സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പതിനൊന്നാമത് യുക്മ ദേശീയ കലാമേളയ്ക്ക് തുടക്കമായി. സുപ്രസിദ്ധ ചെണ്ടമേളം വിദ്വാൻ പത്മശ്രീ പെരുവനം കുട്ടൻ മാരാരുടെ പുകൾപെറ്റ മേളപ്പെരുമയിൽ ദേശീയ വെർച്വൽ കലാമേള ഉദ്ഘാടനം ചെയ്യപ്പെട്ടു. കോവിഡ് കാലഘട്ടത്തിൽ ഇത്രയേറെ പ്രതിസന്ധികളെ അതിജീവിച്ച് കലാമേള സംഘടിപ്പിച്ച യുക്മയെ പ്രശംസിച്ച അദ്ദേഹം ചെണ്ട വായിച്ച് കലാമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.
തൃശ്ശൂർ പൂരത്തിലെ കേളികേട്ട ഇലഞ്ഞിത്തറ മേളം അടക്കം കേരളത്തിലെ പ്രശസ്തങ്ങളായ നിരവധി ഉത്സവങ്ങൾക്ക് മേള പ്രമാണിയായ പ്രസിദ്ധ ചെണ്ടമേളം വിദ്വാൻ പത്മശ്രീ പെരുവനം കുട്ടൻ മാരാർ യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടകനായി എത്തി എന്നതു തന്നെ യുക്മയ്ക്കും യു.കെ മലയാളി കലാലോകത്തിന്
തന്നെയും വലിയൊരു അംഗീകാരമായി വിലയിരുത്തപ്പെടുന്നു. മേളപ്പെരുക്കങ്ങളുടെ തമ്പുരാനായ പെരുവനം കുട്ടൻ മാരാർ 2011 ൽ പത്മശ്രീ അവാർഡിന് സമ്മാനിതനാകുകവഴി ഒരു രാഷ്ട്രത്തിന്റെ മുഴുവൻ ആദരവ് ഏറ്റുവാങ്ങിയ ഗുരുതുല്യനായ കലാകാരനാണ്.
യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ലൗട്ടൻ മേയർ ശ്രീ ഫിലിപ്പ് എബ്രഹാം, ദേശീയ വൈസ് പ്രസിഡന്റ്മാരായ അഡ്വ. എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ എന്നിവർ സംസാരിച്ചു. സാജൻ സത്യൻ ഭദ്രദീപം തെളിയിച്ചു. യു.കെ യിലെ അറിയപ്പെടുന്ന നർത്തകിയും നൃത്താധ്യാപികയുമായ മഞ്ജു സുനിൽ അവതരിപ്പിച്ച രംഗപൂജയോട് കൂടെ ഉദ്ഘാടന പരിപാടികൾ ആരംഭിച്ചു. സൂര്യ ടിവി യിലൂടെ അവതാരകയായി ശ്രദ്ധേയയായ യു.കെയിലെ സാംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യം ദീപ നായർ അവതരണത്തിന്റെ മികവുമായി ദേശീയ കലാമേള ഉദ്ഘാടന ചടങ്ങുകൾക്ക് ചാരുത പകർന്നു.
യശഃശരീരനായ സംഗീത ചക്രവർത്തി എസ് ബി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അർപ്പിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള എസ് പി ബി വെർച്വൽ നഗറിലാണ് പതിനൊന്നാമത് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് നടക്കുന്ന യുക്മ ദേശീയ കലാമേളയിൽ ഇനിയുള്ള ദിവസങ്ങൾ മത്സര പോരാട്ടങ്ങൾതന്നെ ആയിരിക്കുമെന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് പറഞ്ഞു. യുക്മ ദേശീയ ഭാരവാഹികളായ അനീഷ് ജോൺ, സെലീന സജീവ്, ടിറ്റോ തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മുൻകൂട്ടി അറിയിച്ച് സംപ്രക്ഷേപണം ചെയ്യുന്ന രീതിയിലാണ് യുക്മ ദേശീയ കലാമേള മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജായ UUKMA യിലൂടെയാണ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യപ്പെടുന്നത്. വിവിധ കാറ്റഗറികളിലും വ്യത്യസ്ത ഇനങ്ങളിലുമായി അഞ്ഞൂറിലേറെ മത്സരാർത്ഥികളാണ് മേളയിൽ മാറ്റുരക്കുന്നത്.
ഉദ്ഘാടന ചടങ്ങിന് ശേഷം സബ് ജൂനിയേർസ് ഭരതനാട്യത്തോടുകൂടി മത്സരങ്ങൾക്ക് തുടക്കമായി. മുൻകൂട്ടി അറിയിച്ച് തുടർന്നുള്ള ദിവസങ്ങളിൽ വൈകുന്നേരം ആറ് മണിമുതൽ നാല് മണിക്കൂർ നീണ്ടു നിൽക്കുന്ന വിധമാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 2021 ജനുവരി 2 ശനിയാഴ്ച യുക്മ സംഘടിപ്പിച്ചിരിക്കുന്ന പുതുവത്സര ആഘോഷ പരിപാടിയിൽ ദേശീയ കലാമേളയുടെ സമാപനവും ഫല പ്രഖ്യാപനങ്ങളും സമ്മാന വിതരണവും നടത്തുന്നതാണ്.
വെർച്വൽ പ്ലാറ്റ്‌ഫോമിന്റെ സാധ്യതകളും വെല്ലുവിളികളും ഏറ്റെടുത്തുകൊണ്ട് യുക്മ നടത്തുന്ന ദേശീയ കലാമേള നിങ്ങളുടെ സ്വീകരണ മുറികളിലേക്കെത്തുമ്പോൾ, അതിനെ സഹർഷം ഏറ്റെടുക്കണമെന്നും മത്സരാർത്ഥികളെ ഹൃദയപൂർവ്വം പ്രോത്സാഹിപ്പിക്കണമെന്നും യുക്മ ദേശീയ നിർവ്വാഹക സമിതി അഭ്യർത്ഥിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല