സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ ദേശീയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വച്ച് “യുക്മ ആദരസന്ധ്യ 2020” എന്നപേരിൽ വിപുലമായ സാംസ്ക്കാരിക സംഗമം സംഘടിപ്പിക്കുന്നു. നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡില്‍ വച്ച് 2020 ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച്ച ഒരു മുഴുദിന പരിപാടി എന്നനിലയിലാണ് പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്. യുക്മയുടെ പത്ത് വർഷത്തെ ചരിത്രത്തിൽ ഇദംപ്രഥമമായാണ് ഇത്രയും വിപുലമായ സാംസ്ക്കാരിക പരിപാടിക്ക് ലണ്ടൻ വേദിയൊരുക്കുന്നത്.
സംഗീത-നൃത്ത ഇനങ്ങള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളും കോര്‍ത്തിണക്കി, യുക്മ ലണ്ടനില്‍ സംഘടിപ്പിക്കുന്ന ഏറ്റവും മനോഹരവും ആകര്‍ഷകവുമായ ഒന്നായിട്ടാവും “ആദരസന്ധ്യ 2020” നടത്തപ്പെടുന്നത്. യുക്മ ദേശീയ കലാതിലകവും കലാപ്രതിഭയും ഒരേ റീജിയണിൽ നിന്നുള്ളവർ സ്വന്തമാക്കുകയെന്ന എന്ന ചരിത്ര നേട്ടത്തിന് അർഹരായ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ എൻഫീൽഡ് മലയാളി അസോസിയേഷനിലെ ദേവനന്ദ ബിബിരാജ്, ല്യൂട്ടൻ കേരളൈറ്റ്സ്ന്റെ ടോണി അലോഷ്യസ് എന്നിവർക്ക് “ആദരസന്ധ്യ 2020” വച്ച് യുക്മ ദേശീയ കമ്മറ്റി സ്വീകരണം നൽകുന്നു.
ലണ്ടൻ നഗരത്തിനടുത്തുള്ള ചെഷണ്ട് നിവാസികളായ ബിബിരാജ് രവീന്ദ്രൻ – ദീപ്തി വിജയൻ ദമ്പതികളുടെ മൂത്തകുട്ടിയാണ് മൂന്നാം ക്‌ളാസ് വിദ്യാർത്ഥിനിയായ ദേവനന്ദ. സ്റ്റോറി ടെല്ലിംഗ്, സിനിമാറ്റിക് ഡാൻസ് ഇനങ്ങളിൽ മത്സരിച്ച് ഒന്നാംസ്ഥാനം നേടിയാണ് ദേവനന്ദ കലാതിലകം പുരസ്‌ക്കാരവും കിഡ്‌സ് വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യൻഷിപ്പും കരസ്ഥമാക്കിയത്.
ല്യൂട്ടനിൽ താമസമാക്കിയ അലോഷ്യസ് – ജിജി ദമ്പതികളുടെ മകനാണ് കലാപ്രതിഭ പട്ടം നേടിയ ടോണി. പത്താം ക്ലാസ് വിദ്യാർത്ഥിയായ ടോണി ജൂനിയർ വിഭാഗത്തിൽ ഇംഗ്ലീഷ് പ്രസംഗ മത്സരം, സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് കലാപ്രതിഭ പട്ടം നേടിയത്. ജൂനിയർ വിഭാഗം വ്യക്തിഗത ചാമ്പ്യൻഷിപ്പും ടോണിക്ക് സ്വന്തം.
ഇവര്‍ക്കൊപ്പം ലോക മലയാളി സമൂഹങ്ങളിൽ നിന്നും വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളതും, പ്രവാസി മലയാളികള്‍ക്കായി വിവിധ സഹായങ്ങള്‍ നല്‍കിയിട്ടുള്ളതുമായ ഏതാനും വ്യക്തികളെയും കൂടി ആദരിക്കുന്നതിന് യുക്മ ലക്ഷ്യമിടുന്നുണ്ട്. യുക്മയുടെ അംഗ അസോസിയേഷന്‍ ഭാരവാഹികള്‍, യുക്മ പ്രതിനിധികള്‍, യുക്മയുടെ വിവിധ പോഷക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ക്ക്, അത്തരത്തിൽ ആദരിക്കപ്പെടുന്നതിന് അര്‍ഹതയുണ്ടെന്ന് ബോധ്യമുള്ളവരുടെ വിശദവിവരങ്ങള്‍ നല്‍കാവുന്നതാണ്. യുക്മ പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള സബ് കമ്മറ്റി ഇത് സംബന്ധിച്ച അന്തിമമായ തീരുമാനം കൈക്കൊള്ളുന്നതായിരിക്കും.
ആദരിക്കപ്പെടേണ്ടവരുടെ വിവരങ്ങള്‍ secretary.ukma@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഡിസംബര്‍ 30 വൈകുന്നേരം 5 മണിക്ക് മുൻപായി അയക്കേണ്ടതാണ്. യുക്മയുടെ മെഗാ സമ്മാനപദ്ധതിയായ യു-ഗ്രാന്റ് ലോട്ടറിയുടെ നറുക്കെടുപ്പും “ആദരസന്ധ്യ 2020″നോടനുബന്ധിച്ച് നടത്തപ്പെടുന്നതായിരിക്കുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല