മാമ്മന്‍ ഫിലിപ്പ്: യു.കെ. പ്രവാസി മലയാളികളുടെ കലാ മാമാങ്കമായ യുക്മ കലാമേളകള്‍ക്ക് കേളികൊട്ടുയരാന്‍ ഇനി ഏതാനും ആഴ്ചകള്‍ കൂടി മാത്രം ബാക്കിനില്‍ക്കെ യു.കെ.യില്‍ അങ്ങോളമിങ്ങോളമുള്ള കലാകാരന്മാരും കലാകാരികളും മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ണതോതില്‍ തുടങ്ങിക്കഴിഞ്ഞു.
കലാമേളയുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുവാനും സംഘാടനം കൂടുതല്‍ മികവുറ്റതാക്കാനും പ്രാപ്തമാക്കുന്ന വിലയിരുത്തലുകളും നിര്‍ദ്ദേശങ്ങളും അറിയിക്കാനുള്ള അവസരം വിനിയോഗിച്ചുകൊണ്ട് യുക്മാ സ്‌നേഹികളും, കലാരംഗത്തു പ്രവര്‍ത്തിക്കുന്നവരുമായ ഒരുപാട് സുഹൃത്തുക്കള്‍ യുക്തി സഹമായ നിരവധി അഭിപ്രായങ്ങള്‍ അറിയിക്കുകയുണ്ടായി. ഓരോ വര്‍ഷങ്ങള്‍ കഴിയുംതോറും യുക്മ കലാമേളകളുടെ ജനപ്രീതി വര്‍ധിക്കുന്നത് ഇത്തരം പുത്തന്‍ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നത്‌കൊണ്ട് കൂടിയാണ്.
സമയ പരിധികൊണ്ടുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കൂടുതല്‍ മത്സര ഇനങ്ങള്‍ ഉള്‍പ്പെടുത്താനുള്ള അഭിപ്രായങ്ങള്‍ക്ക് വിലങ്ങുതടിയിട്ടപ്പോഴും, കാതലായ പല നിര്‍ദ്ദേശങ്ങളും അനുഭാവപൂര്‍വം പരിഗണിക്കുവാനും മാറ്റങ്ങള്‍ ഉള്‍പ്പെടുത്തുവാനും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. കലാമേളയുടെ പ്രത്യേക അവാര്‍ഡുകളായ ‘കലാതിലകം’, ‘കലാപ്രതിഭ’ തെരഞ്ഞെടുപ്പുകള്‍ക്കുള്ള മാനദണ്ഡങ്ങളില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാണ്.
യുക്മ കലാമേളയിലെ മത്സര വിഭാഗങ്ങളുടെ പ്രായ പരിധി, മത്സര ഇനങ്ങള്‍, മത്സരങ്ങള്‍ക്കുള്ള സമയ പരിധി, വിധി നിര്‍ണ്ണയത്തിനുള്ള മാനദണ്ഡങ്ങള്‍, മത്സരാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും സംഘാടകര്‍ക്കുമുള്ള പൊതു നിര്‍ദ്ദേശങ്ങള്‍ എന്നിവ അടങ്ങിയ ഇമാനുവലിന്റെ 2016 ലെ പരിഷ്‌ക്കരിച്ച പതിപ്പ് പരിശോധിക്കുവാന്‍ ലഭ്യമാണ്. യുക്മ നേതാക്കള്‍കള്‍ക്കൊപ്പം, കലാമേള സംഘാടകര്‍ക്കും മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കുംവിധികര്‍ത്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനകരമാകുമെന്നതിനാലാണ് ഇമാനുവല്‍ പൊതുവായനക്കായി സമര്‍പ്പിക്കുന്നത്.
പരമ്പരാഗത മത്സര ഇനങ്ങള്‍കൊണ്ടും, മത്സരാര്‍ത്ഥികളുടെ പ്രാതിനിധ്യം കൊണ്ടും ഭാരതത്തിനു വെളിയില്‍വച്ച് നടക്കുന്ന ഭാരതീയ കലകളുടെ ഏറ്റവും വലിയ മത്സരവേദി എന്ന പ്രത്യേക ബഹുമതിയുമായി ജൈത്യയാത്ര തുടരുന്ന യുക്മ കലാമേളകളുടെ സര്‍ഗ്ഗവേദികളില്‍ പത്തരമാറ്റിന്റെ പ്രകടനങ്ങളുമായി വിജയക്കൊടി പാറിക്കാന്‍ തയ്യാറെടുക്കുന്ന എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ഭാവുകങ്ങള്‍ നേരുന്നു.
കലാമേളയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് യുക്മ ദേശീയ ജനറല്‍ സെക്രട്ടറിയും കലാമേള ചീഫ് പ്രോഗ്രാം കോഓഡിനേറ്ററുമായ സജീഷ് ടോമിനെയോ (07706913887), കലാമേള ദേശീയ ജനറല്‍ കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പിനെയോ (07885467034) ബന്ധപ്പെടാവുന്നതാണ്. യുക്മ കലാമേള 2016 ന്റെ പരിഷ്‌ക്കരിച്ച ഇമാനുവല്‍ കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://issuu.com/uukma-kalamela-2015/docs/uukma_kalamela_e-manual_2016?e=18322890/38943079
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല