
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ചെംസ്ഫോർഡ് : യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ ഈസ്റ്റ് ആംഗ്ലിയ റീജിയൻ്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണ സമിതിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. മുൻ റീജണൽ പ്രസിഡണ്ട് ജെയ്‌സൺ ചാക്കോച്ചൻ യുക്മ ദേശീയ സമിതിയിലേക്കുള്ള പ്രതിനിധിയാവും. മുൻ സെക്രട്ടറി ജോബിൻ ജോർജ്ജ് (ബെഡ്ഫോർഡ്) പുതിയ ഭരണ സമിതിയിൽ പ്രസിഡണ്ടായും, ഭുവനേഷ് പീതാംബരൻ (എഡ്മൺടൺ) ജനറൽ സെക്രട്ടറിയായും, ഷിൻ്റോ സ്കറിയ (ഹാർലോ) ട്രഷററായും ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു.
ഫെബ്രുവരി 15 നു ചെംസ്ഫോർഡ് ലാങ്ടൺ സെന്ററിൽ കൂടിയ ഈസ്റ്റ് ആംഗ്ലിയ റീജണൽ മെമ്പർ അസോസിയേഷനുകളുടെ പ്രതിനിധികൾ ഉൾപ്പെട്ട ജനറൽ കൗൺസിൽ യോഗത്തിൽ വെച്ചാണ് നവ സാരഥികളെ തെരഞ്ഞെടുത്തത്.
ചെംസ്ഫോർഡിൽ വിളിച്ചുകൂട്ടിയ പൊതുയോഗത്തിൽ റീജണൽ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം സണ്ണിമോൻ മത്തായി സ്വാഗതം ആശംസിച്ചു സംസാരിച്ചു. സെക്രട്ടറി ജോബിൻ ജോർജ് വാർഷിക റിപ്പോർട്ടും, ട്രഷറർ സാജൻ പടിക്കമാലിൽ വാർഷീക കണക്കുകളും അവതരിപ്പിച്ചു. പൊതുയോഗം റിപ്പോർട്ടും, കണക്കും അംഗീകരിച്ചതിനു ശേഷം നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് യുക്മ തിരഞ്ഞെടുപ്പ് കമ്മീഷണർ മനോജ് കുമാർ പിള്ള നേതൃത്വം നൽകി. യുക്മ ദേശീയ വക്താവ് അഡ്വ.എബി സെബാസ്റ്റ്യൻ, നാഷണൽ ജോയിൻ്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം എന്നിവർ നിരീക്ഷകരായി യോഗത്തിൽ സംബന്ധിച്ചു.
പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ജെയ്സൺ ജോർജ് (നോർവിച്ച്) ആർച്ച അജിത് (എഡ്മൺടൺ) എന്നിവർ വൈസ് പ്രസിഡണ്ടുമാരും, ജോർജ് കുര്യൻ (ലൂട്ടൻ) ദിവ്യ സോണി (ഗ്രെയ്റ്റ് യാർമൗത്) എന്നിവർ ജോയിന്റ് സെക്രട്ടറിമാരും ആയിരിക്കും. സജീഷ് വടക്കേക്കര (ചെംസ്ഫോർഡ്) ജോയിന്റ് ട്രഷററായും, പിആർ ഓ ആയി സാജൻ പടിക്കമാലിലും (എൽമ) തെരഞ്ഞെടുക്കപ്പെട്ടു. ആർട്സ് കോഡിനേറ്ററായി സുമേഷ് അരവിന്ദാക്ഷൻ (കോൾചെസ്റ്റർ), സ്പോർട്സ് കോർഡിനേറ്ററായി ജോർജ് പറ്റിയാൽ (എൻഫീൽഡ് ) എന്നിവരും ചുമതല വഹിക്കും. മീഡിയ കോർഡിനേറ്ററായി അപ്പച്ചൻ കണ്ണഞ്ചിറയെ (സർഗം സ്റ്റീവനേജ് ) ചുമതലപ്പെടുത്തി. വിവിധ വിഭാഗങ്ങൾക്ക് കോർഡിനേറ്റർമാരായി ചാരിറ്റി – ഷാജി വർഗ്ഗീസ് (സൗത്തെൻഡ് ), വള്ളം കളി – സിബി ജോസഫ് (ബാസിൽഡൺ), നേഴ്സസ് ഫോറം – സുധിൻ ഭാസ്കർ
(എൽമ 1) വനിതാ ഫോറം – എലിസബത്ത് മത്തായി (വാറ്റ്ഫോഡ്), സോഷ്യൽ മീഡിയ – അനി ഫിലിപ്പ് (ക്ലാക്ടൻ ഓൺ സീ) എന്നിവരെയും നിയമിച്ചു.
വിജയകരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് കാലാവധി പൂർത്തിയാക്കി പോകുന്ന ഭരണ സമിതി അധികാര കൈമാറ്റം നടത്തുകയും, പുതിയ ഭരണ നേതൃത്വത്തെ അഭിനന്ദിക്കുകയും വിജയാശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. നന്ദി പ്രകടനത്തോടെ ഈസ്റ്റ് ആംഗ്ലിയ റീജണൽ പൊതുയോഗം സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല