. ഓരോ വിഭാത്തിലും ഒന്നാംസ്ഥാനം ലഭിക്കുന്നവര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും ക്യാഷ് പ്രൈസും നല്‍കുന്നതായിരിക്കും.രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും. പ്രശസ്ത ചിത്രകാരന്മാര്‍ അടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫലനിര്‍ണ്ണയം നടത്തുന്നത്. മൂന്നു പൗണ്ട് ആണ് രജിസ്‌ട്രേഷന്‍ ഫീസ്. പങ്കെടുക്കുന്ന എല്ലാവര്‍ക്കും സംഘാടകര്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതായിരിക്കും.
മത്സരാര്‍ത്ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നേരത്തെ ഒരുക്കേണ്ടതുള്ളതിനാല്‍, മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ പേര്, ഫോണ്‍ നമ്പര്‍, അഡ്രസ്സ്, മത്സരിക്കുന്ന വിഭാഗം, ജനന തീയതി എന്നീ വിവരങ്ങള്‍ സഹിതം uukmasamskarikavedi@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് ഇമെയില്‍ ചെയ്യുകയോ, യുക്മ സാംസ്‌ക്കാരികവേദി ഭാരവാഹികളായ സി.എ.ജോസഫ് (07846747602), ജിജി വിക്ടര്‍ (07450465452) എന്നിവരെ ബന്ധപ്പെടുകയോ ചെയ്യുന്നത് ഉചിതമായിരിക്കും.
യു.കെ.മലയാളികള്‍ നെഞ്ചിലേറ്റിയ യുക്മയുടെ പ്രൈം പ്രോജക്ട് ആയ ‘സ്റ്റാര്‍ സിംഗര്‍ സീസണ്‍2’ ന് ശേഷം യുക്മ സാംസ്‌ക്കാരികവേദി സംഘടിപ്പിക്കുന്ന അടുത്ത പരിപാടി എന്നനിലയില്‍ ചിത്രരചനാ മത്സരം ഇതിനകം തന്നെ ജനശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു. യു.കെ. മലയാളികള്‍ക്കിടയിലെ ചിത്രരചനാ അഭിരുചിയുള്ളവരെ കണ്ടെത്തുവാനും വളര്‍ത്തിക്കൊണ്ടുവരുവാനുമായി യുക്മ സാംസ്‌ക്കാരികവേദി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് ശ്രീ.ഫ്രാന്‍സിസ് മാത്യു, ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ.സജീഷ് ടോം, സാംസ്‌ക്കാരികവേദി വൈസ് ചെയര്‍മാന്‍ ശ്രീ.തമ്പി ജോസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
ചിത്രരചനാ മത്സരങ്ങളോടനുബന്ധിച്ചു പ്രശസ്ത ചിത്രകാരനായ ശ്രീ.ജിജി വിക്ടര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും നിരവധി ചിത്രരചനാ മത്സരങ്ങളില്‍ പങ്കെടുത്തു അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ചിത്രകാരനാണ് ശ്രീ.ജിജി. വ്യത്യസ്തമായ ഭാവതലങ്ങളില്‍ രചിച്ചിട്ടുള്ള ചിത്രങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും കാണുവാനും ആസ്വദിക്കുവാനുമുള്ള സൗകര്യങ്ങള്‍ ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. ചിത്രരചനാ മത്സരവും ചിത്രപ്രദര്‍ശനവും നടക്കുന്ന സ്ഥലത്തിന്റെ വിലാസം താഴെ കൊടുക്കുന്നു: Raja Ravivarma Nagar, St.Joseph’s Catholic College, Ocotal way, Swindon, Whilshire SN3 3LR.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല