സാബു ചുണ്ടക്കാട്ടില്‍
താള-ലാസ്യ-ഭാവ-ലയങ്ങള്‍ സമ്മേളിച്ചു മത്സരാര്‍ഥികള്‍ തകരത്താടിയപ്പോള്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേള ആവേശോജ്ജലമായി. പല മത്സര ഇനങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് മാഞ്ചസ്റ്ററില്‍ നടന്നത്. കൃത്യതയും ഒപ്പം തിളക്കമാര്‍ന്ന പ്രകടനവും കാഴ്ച വെച്ച മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ രണ്ടാം തവണയും നോര്‍ത്ത് വെസ്റ്റ് റീജിയന്‍ ചാമ്പ്യന്മാരായി.
സബ് ജൂനിയര്‍ വിഭാഗത്തില്‍ എംഎംസിഎയുടെ ഡോറിന്‍ പ്രിന്‍സ് കലാപ്രതിഭയും ലിവിയാ ലെക്സന്‍ കലാതിലക പട്ടവും ചൂടിയപ്പോള്‍ ജൂനിയര്‍ വിഭാഗത്തില്‍ നോര്‍മ്മയുടെ അശ്വിന്‍ ബെന്നി കലാപ്രതിഭയും എംഎംസിഎയുടെ നിമിഷാ ബേബി കലാതിലകവുമായി. സീനിയര്‍ വിഭാഗത്തില്‍ എംഎംസിഎയുടെ ബിജു ജോര്‍ജ് കലാപ്രതിഭയും നോര്‍മ്മയുടെ ബിന്ദു ബെന്നി കലാ തിലകവുമായി.
നൃത്ത ഇനങ്ങളില്‍ മത്സരാര്‍ഥികള്‍ തകര്‍ത്താടിയപ്പോള്‍ ഹാളില്‍ തടിച്ചു കൂടിയ കാണികള്‍ക്കത് മികച്ചൊരു ദൃശ്യവിരുന്നായി. ഫാന്‍സി ഡ്രസില്‍ അടുത്തിടെ വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ലിവര്‍പൂളിലെ കര്‍ഷകന്‍ സണ്ണി ചേട്ടനെ അനുകരിച്ചതും ഏവരുടെയും കയ്യടികള്‍ ഏറ്റു വാങ്ങി.
രാവിലെ പത്ത് മണിയോടെ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡണ്ട് സന്തോഷ് സ്കറിയായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യുക്മ നാഷണല്‍ വൈസ് പ്രസിഡണ്ട് വിജി.കെ.പി കലാമേള ഉത്ഘാടനം ചെയ്തു. യുക്മ ജോയിന്റ് സെക്രട്ടറിയും എംഎംസിഎയുടെ പ്രസിഡണ്ടുമായ അലക്സ് വര്‍ഗീസ്, ഗ്ലോബല്‍ മലയാളി പ്രവാസി കൌണ്‍സില്‍ ചെയര്‍മാന്‍ സാബു കുര്യന്‍, ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ട്രഷറര്‍ സെബാസ്റ്റ്യന്‍, നാഷണല്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം റ്റോമി കുര്യന്‍, നോര്‍മ്മ പ്രസിഡണ്ട് ബെന്നി ജോണ്‍ ,യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സെക്രട്ടറി ജയിംസ് ആന്റണി, എംഎംസിഎ സെക്രട്ടറി സാജന്‍ ചാക്കോ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
മാഞ്ചസ്റ്റര്‍ മലയാളി കള്‍ചറല്‍ അസോസിയേഷന്‍ ചാമ്പ്യന്മാരായപ്പോള്‍ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ റണ്ണേഴ്സ് അപ്പായി. വിജയികള്‍ക്ക് യുക്മ നാഷണല്‍ കമ്മറ്റി മെംബേഴ്സ് ട്രോഫികളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. പരിപാടികളുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ എക്സിക്യൂട്ടീവ് കമ്മറ്റിയും ആതിഥെയരായ എംഎംസിഎയും നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല