അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): ഭാരതം സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ആ സ്വാതന്ത്ര്യം നേടിയ ഇന്ത്യക്കാരായ യുകെയിലെ നിവാസികളായ ഓരോ ഭാരതീയനുമൊപ്പം എല്ലാ മലയാളികളും ഈ മഹത്തായ സുദിനം സമുചിതമായി ആഘോഷിക്കണമെന്ന് യുക്മ ദേശീയ സമിതിക്കു വേണ്ടി പ്രസിഡൻറ് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് എന്നിവർ അഭ്യർത്ഥിച്ചു.
ഇന്ന് നടക്കുന്ന ചെറുതും വലുതുമായ ഏത് പരിപാടികളിലും സ്വാതന്ത്ര്യദിനത്തിൻ്റെ ഉചിതമായ അനുസ്മരണകൾ ഉണ്ടാവുകയും, ദേശീയഗാനവും, ദേശഭക്തി ഗാനങ്ങളും ആലപിക്കുകയും ചെയ്യാവുന്നതാണ്. സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നത് ഉചിതവും, പിറന്ന നാടിനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാനുള്ള വേദിയായി മാറുകയും ചെയ്യുന്നതാണ്. സാധിക്കുന്ന മലയാളി അസോസിയേഷനുകളെല്ലാം പ്രത്യേകം സ്വാതന്ത്ര്യ ദിന പരിപാടികൾ സംഘടിപ്പിച്ച് ഈ ചരിത്ര ദിനത്തിൻ്റെ പ്രാധാന്യം പുതുതലമുറയെ ബോധ്യപ്പെടുത്തുവാനും ശ്രമിക്കണം. നമ്മുടെ പൂർവ്വികർ ചെയ്ത ത്യാഗോജ്ജ്വലമായ സമരമുഖങ്ങളും, അടിച്ചമർത്തലിലൂടെ അനുഭവിച്ച യാതനകളും പ്രത്യേകം എടുത്ത് പറയുകയും ചെയ്യണം.
സ്വാന്ത്ര്യ സമര പോരാട്ടങ്ങളിൽ ജീവത്യാഗം ചെയ്ത് രാജ്യത്തിന് സ്വാതന്ത്ര്യൻ്റെ പൊൻകിരണം നേടിത്തന്ന ധീരദേശാഭിമാനികളുടെ ഓർമ്മകൾ അനുസ്മരിക്കണം. നമ്മൾ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം പോരാട്ട വീര്യത്തിൻ്റേയും ആത്മസമർപ്പണത്തിൻ്റേയും കൂടിയാണ്. സ്വാതന്ത്ര്യദിനത്തിൻ്റെ പ്രാധാന്യം പുതുതലമുറക്ക് മനസ്സിലാക്കിക്കൊടുക്കേണ്ടത് നമ്മുടെ ദൗത്യമാണ്. ഇപ്പോൾ നമ്മളനുഭവിക്കുന്ന സ്വാതന്ത്ര്യം രാജ്യത്തിൻ്റെ നന്മക്കായും രാജ്യപുരോഗതിക്കായും ഉപയോഗിക്കാം. രാജ്യത്തെ ശിഥിലമാക്കുന്ന ഛിദ്രശക്തികൾക്ക് അറിഞ്ഞോ അറിയാതെ സ്വയം വിധേയമാകാതിരിക്കാൻ മനപൂർവ്വമായ ജാഗ്രത പാലിക്കേണ്ട സമയവും കൂടിയാണ്.
ഇന്ന് സംഘടിപ്പിക്കുന്ന പരിപാടികളിൽ ദേശഭക്തി ഗാനങ്ങളാലപിച്ച് അവയുടെ വീഡിയോ എടുത്ത് താഴെ കെടുത്തിരിക്കുന്ന ലിങ്കിലൂടെ അപ് ലോഡ് ചെയ്ത് നമ്മുടെ രാജ്യത്തോടുള്ള കൂറ് പ്രകടിപ്പിക്കാനുള്ള അവസരമായി ഉപയോഗിക്കുവാൻ എല്ലാ യു കെ മലയാളികളും തയ്യാറാവണമെന്ന് യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്നും യുക്മക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. എല്ലാ മലയാളികൾക്കും യുക്മ ദേശീയ സമിതിയുടെ സ്വാതന്ത്ര്യദിനാശംസകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല