സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ ദേശീയ കലാമേളക്ക് ഗംഭീര പരിസമാപ്തി. മാഞ്ചസ്റ്ററിന്റെ മണ്ണിൽ ആദ്യമായെത്തിയ ദേശീയ മേള ചരിത്രത്തിലേക്ക് നടന്നു കയറിയത് ഒരുപിടി മനോഹര ഓർമ്മകൾ ബാക്കി വച്ചുകൊണ്ടാണ്. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൺ ചാമ്പ്യൻ പട്ടം തിരികെ പിടിച്ചു. കഴിഞ്ഞവർഷത്തെ ജേതാക്കളായ യോർക്‌ഷെയർ ആൻഡ് ഹംബർ റീജിയൺ ഫസ്റ്റ് റണ്ണർഅപ്പും സൗത്ത് വെസ്റ്റ് റീജിയൺ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
രാജ്യത്തിന്റെ നാഭാഗങ്ങളിൽ നിന്നായി മൂവായിരത്തോളം യു കെ മലയാളികളാണ് മാഞ്ചസ്റ്റർ പാർസ് വുഡ് സ്കൂളിൽ അണിയിച്ചൊരുക്കിയ “ശ്രീദേവി നഗറി”ലേക്ക് വന്നെത്തിയത്. മുൻ കേരളാ ചീഫ് സെക്രട്ടറിയും മലയാള ചലച്ചിത്ര ഗാനരചയിതാക്കളിൽ പ്രമുഖനുമായ കെ ജയകുമാർ ഐ എ എസ് കലാമേളയ്ക്ക് തിരിതെളിയിച്ചു. യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ സെക്രട്ടറി അലക്സ് വർഗീസ് സ്വാഗതം ആശംസിച്ചു. കലാമേള ജനറൽ കൺവീനർ സാജൻ സത്യൻ, ഇവന്റ് ഓർഗനൈസർ ഷീജാ വർഗ്ഗീസ് തുടങ്ങി യുക്മ ദേശീയ – റീജിയണൽ നേതാക്കൾ സന്നിഹിതരായിരുന്നു. യുക്മ ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ.എബി സെബാസ്റ്റ്യൻ യോഗത്തിന് നന്ദി അർപ്പിച്ചു.
തുടർന്ന് നേരം പുലരുവോളം 5 സ്റ്റേജുകളിലായി നടന്ന വിവിധ കലാ മത്സരങ്ങളിൽ അസോസിയേഷൻ വിഭാഗത്തിൽ ഈസ്റ്റ് യോർക്‌ഷെയർ കൾച്ചറൽ ഓർഗനൈസേഷൻ (ഹൾ), മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ എന്നിവരെ പിന്നിലാക്കി ബർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി ചാമ്പ്യന്മാരായി. കലാതിലകം, കലാപ്രതിഭ അവാർഡുകൾ കരസ്ഥമാക്കികൊണ്ട് ഈസ്റ്റ് ആംഗ്ലിയ റീജിയൺ ചരിത്രനേട്ടം കൈവരിച്ചു. ല്യൂട്ടൻ കേരളൈറ്റ്സ് അസോസിയേഷനിലെ ടോണി അലോഷ്യസ് കലാതിലകം ആയപ്പോൾ, എൻഫീൽഡ് മലയാളി അസോസിയേഷനിലെ ദേവനന്ദ ബിബിരാജ് എന്ന കൊച്ചു മിടുക്കി കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടു. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഇവാ മരിയ കുര്യാക്കോസ് നാട്യമയൂരം അവാർഡും, സൈറ ജിജോ ഭാഷാകേസരി അവാർഡും സ്വന്തമാക്കി. ദേവനന്ദ, ഇവാ മരിയ, ടോണി എന്നിവർ തങ്ങളുടെ വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യൻ പട്ടം നേടിയപ്പോൾ, സീനിയർ വിഭാഗം വ്യക്തിഗത ചാമ്പ്യനായി അനുചന്ദ്ര ചന്ദ്രകുമാർ തെരഞ്ഞെടുക്കപ്പെട്ടു.
രാവിലെ 8:45 ന് രജിസ്‌ട്രേഷൻ തുടങ്ങുവാൻ കഴിഞ്ഞതും, കൃത്യം പത്തുമണിക്ക് തന്നെ അഞ്ച് വേദികളിലും മത്സരങ്ങൾ ആരംഭിക്കാനായതും കൃത്യമായ പ്ലാനിംഗിന്റെയും സംഘാടക മികവിന്റെയും എടുത്തുപറയേണ്ടുന്ന നേട്ടമായി. യുക്മ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യൻ, മുൻ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, യുക്മ സ്ഥാപക പ്രസിഡന്റ് വർഗ്ഗീസ് ജോൺ, മുൻ പ്രസിഡന്റ് കെ.പി.വിജി, ദേശീയ വനിതാ നേതാക്കളായ ലിറ്റി ജിജോ, സലീന സജീവ്, കലാമേള ഇവന്റ് ഓർഗനൈസർ ഷീജോ വർഗീസ് തുടങ്ങിയവർ ദേശീയ പ്രസിഡന്റ്, ദേശീയ സെക്രട്ടറി, കലാമേള കൺവീനർ എന്നിവർക്കൊപ്പം തോളോട് തോൾചേർന്ന് കുറ്റമറ്റവിധം പരിപാടികൾ വിലയിരുത്തുകയും നിയന്ത്രിക്കുകയും ചെയ്തുകൊണ്ടിരുന്നു. ദേശീയ ട്രഷറർ അനീഷ് ജോൺ, ജോയിന്റ് ട്രഷറർ ടിറ്റോ തോമസ് എന്നിവർ രജിസ്‌ട്രേഷൻ ചുമതലകൾ നിയന്ത്രിച്ചു.
സദസ്സിനെ ധന്യമാക്കിയ സരസ്വതീ വചസ്സുമായി കെ ജയകുമാർ ഐ എ എസ്
യുക്മ ദേശീയ കലാമേളകളുടെ ചരിത്രത്തിൽ ഇത്രയും ധന്യമായ ഒരു ഉദ്ഘാടന വേദി ഉണ്ടായിട്ടുണ്ടോ എന്ന് സംശയം. കലയെയും സാഹിത്യത്തെയും ഭാഷയെയും കുറിച്ചുള്ള ഉദ്ഘാടകന്റെ ഓരോ വാക്കുകളും ഒരു പ്രാർത്ഥനപോലെ സദസ്യരുടെ മനസ്സുകളെ ധന്യമാക്കുകയായിരുന്നു. ഹർഷാരവങ്ങളോടെ ആയിരുന്നു നിറഞ്ഞുകവിഞ്ഞ ഓഡിറ്റോറിയം ജയകുമാർ സാറിന്റെ സൗമ്യ ദീപ്തമായ പ്രസംഗം നെഞ്ചിലേറ്റിയത്.
ജെ എം പി സോഫ്റ്റ്‌വെയർ സാങ്കേതിക മികവിന്റെ വിജയം
ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന JMP സോഫ്റ്റ്‌വെയർ എന്ന സ്ഥാപനത്തിന്റെ സാങ്കേതിക മികവിന്റെ വിജയം കൂടിയാണ് പത്താമത് യുക്മ ദേശീയ കലാമേള. കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ച് വിജയകരമെന്ന് തെളിയിച്ച ഡിജിറ്റൽ കലാമേള സോഫ്റ്റ്‌വെയർ, ആവശ്യമായ മാറ്റങ്ങളോടെ പൂർണ്ണമായി കുറ്റമറ്റ രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞത് 2019 ലെ കലാമേളയുടെ ഒരു വലിയ വിജയ കാരണമായി. എട്ട് റീജിയണൽ കലാമേളകളിലും ദേശീയ കലാമേളയിലും ഈ സോഫ്റ്റ്‌വെയർ ആണ് ഉപയോഗിച്ചത്. യുക്മയുടെ സഹയാത്രികനും, സൗത്ത് ഈസ്റ്റ് റീജിയന്റെ മുൻ സെക്രട്ടറിയുമായ ജോസ് പി എം വർഷങ്ങളായി നടത്തിവരുന്ന JMPsoftware.co.uk എന്ന സ്ഥാപനം നേഴ്‌സിംഗ് ഏജൻസികളുടെ റോട്ട മാനേജ്‌മെന്റുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകൾ ആണ് പ്രധാനമായും ഡെവലപ് ചെയ്യുന്നത്.
ഉദ്ഘാടകന്റെ ആദരവ് നേടിയെടുത്ത അവതാരകർ
പത്താമത് യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടന – സമാപന വേദികൾ കഴിവ് തെളിയിച്ച അവതാരകർ ആണ് കൈകാര്യം ചെയ്തത്. മാഞ്ചസ്റ്ററിൽനിന്നുള്ള സീമാ സൈമൺ, നോർത്താംപ്റ്റണിൽനിന്നുള്ള നടാഷ സാം എന്നീ അവതാരകർ സദസ്സിനെ അനായാസം കയ്യിലെടുത്ത പ്രകടനമാണ് നടത്തിയത്. സ്വരശുദ്ധമായും അനർഗ്ഗളമായും മലയാള ഭാഷയിൽത്തന്നെ അവതരണം നടത്തിയ അവതാകരെ കലാമേള ഉദ്ഘാടകനായ കെ ജയകുമാർ പ്രത്യേകം അഭിനന്ദിച്ചു.
യുക്മ ദേശീയ കലാമേള – 2019 ന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച ഒരു വിഭാഗം ലൈറ്റ് & സൗണ്ട് എഞ്ചിനീയേഴ്‌സാണ്. ഇദംപ്രദമമായി അവാർഡ് നൈറ്റുകളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ എൽ.ഇ.ഡി സ്ക്രീനിന്റെ സഹായത്തോടെ ദൃശ്യ ശബ്ദവിസ്മയമൊരുക്കി ഗ്രേസ് ഹാംപ്ഷെയറിന്റെ ഉണ്ണികൃഷ്ണൻ നായർ പ്രധാന സ്റ്റേജ് കൈകാര്യം ചെയ്തപ്പോൾ റെക്സ് ബാന്റിന്റെ റെക്സ് ജോസ്, ജെ.ജെ. ഓഡിയോസിന്റെ ജോജോ തോമസ്, എന്നിവർ മറ്റ് 4 സ്റ്റേജുകളുടെ ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു. സ്റ്റോക് ഓൺ ട്രെന്റിൽ നിന്നുള്ള സ്പൈസ് ഹട്ട് മിതമായ നിരക്കിൽ രുചികരമായ ഭക്ഷണം കലാമേള നഗറിൽ വിതരണം ചെയ്തു. മഗ്നാവിഷൻ ടി വി ലൈവ് ആയി കലാമേള സംപ്രേക്ഷണം ചെയ്തിരുന്നു.
കാലാവസ്ഥ അനുകൂലമല്ലാതിരുന്നിട്ടു കൂടി ആയിരക്കണക്കിന് മലയാളി കലാപ്രേമികളും യുക്മ സ്നേഹികളുമാണ് “ശ്രീദേവി നഗറി”ലേക്ക് ഒഴുകിയെത്തിയത്. പ്രതികൂല കാലാവസ്ഥയിൽ കൂടുതൽ കരുത്താർജ്ജിക്കുക എന്ന അതിജീവന മന്ത്രം യുക്മ ദേശീയ കലാമേളയിൽ അക്ഷരംപ്രതി അർത്ഥവത്താകുകയായിരുന്നു. യുക്മ ന്യൂസ് ടീം, യുക്മയുടെ പോഷക സംഘടനകളായ സാംസ്കാരിക സമിതി, നഴ്സസ് ഫോറം, കലാമേളയുടെ സ്റ്റേജുകൾ കൈകാര്യം ചെയ്ത സ്റ്റേജ് മാനേജർമാർ, ഓഫീസ് കൈകാര്യം ചെയ്തവർ, റീജിയണൽ അസാേസിയേഷൻ ഭാരവാഹികൾ ഉൾപ്പെടുന്ന വാളണ്ടിയേഴ്സ് തുടങ്ങി നൂറ് കണക്കിന് യുക്മ പ്രവർത്തകർ ഒരേ മനസ്സോടെ പ്രവർത്തിച്ചതിന്റെ വിജയം കൂടിയാണ് മാഞ്ചസ്റ്ററിലെ ശ്രീദേവി നഗറിൽ കാണാൻ കഴിഞ്ഞത്.
യുക്മ ദേശീയ നിർവാഹക സമിതിയുടെയും നോർത്ത് വെസ്റ്റ് റീജിയണൽ കമ്മറ്റിയുടെയും മാസങ്ങൾ നീണ്ട പ്രയത്നങ്ങളുടെ അഭിമാനകരമായ വിജയദിനം എന്ന് 2019 നവംബർ രണ്ട് യുക്മയുടെ ചരിത്രത്തിൽ ഓർമ്മിക്കപ്പെടും. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിക്ക് സമ്മാനദാനത്തോടെ ദേശീയ മേളക്ക് കൊടിയിറങ്ങിയപ്പോൾ അടുത്തവർഷം കാണാമെന്ന ആശംസകളോടെ, വിങ്ങുന്ന മനസ്സോടെ യുക്മയുടെ സൗഹൃദ പൂമുറ്റത്തുനിന്നും മടക്കയാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല