
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): കഴിഞ്ഞ ദിവസം യുകെയിലെ കെറ്ററിംങ്ങിൽ ഭർത്താവിനാൽ ദാരുണമായി അരുംകൊല ചെയ്യപ്പെട്ട വൈക്കം കുലശേഖരമംഗലം സ്വദേശിനി അഞ്ജു അശോകന്റെയും (40) കുട്ടികളായ ജീവ (6) ജാൻവി (4) എന്നിവരുടെ ഭൗതിക ശരീരങ്ങൾ അന്തിമ കർമങ്ങൾക്കായി നാട്ടിൽ അവരുടെ ജന്മനാടായ വൈക്കത്തെത്തിക്കുന്നതിന് കെറ്ററിംഗ് മലയാളി വെൽഫയർ അസോസിയേഷൻ്റെ സഹകരണത്തോടെ യുക്മ നേതൃത്വം വഹിക്കും.
യുകെ മലയാളികൾക്കൊപ്പം ഇന്നാട്ടുകാരും ദാരുണ കൊലയുടെ ഞെട്ടലിന്റെ ആഘാതത്തിൽ നിന്നും ഇനിയും മുക്തി നേടിയിട്ടില്ല. വൈക്കം എം എൽ എ ശ്രീമതി. സി കെ ആശയോടൊന്നിച്ച് യുക്മ വക്താവ് അഡ്വ.എബി സെബാസ്റ്റ്യൻ, യു കെ മലയാളി ജഗദീഷ് നായർ എന്നിവർ അഞ്ജുവിന്റെ വൈക്കം കുലശേഖരമംഗലത്തെ ഭവനം സന്ദർശിക്കുകയും മാതാപിതാക്കൻമാരെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കുകയും കുടുംബത്തിന് യുക്മയുടെ പൂർണ പിന്തുണ അറിയിക്കുകയും ചെയ്തു. ഇത്തരുണത്തിൽ പിതാവ് അശോകൻ അഞ്ജുവിനെയും കുഞ്ഞുങ്ങളെയും അവസാനമായി കാണുവാനുള്ള സാഹചര്യം ഒരുക്കുവാൻ യുക്മ നേതൃത്വത്തോട് സഹായം അഭ്യർത്ഥിക്കുകയും അതിനുള്ള ചുമതല യുക്മ നേതൃത്വത്തെ ഏൽപിക്കുകയും ചെയ്തിട്ടുണ്ട്.
നോർക്ക അധികാരികൾ നാട്ടിലുള്ള യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറയെ ബന്ധപ്പെട്ട് ഇക്കാര്യത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ചിരുന്നു. യുകെയിലെ ഇന്ത്യൻ എംബസിയുമായി യുക്മ ലെയ്സൺ ഓഫീസർ മനോജ് പിള്ള ബന്ധപ്പെട്ട് എല്ലാ സഹായവും അഭ്യർത്ഥിക്കുകയും ഹൈക്കമ്മീഷന്റെ പിന്തുണ ഉറപ്പ് വരുത്തിയിട്ടുമുണ്ട്. യുക്മ നേതൃത്വവും, കെറ്ററിംഗ് മലയാളി വെൽഫയർ അസോസിയേഷൻ ഭാരവാഹികളായ ബെന്നി ജോസഫ്, അരുൺ സെബാസ്റ്റ്യൻ, അനീഷ് തോമസ്, സിബു ജോസഫ്, സോബിൻ ജോൺ തുടങ്ങിയവർ കെറ്ററിംഗിൽ പോലീസ്, എൻ എച്ച് എസ് അധികാരികളുമായി ബന്ധപ്പെട്ട് ഭൗതിക ശരീരം എത്രയും വേഗം നാട്ടിലെത്തിക്കുവാനുള്ള ഉത്തരവാദിത്വം നിർവ്വഹിച്ചുവരുന്നു.
യുകെ മലയാളികളുടെ പ്രാർത്ഥനയും പിന്തുണയും അഞ്ജുവിന്റെ കുടുംബത്തിനോടൊപ്പമുണ്ടാകണമെന്ന് യുക്മ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് അഭ്യർത്ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല