സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): ലോക പ്രവാസി സംഘടനകളിൽ കേരളപ്പെരുമ കൊണ്ടാടാൻ യുക്മക്ക് തുല്യം യുക്മ മാത്രം. യൂണിയൻ ഓഫ് യുണൈറ്റഡ് കിംഗ്‌ഡം മലയാളി അസ്സോസിയേഷൻസ് നവംബർ ഒന്ന് കേരളപിറവി ദിനത്തിൽ മലയാള നാടിന്റെ നന്മകളുമായി ഫേസ്ബുക്ക് ലൈവിൽ ചരിത്രം കുറിക്കാൻ എത്തുന്നു. നവംബർ ഒന്ന് ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിമുതൽ നടക്കുന്ന കേരളപിറവി ദിനാഘോഷങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന കലാവിരുന്നുകൾക്കൊപ്പം, സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖരും അണിചേരും.
കോവിഡിന്റെ രണ്ടാം വ്യാപനത്തെ അഭിമുഖീകരിക്കുവാൻ ബ്രിട്ടൻ തയ്യാറെടുപ്പുകൾ തുടരവേ, വെർച്യുൽ ആഘോഷങ്ങൾ മാത്രമേ അതിജീവനത്തിന്റെ പാതയിൽ സ്വീകാര്യമായുള്ളൂ എന്ന തിരിച്ചറിവിലാണ് ഫേസ്ബുക്ക് ലൈവുമായി കേരളപിറവി ആഘോഷിക്കുവാൻ യുക്മ ദേശീയ കമ്മറ്റി തീരുമാനിച്ചത്.
മലയാണ്മയുടെ ആത്മാവിനെ തൊട്ടറിഞ്ഞ, ജ്ഞാനപീഠ പുരസ്കാര ജേതാവ് മണ്മറഞ്ഞ സാംസ്ക്കാരിക ഇതിഹാസം മഹാകവി അക്കിത്തം അച്ചുതൻ നമ്പൂതിരിയുടെ സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് നടക്കുന്ന സാംസ്ക്കാരിക പരിപാടികൾ നവ്യാനുഭൂതി പകരുന്നതാക്കുവാനുള്ള തീവ്ര പരിശ്രമത്തിലാണ് യുക്മ ദേശീയ കമ്മറ്റി.
യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, ദേശീയ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, കേരളപിറവി ആഘോഷങ്ങളുടെ ചുമതലയുള്ള ദേശീയ കമ്മറ്റി അംഗം കുര്യൻ ജോർജ്ജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ യു കെ മലയാളി സമൂഹത്തിലെ നിരവധി പ്രതിഭകളെ അണിനിരത്തിക്കൊണ്ട് മലയാളത്തിന്റെ മഹാ ആഘോഷമായി നവംബർ ഒന്നിനെ മാറ്റുവാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല