യുണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയെഷന്സിന്റെ 2012-13 വര്‍ഷത്തേക്കുള്ള നാഷണല്‍ ഭാരവാഹികളെ കണ്ടെത്തുന്നതിനുള്ള ഇലക്ഷനും വാര്‍ഷിക ജെനറല്‍ ബോഡിയും ഓഗസ്റ്റ് 12-ന് നടത്തുന്നതിനു കാര്‍ഡിഫില്‍ വച്ചു ചേര്‍ന്ന നാഷണല്‍ എക്സിക്യുട്ടിവ് കമ്മിറ്റി മുമ്പാകെ യുക്മ പ്രസിഡണ്ട് ശ്രീ വര്‍ഗീസ് ജോണ്‍ പ്രഖ്യാപിച്ചു. രാവിലെ 10 മണിക്ക് ജെനറല്‍ ബോഡിയോടെ ആരംഭിക്കുന്ന യോഗം ഉച്ച തിരിഞ്ഞു 2 മണിയോടെ ആരംഭിക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം പര്യവസാനിക്കും. ജൂണ്‍ 14-ന് ശ്രീ വര്‍ഗീസ് ജോണിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം യുക്മ ജെനറല്‍ സെക്രട്ടറി ശ്രീ അബ്രഹാം ലൂക്കോസിന്റെ സ്വാഗത പ്രസംഗത്തോടെയും റിപ്പോര്‍ട്ട് അവതരണത്തോടെയും ആരംഭിച്ചു. ഈ ഭരണസമിതിയുടെ അവസാനത്തെ എക്സിക്യുട്ടിവ് കമ്മിറ്റി എന്ന നിലയില്‍ യുക്മ ട്രഷറര്‍ ശ്രീ ബിനോ ആന്റണി കമ്മിറ്റി മുമ്പാകെ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ച് അംഗീകാരം തേടി.
പ്രധാനമായും യുക്മ ഇലക്ഷന്‍ പ്രഖ്യാപനത്തെ മുന്‍ നിര്‍ത്തി ചര്‍ച്ച ചെയ്ത യോഗത്തില്‍ യുക്മ പ്രസിഡന്റ്റ് നാഷണല്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയും എല്ലാ റീജിയനുകളും റീജിയണല്‍ തിരഞ്ഞെടുപ്പുകള്‍ നടത്തി നാഷണല്‍ ഇലക്ഷന് തയ്യാറാകുന്നതിനു ആഹ്വാനം ചെയ്യുകയും ചെയ്തു. ഓരോ റീജിയനുകളും ഇലക്ഷന് മുന്നോടിയായി തങ്ങളുടെ റീജിയനുകളിലുള്ള മെമ്പര്‍ അസോസിയേഷനുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഏറ്റവും പുതിയ യുക്മ പ്രതിനിധികളുടെ വിവരങ്ങള്‍ ശേഖരിച്ചു വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കി ഒരു കോപ്പി നാഷണല്‍ ജെനറല്‍ സെക്രട്ടറിക്ക് റീജിയണല്‍ ഇലക്ഷന് മുമ്പായി അയച്ചു കൊടുക്കണമെന്നും,അങ്ങിനെ അയച്ചു കൊടുക്കേണ്ട അവസാന തീയതി ജൂണ്‍ 30 വരെ നീട്ടുവാനും തീരുമാനമായി.
ഓരോ റീജിയനില്‍ നിന്നും യുക്മ നാഷണല്‍ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന അംഗത്തിന്റെ മേല്‍ നോട്ടത്തിലായിരിക്കും റീജിയണല്‍ തിരഞ്ഞെടുപ്പുകള്‍ നടക്കുക. അദ്ദേഹം റീജിയണല്‍ സെക്രട്ടറി, പ്രസിഡന്റ്റ് എന്നിവര്‍ മുഖേന വോട്ടേഴ്സ് ലിസ്റ്റ് അസോസിയേഷനുകളില്‍ നിന്നും ശേഖരിച്ച് നാഷണല്‍ സെക്രട്ടറിയെ അറിയിക്കേണ്ടതും, അദ്ദേഹം കരടു ലിസ്റ്റ് ജൂലൈ ആദ്യ ആഴ്ചയോടെ യുക്മ വെബ്-സൈറ്റില്‍ വോട്ടേഴ്സ് ലിസ്റ്റ് എന്ന പേരില്‍ പ്രസിദ്ധീകരിക്കെന്ടതുമാണ്. യുക്മ വെബ്-സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ലിസ്റ്റില്‍ പേരുള്ളവര്‍ക്ക് മാത്രമേ ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വോട്ടു ചെയ്യുന്നതിനും സാധിക്കുകയുള്ളു.
യുക്മയിലെക്ക് അസോസിയേഷനുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പ്രതിനിധികളും അസോസിയേഷനുകളും തങ്ങളുടെ പേരുകള്‍ യുക്മ വെബ്-സൈറ്റിലെ ലിസ്റ്റില്‍ ഉണ്ടെന്നു ഉറപ്പു വരുത്തേണ്ടതും, ഏതെങ്കിലും ആക്ഷേപങ്ങള്‍ ഉള്ള പക്ഷം യുക്മ ജെനറല്‍ സെക്രട്ടരിയെയോ, സഹ ചുമതലയുള്ള അഡ്വ. ഫ്രാന്‍സീസ് മാത്യു കവളക്കാട്ടിലിനെയോ അറിയിക്കേണ്ടതും, അവ പരിഹരിച്ച് ജൂലൈ പകുതിയോടെ പൂര്‍ണ്ണമായ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുമാണ്. ഈ ലിസ്റ്റില്‍ പേരില്ലാത്തവരെ ഇലക്ഷനിലും ജെനറല്‍ ബോഡിയിലും പങ്കെടുപ്പിക്കുന്നതല്ല.
നേരത്തെ തീരുമാനമെടുത്തിരുന്ന ഫാമിലി മീറ്റ് എന്ന പരിപാടി കോര്‍ഡിനേട്ടര്‍ യുക്മ വൈസ് പ്രസിഡന്റ്റ് ബീന സെന്‍സിന്റെ മേല്‍ നോട്ടത്തില്‍ സ്ലൌ അസോസിയേഷന്റെ ആതിഥെയത്വത്തില്‍ മുന്‍ നിശ്ചയപ്രകാരം തന്നെ നടത്തുന്നതിനും തീരുമാനമായി. കാലത്ത് 10 മുതല്‍ ആരംഭിക്കുന്ന മീറ്റ് 4 മണി വരെ നീളും. യുക്മ കലാമേളയില്‍ സമ്മാനം നേടിയ കലാപരിപാടികള്‍ ഫാമിലി മീറ്റിനു കൊഴുപ്പേകും.
യുക്മ ഭരണ ഘടന ഭേദഗതി സംബന്ധിച്ച ചുമതലകള്‍ നാഷണല്‍ കമ്മിറ്റിക്ക് വേണ്ടി നിര്‍വഹിക്കുന്നത്തിനുള്ള ചുമതല ശ്രീ സിബി തോമസിനെ ഏല്‍പ്പിച്ചു. യുക്മ പൂര്‍ണ്ണമായും ഒരു ജനകീയ സംഘടന ആണെന്നും, ആശയ കുഴപ്പങ്ങള്‍ എല്ലാം നീങ്ങി സംഘടന ഒറ്റക്കെട്ടായി വീണ്ടും പ്രവര്‍ത്തിക്കുമെന്നും എക്സിക്യുട്ടിവ് കമ്മിറ്റി ഒന്നാകെ പ്രസ്താവിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല