മാമ്മന്‍ ഫിലിപ്പ്: 2016 ലെ യുക്മ കലാമേളകള്‍ക്ക് ഇതാ കേളികൊട്ട് ഉയരുകയാണ്. യുക്മ ഏഴാമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായി എല്ലാ റീജിയനുകളിലെയും കലാമേളകള്‍ പ്രഖ്യാപിക്കപ്പെടുകഴിഞ്ഞു. നവംബര്‍ അഞ്ചിന് നടക്കുന്ന ദേശീയ കലാമേള ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണിലെ കവന്‍ട്രിയില്‍വച്ച് നടക്കും. ഇത് മൂന്നാം തവണയാണ് ദേശീയ കലാമേള മിഡ്‌ലാന്‍ഡ്‌സ് റീജിയനെ തേടിയെത്തുന്നത്. കവന്‍ട്രി കേരളാ കമ്മ്യൂണിറ്റി (സി.കെ.സി.) യുടെയും മിഡ്‌ലാന്‍ഡ്‌സ് റീജിയന്റെയും സംയുക്താഭിമുഖ്യത്തിലാകും ദേശീയ കലാമേള സംഘടിപ്പിക്കപ്പെടുകയെന്ന് യുക്മ ദേശീയ പ്രസിഡന്റ് ശ്രീ.ഫ്രാന്‍സിസ് മാത്യു, ജനറല്‍ സെക്രട്ടറി ശ്രീ.സജീഷ് ടോം എന്നിവര്‍ അറിയിച്ചു.
ദേശീയ കലാമേളക്ക് മുന്നോടിയായുള്ള വാശിയേറിയ റീജിയണല്‍ കലാമേളകളുടെ തീയതികളും വേദികളും വളരെ നേരത്തെതന്നെ പ്രഖ്യാപിച്ചുകൊണ്ട് യുക്മ റീജിയണല്‍ നേതൃത്വങ്ങളും തികഞ്ഞ മത്സരബുദ്ധിയോടെ രംഗത്തിറങ്ങിക്കഴിഞ്ഞു. ഒക്ടോബര്‍ ഒന്നാം തീയതി ശനിയാഴ്ച വെയ്ക്ഫീല്‍ഡില്‍ നടക്കുന്ന യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണ്‍ കലാമേളയോടുകൂടി റീജിയണല്‍ കലാമേളകള്‍ക്ക് തിരിതെളിയും. കഴിഞ്ഞ വര്‍ഷവും ആദ്യ കലാമേള സംഘടിപ്പിച്ചതിന്റെ ഖ്യാതി യോര്‍ക്ക് ഷെയര്‍ റീജിയണ് സ്വന്തം.
ഒക്ടോബര്‍ എട്ടാം തീയതി ശനിയാഴ്ച പ്രഗത്ഭരായ സൗത്ത് വെസ്റ്റ് റീജിയന്റെയും സൗത്ത് ഈസ്റ്റ് റീജിയന്റെയും കലാമേളകള്‍ അരങ്ങേറും. രണ്ട് റീജിയനുകളുടെയും കലാമേളകള്‍ ഡോര്‍സെറ്റ് കൗണ്ടിയിലെ വളരെ സമീപസ്ഥമായ ബൗണ്‍മൗത്തിലും പൂളിലുമാണ് നടക്കുന്നതെന്നത് ഏറെ സവിശേഷതകള്‍ ഉണര്‍ത്തുന്നു. ഒരേ ദിവസം, ഒരേ സ്ഥലത്തു നടക്കുന്ന രണ്ടു വ്യത്യസ്ത റീജിയനുകളുടെ കലാമേളകള്‍ എന്നനിലയില്‍ ഒക്ടോബര്‍ എട്ട് ആവേശത്തിന്റെ കൊടുമുടിയിലെത്തും എന്നതില്‍ സംശയമില്ല.
ഒക്ടോബര്‍ 15 ശനിയാഴ്ചയാണ് റീജിയണല്‍ കലാമേളകളുടെ ഹാട്രിക് ദിനം. അന്നേദിവസം മൂന്ന് റീജിയണല്‍ കലാമേളകളാണ് അരങ്ങേറുന്നത്. സ്വാന്‍സിയില്‍ വെയ്ല്‍സ് റീജിയണല്‍ കലാമേളയും മാഞ്ചസ്റ്ററില്‍ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയും സംഘടിപ്പിക്കപ്പെടുമ്പോള്‍, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ കലാമേള ബാസില്‍ഡണില്‍ നടക്കും.
റീജിയണല്‍ കലാമേളയുടെ സമാപനം കുറിച്ചുകൊണ്ട് ഒക്ടോബര്‍ 22 ശനിയാഴ്ച ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കലാമേള നോട്ടിംഹാമില്‍ നടക്കുമ്പോള്‍ ദേശീയ നേതാക്കളെല്ലാം എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. യു.കെ. മലയാളികളുടെ ദേശീയോത്സവമായി മാറിക്കഴിഞ്ഞ യുക്മ കലാമേളകള്‍ പ്രതിഭയുടെ മാറ്റുരക്കലാകുമെന്നതില്‍ സംശയമില്ല. ആയിരത്തിലധികം കലാകാരന്മാരും കലാകാരികളും മത്സരാര്‍ത്ഥികളായി എത്തിച്ചേരുന്ന യുക്മ ദേശീയ കലാമേള, അയ്യായിരത്തോളം യു.കെ. മലയാളികള്‍ ഒത്തുചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന, ലോക പ്രവാസി സമൂഹങ്ങളിലെ ഏറ്റവും വലിയ കലാ മാമാങ്കം ആകുന്നു. നവംബര്‍ അഞ്ചാം തീയതി ശനിയാഴ്ച മിഡ്‌ലാന്‍ഡ്‌സിലെ കവന്‍ട്രിയില്‍വച്ച് നടക്കുന്ന യുക്മ ദേശീയ കലാമേളയിലേക്ക് യുക്മ ദേശീയ കമ്മറ്റി ഏവരേയും സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല