സജീഷ് ടോം (യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യു കെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംഗ്‌ഡം മലയാളി അസ്സോസിയേഷൻസ്) പുറത്തിറക്കിയ 2021 ബഹുവർണ്ണ സൗജന്യ സ്പൈറൽ കലണ്ടർ യു കെയുടെ വിവിധ കേന്ദ്രങ്ങളിൽ വിതരണം പൂർത്തിയായി. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി, യുകെ മലയാളികള്‍ക്ക് പുതുവർഷ സമ്മാനമായി യുക്മ നല്‍കിവരുന്ന കലണ്ടര്‍, ഈ വർഷവും യു കെ മലയാളികളുടെ സ്വീകരണമുറിക്ക് അലങ്കാരവും യുക്മയ്ക്ക് അഭിമാനവുമാകും.
2021ലെ എല്ലാ മാസങ്ങളിലും, യുക്മ കലണ്ടര്‍ ഉപയോഗിക്കുന്നവരില്‍നിന്നും ഓരോ ഭാഗ്യശാലികളെ കണ്ടെത്തുന്ന ആകർഷകമായ ഒരു സമ്മാന പദ്ധതി യു – ഫോർച്യൂൺ എന്ന പേരിൽ തികച്ചും സൗജന്യമായി യുക്മ ഒരുക്കുന്നുണ്ട്. കലണ്ടറിൽ എല്ലാ മാസത്തിന്റെയും തീയതികൾക്കൊപ്പം നൽകിയിരിക്കുന്ന യുക്മ യു- ഫോർച്യൂൺ ബാർകോഡ് (ക്യൂ ആർ കോഡ്) സ്മാർട്ട് ഫോൺ കാമറയോ ബാർകോഡ്സ് സ്കാൻ ആപ് ഉപയോഗിച്ചോ സ്കാൻ ചെയ്യുകയും നിങ്ങളുടെ പേഴ്സണൽ ഡീറ്റെയിൽസ് എന്റർ ചെയ്യുകയോ വഴിയാണ് നറുക്കെടുപ്പിൽ പങ്കെടുക്കാനാവുന്നത്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമുണ്ടെങ്കിൽ യുക്മ ദേശീയ/റീജണൽ ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്.
ഈ വര്‍ഷം പതിനയ്യായിരം കലണ്ടറുകളാണ് വിതരണം ചെയ്യുന്നത്. യു കെയിലെയും കേരളത്തിലെയും വിശേഷ ദിവസങ്ങളും അവധി ദിവസങ്ങളും പ്രത്യേകമായി അടയാളപ്പെടുത്തിയിരിക്കുന്ന യുക്മ കലണ്ടർ, ജോലി ദിവസങ്ങള്‍ എഴുതിയിടാനും, അവധി ദിവസങ്ങളും ജന്മദിനങ്ങളും മറ്റും എഴുതി ഓര്‍മ്മ വയ്ക്കുവാനും, ഇയര്‍ പ്ലാനര്‍ ആയും ഉപയോഗിക്കാവുന്നതാണ്. മൊബൈല്‍ ഫോണുകള്‍ കലണ്ടറായി ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും, പരമ്പരാഗത കലണ്ടറുകളുടെ മനോഹാരിതയും പ്രസക്തിയും ഒട്ടും നഷ്ട്ടപ്പെട്ടിട്ടില്ലെന്നത് യുക്മ കലണ്ടറുകളുടെ ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരുന്ന ആവശ്യക്കാരുടെ എണ്ണത്തില്‍നിന്നും മനസിലാക്കുവാന്‍ സാധിക്കും.
ഇംഗ്ലണ്ടിലെ എല്ലാ കൗണ്ടികളിലെയും തെരെഞ്ഞെടുക്കപ്പെട്ട കോൺടാക്ട് പോയിന്റുകളിൽ ആണ് കലണ്ടർ എത്തിച്ചിരിക്കുന്നത്. ഒപ്പം വെയ്ൽസ്, സ്കോട്ട്ലൻഡ്,നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലും ജനുവരി അവസാനം തന്നെ യുക്മ കലണ്ടറുകൾ എത്തിച്ചു കഴിഞ്ഞതായി കലണ്ടറിന്റെ ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യൻ അറിയിച്ചു.
മുൻ വർഷങ്ങളിൽ ജനുവരി ആദ്യവാരം തന്നെ വിതരണം പൂർത്തിയാകാറുണ്ടായിരുന്ന യുക്മ കലണ്ടർ ഈ വർഷം കോവിഡ് ലോക്ക്ഡൗൺ പശ്ചാത്തലത്തിലാണ് വിതരണത്തിന് കാലതാമസം നേരിട്ടതെന്നും, യുക്മ കലണ്ടർ 2021 വാഗ്‌ദാനം ചെയ്യുന്ന സൗജന്യ ഐ പാഡ് വിജയി ആകുവാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും യുക്മ ദേശീയ പ്രസിഡൻ്റ് മനോജ്‌കുമാർ പിള്ള , ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ അഭ്യർത്ഥിച്ചു.
കലണ്ടര്‍ ആവശ്യമുള്ള ഇതര സംഘടനകളും വ്യക്തികളും കലണ്ടറിന്റെ ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ (07702862186), ജോയിൻ്റ് ട്രഷറർ ടിറ്റോ തോമസ് (07723956930), ജോയിൻ്റ് സെക്രട്ടറി സെലീന സജീവ് (07507519459) എന്നിവരുമായി നേരിട്ടോ, യുക്മ റീജിയണല്‍ ഭാരവാഹികള്‍ മുഖേനയോ ബന്ധപ്പെടേണ്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല