
അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേളയുടെ രണ്ടാം ദിനമായ ഇന്ന് തിങ്കളാഴ്ച (27/12/21) അനശ്വര കലാകാരൻ നടന വിസ്മയം നെടുമുടി വേണു വെർച്വൽ നഗറിൽ വൈകുന്നേരം 3 PM മത്സരങ്ങൾ ആരംഭിക്കും. യു കെയിലും ലോകമെങ്ങും പ്രേക്ഷക ശ്രദ്ധ നേടി തരംഗമായിക്കൊണ്ടിരിക്കുന്ന യുക്മ ദേശീയ കലാമേള – 2021ലെ കിഡ്സ് വിഭാഗത്തിലെ സിനിമാറ്റിക് ഡാൻസ്, സോളോ സോംഗ്, സ്റ്റോറി ടെല്ലിംഗ് വിഭാഗങ്ങളിലെ മത്സരങ്ങളായിരിക്കും ഇന്ന് സംപ്രേക്ഷണം ചെയ്യുന്നത്.
പ്രവാസി ലോകത്തിന് അത്ഭുതവും ആവേശവും വാരി വിതറി ലോക മലയാളി സമൂഹത്തിൻ്റെ അഭിമാനം വാനോളമുയർത്തിക്കൊണ്ട്, അനശ്വര കലാകാരൻ നെടുമുടി വേണുവിന് ആദരവ് അർപ്പിച്ച് കൊണ്ട് അദ്ദേഹത്തിൻ്റെ നാമധേയത്തിലുള്ള വെർച്വൽ നഗറിൽ നടക്കുന്ന യുക്മ ദേശീയ കലാമേളയിലെ രണ്ടാം ദിവസത്തെ മത്സരങ്ങൾ കിഡ്സ് വിഭാഗത്തിലേതാണ്. ഇന്ന് വൈകുന്നേരം 3 മണി മുതൽ യുക്മയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജായ UUKMA യിലൂടെ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത്.
പ്രശസ്ത സാഹിത്യകാരി പ്രൊഫ. സാറാ ജോസഫ് ഉദ്ഘാടനം ചെയ്തനുഗ്രഹിച്ച പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേളയുടെ ഉദ്ഘാടന ദിവസം ജൂനിയർ ഫോക്ക് ഡാൻസ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്തിരുന്നു. വിവിധ കാറ്റഗറികളിലും വ്യത്യസ്ത ഇനങ്ങളിലുമായി അഞ്ഞൂറിലേറെ മത്സരാർത്ഥികളാണ് യുക്മ ദേശീയ കലാമേള 2021 ൽ മാറ്റുരക്കുന്നത്. മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിനൊപ്പം വിധി നിർണയവും പൂർത്തിയാക്കി ദേശീയ കലാമേളയുടെ സമാപനവും ഫല പ്രഖ്യാപനവും നടത്തി സമ്മാനങ്ങൾ വിതരണം ചെയ്യുവാൻ കഴിയുന്ന രീതിയിലാണ് കലാമേളയുടെ ക്രമീകരണങ്ങൾ പുരോഗമിക്കുന്നത്.
വെർച്വൽ പ്ലാറ്റ്‌ഫോമിന്റെ സാധ്യതകളും വെല്ലുവിളികളും ഏറ്റെടുത്തുകൊണ്ട് കഴിഞ്ഞ വർഷം യുക്മ സംഘടിപ്പിച്ച പതിനൊന്നാമത് യുക്മ ദേശീയ കലാമേളയുടെ വൻപിച്ച വിജയത്തിനെ തുടർന്നാണ് കോവിഡ് വെല്ലുവിളികൾ അവസാനിക്കാത്ത സാഹചര്യത്തിൽ ഈ വർഷവും വെർച്വൽ പ്ലാറ്റ്ഫോമിൽ തന്നെ കലാമേള സംഘടിപ്പിക്കുവാൻ യുക്മ ദേശീയ സമിതി തീരുമാനിച്ചത്.
പ്രവാസ ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്മ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് യുക്മ ദേശീയകലാമേള ലോകമെമ്പാടുമുള്ളവരുടെ സ്വീകരണ മുറികളിലേക്കെത്തുമ്പോൾ, മത്സരാർത്ഥികളെ പ്രോൽസാഹിപ്പിക്കുകയും, കലാമേളയെ സഹർഷം സ്വീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ കലാ സ്നേഹികളോടും നന്ദി പറഞ്ഞ് കൊള്ളുന്നു. കലാമേളയിൽ മത്സരാർത്ഥികളായി പ്രത്യേക സാഹചര്യത്തിലും പങ്കെടുത്ത് വിജയിപ്പിച്ചവർക്കും അവരുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകമായി അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.
യുക്മ ദേശീയകലാമേളയുടെ വിജയത്തിനായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന യുക്മ ദേശീയ ഭാരവാഹികൾ, റീജിയൻ ഭാരവാഹികൾ, അംഗ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങി
യുക്മയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവർക്കും യുക്മ ദേശീയ നിർവ്വാഹക സമിതിക്ക് വേണ്ടി പ്രസിഡൻറ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് എന്നിവർ നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല