സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പതിനൊന്നാമത് യുക്മ ദേശീയ കലാമേളയ്ക്ക് രണഭേരി ഉയരുമ്പോൾ, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വെർച്വൽ പ്ലാറ്റ്‌ഫോം ഒരുങ്ങുകയാണ്. യശഃശരീരനായ ഇന്ത്യൻ സംഗീത ചക്രവർത്തി എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള എസ് പി ബി നഗറിലാണ് (വെർച്വൽ) പതിനൊന്നാമത് യുക്മ ദേശീയ കലാമേള നടക്കുന്നത്.
വെർച്വൽ പ്ലാറ്റ്‌ഫോമിൽ കലാമേള സംഘടിപ്പിക്കുക എന്ന വെല്ലുവിളി യുക്മ ഏറ്റെടുക്കുമ്പോൾ, കഴിഞ്ഞ പത്തു കലാമേളകളിൽനിന്നും പ്രധാനപ്പെട്ട ചില വ്യത്യാസങ്ങൾ ഈ വർഷത്തെ കലാമേളക്ക് എടുത്തുപറയുവാനുണ്ട്. റീജിയണൽ കലാമേളകൾ ഈ വർഷം ഉണ്ടായിരിക്കില്ല എന്നതാണ് പ്രധാനപ്പെട്ട ഒരു സവിശേഷത. അംഗ അസ്സോസിയേഷനുകൾക്ക് നേരിട്ട് ദേശീയ കലാമേളയിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്. കലാമേളയ്ക്ക് മത്സരാർത്ഥികൾ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയ്യതി അംഗ അസോസിയേഷനുകളിൽ നിന്നുള്ള അഭ്യർത്ഥനകൾ കൂടി മാനിച്ച് യുക്മ ദേശീയ സമിതി നവംബർ 22 ഞായറാഴ്ചയിലേക്ക് മാറ്റിയിരിക്കുന്നു. നവംബർ 30 തിങ്കളാഴ്ചയ്ക്ക് മുൻപായി മത്സരിക്കുന്ന ഇനങ്ങളുടെ വീഡിയോ അയച്ചുതരേണ്ടതാണെന്ന് യുക്മ കലാമേളയുടെ ചുമതലയുള്ള വൈസ് പ്രസിഡൻറ് ലിറ്റി ജിജോ, ജോയിൻ്റ് സെക്രട്ടറി സാജൻ സത്യൻ എന്നിവർ അറിയിച്ചു. മത്സരത്തിൻ്റെ വീഡിയോ അയക്കേണ്ടതെങ്ങനെയെന്ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് മത്സരാർത്ഥികളെ അറിയിക്കുന്നതാണ്.
സാമൂഹ്യ അകലം പാലിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട്, ഗ്രൂപ്പ് ഇന മത്സരങ്ങൾ ഈ വർഷം ഒഴിവാക്കിയിരിക്കുകയാണ്. ഇതാദ്യമായി ഉപകരണ സംഗീത മത്സരങ്ങൾ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നു എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. പുതുക്കിയ വെർച്വൽ കലാമേള മാനുവൽ റീജിയണുകൾക്കും അംഗ അസ്സോസിയേഷനുകൾക്കും അയച്ച്കഴിഞ്ഞതായി യുക്മ നാഷണൽ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ അറിയിച്ചു.
യുക്മയുടെ സഹയാത്രികൻ കൂടിയായ ജോസ് പി എം ന്റെ ഉടമസ്ഥതയിലുള്ള, ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നഴ്സിംഗ് ഏജൻസികൾക്കായി റോട്ടാമൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്ത JMPsoftware.co.uk യുക്മക്ക് വേണ്ടി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് വെർച്വൽ കലാമേളയുടെ രജിസ്‌ട്രേഷൻ മുതൽ സമ്മാനദാനം വരെയുള്ള എല്ലാ പ്രവർത്തനങ്ങളെയും ഏകോപിക്കുന്നത്.
രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് സാജൻ സത്യനെയും (07946565837), കാലമേളയുമായി ബന്ധപ്പെട്ട ഇതര കാര്യങ്ങൾക്ക് ലിറ്റി ജിജോയെയും (07828424575) ആണ് അസോസിയേഷനുകൾ ബന്ധപ്പെടേണ്ടതെന്ന് യുക്മ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല