
യുക്മ ഭരണഘടന അനുസരിച്ച് പുതിയ ഭരണസമിതി തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായി യുക്മ ജനറൽ കൗൺസിലേക്ക് അംഗ അസോസിയേഷനുകളിൽ നിന്നുമുള്ള പുതിയ പ്രതിനിധികളെ തിരഞ്ഞെടുത്തയക്കാൻ യുക്മ ദേശീയ സമിതിയുടെ തീരുമാനം ബർമിംങ്ഹാമിൽ ചേർന്ന നാഷണൽ ജനറൽ ബോഡി യോഗം അംഗീകരിച്ചു.
ഇതനുസരിച്ച് മൂന്ന് പേരടങ്ങുന്ന പുതിയ യുക്മ പ്രതിനിധികളുടെ ലിസ്റ്റ് സമർപ്പിക്കേണ്ട സമയപരിധി 2022 ഫെബ്രുവരി 25 മുതൽ മാർച്ച് 25 രാത്രി 12 PM വരെയായിരിക്കും. ഇതു സംബന്ധിച്ച് അംഗ അസോസിയേഷനുകൾക്ക് യുക്മ സെക്രട്ടറി മെയിൽ അയച്ചുകഴിഞ്ഞു.
മൂന്ന് പേരടങ്ങുന്ന പുതിയ പ്രതിനിധി ലിസ്റ്റ് നിശ്ചിത അപേക്ഷ ഫോമിൽ വ്യക്തമായി പൂരിപ്പിച്ച് അയച്ചു കൊടുക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം secretary.ukma@gmail.com എന്ന മെയിലിലേക്കാണ് അയക്കേണ്ടത്. ഏതെങ്കിലും അസോസിയേഷനിൽ നിന്നും പ്രതിനിധി ലിസ്റ്റ് നിശ്ചിത തീയ്യതിക്കുള്ളിൽ ലഭിച്ചില്ലെങ്കിൽ നിലവിലുള്ള ലിസ്റ്റിലെ പ്രതിനിധികളെ തുടരാൻ അനുവദിക്കുന്നതാണ്.
മാർച്ച് 30നായിരിക്കും കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. കരട് ലിസ്റ്റിൽ ഏതെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തൽ വരുത്താനുള്ള സമയം ഏപ്രിൽ 7വരെയായിരിക്കും. തുടർന്ന് ഏപ്രിൽ 10ന് ജനറൽ കൗൺസിലിലേക്കുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന രീതിയിലാണ് ഇക്കാര്യത്തിലുള്ള സമയക്രമമെന്ന് ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല