അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): പതിനാലാമത് യുക്മ ദേശീയകലാമേളയ്ക്ക് ഉജ്ജ്വല പരിസമാപ്തി. കലാമേളയ്ക്ക് വേദിയൊരുക്കിയ ഗ്ലോസ്റ്ററിലെ ക്ലീവ് സ്കൂളിലെ ഇന്നസെൻറ് നഗറിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങiമളെ സാക്ഷിയാക്കി വേദികളിൽ നിറഞ്ഞാടിയത് കലാപ്രതിഭകളുടെ മാസ്മരിക പ്രകടനങ്ങളാണ്. മുൻ വർഷങ്ങളിൽ നിന്നും വിത്യസ്തമായി മത്സരാർത്ഥികളുടെ ബാഹുല്യം നിമിത്തം നിശ്ചിത സമയത്ത് മത്സരങ്ങൾ പൂർത്തിയാക്കി സമ്മാനദാനം നിർവഹിക്കുവാൻ സാധിക്കാതെ വരികയായിരുന്നു.
ഇന്നലെ അടിയന്തിരമായി ചേർന്ന യുക്മ ദേശീയ സമിതി യോഗം നവംബർ 25 ശനിയാഴ്ച പതിനാലാമത് യുക്മ ദേശീയ കലാമേളയുടെ സമ്മാനദാനം പൂർത്തിയാക്കുവാൻ തീരുമാനിച്ചു. ഇതിൻ പ്രകാരം മിഡ്ലാൻഡ്സ് റീജിയണിലെ എല്ലാവർക്കും എത്തിച്ചേരാൻ സൗകര്യപ്രദമായ ഒരു സ്ഥലത്ത് വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് സമ്മാനദാനം നടത്തുന്നതാണ്. പ്രസ്തുത ചടങ്ങിൽ ബഹുമാനപ്പെട്ട കോട്ടയം എം.പി ശ്രീ. തോമസ് ചാഴികാടൻ മുഖ്യാതിഥിയായി പങ്കെടുക്കും. മറ്റ് വിശിഷ്ട വ്യക്തികളും യുക്മ ദേശീയ ഭാരവാഹികളും ചടങ്ങിൽ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 2PM ന് പരിപാടികൾ ആരംഭിക്കും. പ്രത്യേകം തിരഞ്ഞെടുക്കുന്ന കലാപരിപാടികളും ചടങ്ങിൽ അവതരിപ്പിക്കും. വേദി എവിടെയാണെന്നത് പിന്നീട് അറിയിക്കുന്നതാണ്. അന്നേ ദിവസം എല്ലാ വിജയികൾക്കും സമ്മാനം വിതരണം ചെയ്യുന്നതാണ്. മുൻപ് സമ്മാനം ഏറ്റുവാങ്ങിയവർക്ക് ആവശ്യമെങ്കിൽ പ്രസ്തുത വേദിയിൽ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
പതിനാലാമത് യുക്മ ദേശീയ കലാമേളയുടെ മത്സര ഫലങ്ങളുടെ പൂർണ്ണ രൂപം പ്രസിദ്ധീകരിക്കുന്നു. നവംബർ നാല് ശനിയാഴ്ച്ച ചെൽറ്റൻഹാം ക്ളീവ് സ്‌കൂളിലെ ഇന്നസെന്റ് നഗറിൽ നടന്ന യുക്മ ദേശീയ കലാമേളയിൽ മത്സരാർത്ഥികളുടെയും കാണികളുടെയും ബാഹുല്യം മൂലം നീണ്ട് പോയ കലാമേള മത്സരയിനങ്ങൾ പുലർച്ചെ 3 മണിയോട് കൂടിയാണ് അവസാനിച്ചത്. സമയപരിമിതി മൂലം സമ്മാനദാനം പൂർത്തീകരിക്കുവാൻ കഴിഞ്ഞിരുന്നില്ല. യുക്മ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ ദേശീയ ഭാരവാഹികൾ ഫലപ്രഖ്യാപനം നടത്തിയിരുന്നു.
178 പോയന്റ് നേടി മിഡ്ലാൻഡ്സ് റീജിയൺ കിരീടം നിലനിർത്തി. 148 പോയിന്റുമായി യോർക്ഷയർ ആൻഡ് ഹംബർ റീജിയൻ റണ്ണർ അപ്പും 88 പോയിന്റുമായി സൗത്ത് വെസ്റ്റ് റീജിയൺ സെക്കന്റ് റണ്ണർ അപ്പുമായി.ചാമ്പ്യൻ അസ്സോസ്സിയേഷൻ 85 പോയന്റ് നേടിക്കൊണ്ട് ബിർമിങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയും (ബി സി എം സി) 72 പോയിന്റുമായി ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷൻ റണ്ണറപ്പും 71 പോയിന്റുമായി ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷൻ സെക്കന്റ് റണ്ണർ അപ്പുമായി.
ലൂട്ടൻ കേരളൈറ്റ്‌സ് അസ്സോസിയേഷന്റെ(LUKA) ടോണി അലോഷ്യസ് കലാപ്രതിഭയായപ്പോൾ വാർവ്വിക് ആൻഡ് ലീവിങ്ങ്ടൺ അസോസിയേഷന്റെ അമയ കൃഷ്ണ നിധീഷ് കലാതിലകം പട്ടവുംനേടി. നാട്യമയൂരം ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷന്റെ ഇവാ കുര്യാക്കോസ് നേടിയപ്പോൾ ബിർമിങ്ഹാം സിറ്റി മലയാളി കമ്മ്യുണിറ്റിയിലെ സൈറാ മരിയാ ജിജോ ഭാഷാകേസരി പട്ടത്തിനു അർഹയായി.
കിഡ്സ് വിഭാഗത്തിൽ അമയ കൃഷ്ണ നിധീഷും സബ്ജൂനിയർ വിഭാഗത്തിൽ ബിസിഎംസി യുടെ കൃഷ്ണരാഗ് പ്രവീൺ ശേഖറും, ജൂനിയർ വിഭാഗത്തിൽ EYCO യുടെ ഇവ മരിയാ കുര്യാക്കോസും, സീനിയർ വിഭാഗത്തിൽ ടോണി അലോഷ്യസും ഗ്രൂപ്പ് ചാമ്പ്യന്മാരായി. യുക്മ ദേശീയ കലാമേള സമ്മാനദാന ചടങ്ങിലേക്ക് വിജയികളേയും, ഏവരേയും സ്വാഗതം ചെയ്യുന്നതായി യുക്മ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറ, ജനാൽ സെക്രട്ടറി കുര്യൻ ജോർജ്, കലാമേള കോർഡിനേറ്റർ ജയകുമാർ നായർ തുടങ്ങിയവർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല