അലക്സ് വർഗ്ഗീസ് (യുക്‌മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ): ഫെബ്രുവരി 3 ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ കേരള നിയമസഭയിൽ അവതരിപ്പിച്ച 2023 – 2024 ലെ ബജറ്റിൽ പുതിയ നികുതി നിർദ്ദേശമായി അവതരിപ്പിച്ച അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് നികുതി ഈടാക്കുവാനുള്ള നീക്കത്തിനെതിരെ പ്രവാസികൾക്കിടയിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരുകയാണ്.
അമ്പത് ലക്ഷത്തിലധികം വരുന്ന പ്രവാസി മലയാളികളിൽ വലിയൊരു വിഭാഗത്തിനെ നേരിട്ട് ബാധിക്കുന്ന ഈ നികുതി നിർദ്ദേശത്തിനെതിരെ പ്രവാസികൾക്കിടയിൽ നിന്നും ഉയരുന്ന പ്രതിഷേധ സ്വരങ്ങളും ആശങ്കകളും യുക്‌മ നേതൃത്വം നിവേദനങ്ങളിലൂടെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ, ധനകാര്യ മന്ത്രി ശ്രീ. കെ.എൻ. ബാലഗോപാൽ, പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശൻ, കേരളത്തിൽ നിന്നുളള കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ. വി. മുരളീധരൻ, നോർക്ക റൂട്ട്സ് സി.ഇ.ഒ. ശ്രീ. ഹരികൃഷ്ണൻ നമ്പൂതിരി എന്നിവരെ അറിയിച്ചു.
പുതിയ നികുതി നിർദ്ദേശം വഴി സർക്കാരിന് ലഭിക്കുന്ന വരുമാനത്തേക്കാൾ കൂടുതൽ വരുമാന നഷ്ടമായിരിക്കും ദീർഘകാലാടിസ്ഥാനത്തിൽ സംഭവിക്കുവാൻ പോകുന്നത്. പുതിയ നികുതി നിർദ്ദേശം പ്രാബല്യത്തിൽ വന്നാൽ നല്ലൊരു വിഭാഗം പ്രവാസികളും വീടുകൾ വിൽക്കുവാൻ നിർബ്ബന്ധിതരാവുകയും അത് വഴി നാട്ടിലേക്കുള്ള അവരുടെ പതിവ് യാത്രകൾ ഇല്ലാതാവുകയും ചെയ്യും. അഭ്യന്തര വിനോദ സഞ്ചാരം, വിനോദ നികുതി, വിവിധ തരത്തിലുള്ള സേവന നികുതി, ജി.എസ്സ്.ടി എന്നിങ്ങനെ നികുതി, നികുതിയേതര വരുമാനങ്ങളിൽ സംസ്ഥാനത്തിന് ഉണ്ടാകുവാൻ പോകുന്ന വരുമാന നഷ്ടം പുതിയ നികുതിയിലൂടെ ലഭിക്കുന്ന അധിക വരുമാനത്തിന്റെ പല മടങ്ങായിരിക്കുമെന്നും ഇത് വഴി നഷ്ടമാകുവാൻ പോകുന്ന തൊഴിലവസരങ്ങളുടെ കാര്യവും കണക്കിലെടുക്കണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
പുതിയ നികുതി നിർദ്ദേശം വഴി നാട്ടിലൊരു വീടെന്ന പ്രവാസിയുടെ സ്വപ്‌നം തന്നെ ഇല്ലാതാവുകയും അത് വഴി നാട്ടിലെ നിർമ്മാണ മേഖലയിൽ വർഷം തോറും എത്തുന്ന ഭീമമായ തുക ഇല്ലാതാവുകയും ചെയ്യും. കേരളത്തിന്റെ നിർമ്മാണ മേഖലയേയും അത് വഴി തൊഴിലവസരങ്ങളേയും സാരമായി ബാധിക്കുന്ന ഒന്നായി ഈ നികുതി നിർദ്ദേശം മാറുമെന്നും യുക്മ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല