കുര്യൻ ജോർജ്ജ് (യുക്മ ദേശീയ സമിതി അംഗം): 1956 നവംബർ ഒന്നിന് നിലവിൽ വന്ന സംസ്ഥാന പുനരേകീകരണ നിയമ പ്രകാരം ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട കേരള സംസ്ഥാനം 64 ന്റെ നിറവിലേക്ക് കടക്കുമ്പോൾ പ്രവാസി മലയാളി സംഘടനകളിലെ പ്രഥമ സ്ഥാനീയരായ യുക്മ കേരളപിറവി സമുചിതമായി ആഘോഷിക്കുവാൻ ഒരുങ്ങുകയാണ്. ജ്ഞാനപീഠ പുരസ്കാര ജേതാവ് മലയാളത്തിന്റെ പ്രിയപ്പെട്ട മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ഉചിതമായ സ്മരണാഞ്ജലികൾ അർപ്പിക്കുവാനുള്ള അവസരം കൂടിയാണ് യുക്മ ഈ പ്രോഗ്രാമിലൂടെ ഒരുക്കുന്നത്. മനുഷ്യ സ്നേഹത്തിന്റേയും ജീവിത വിശുദ്ധിയുടേയും നറുനിലാവ് പൊഴിച്ച് കടന്നു പോയ മഹാകവി അക്കിത്തമാണ്, മലയാള കവിതയിലെ ആധുനികതയ്ക്ക് ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന ഖണ്ഡകാവ്യത്തിലൂടെ 1952 ൽ തുടക്കം കുറിച്ചത്. നൻമയും വെളിച്ചവും നിറഞ്ഞ കവി ഹൃദയം തന്റെ കവിതകളിലൂടെ മലയാളിക്ക് പകർന്ന് തന്നത് കാലങ്ങളെ അതിജീവിക്കുന്ന അക്ഷര സ്നേഹസാരമാണ്.
യുക്മ ഫേസ്ബുക്ക് പേജിൽ നവംബർ ഒന്നിന് ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതൽ ലൈവായി നടക്കുന്ന ആഘോഷങ്ങൾക്ക് കലാ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ആശംസകളുമായ് ഒത്ത് ചേരും. കാവ്യകേളിയും വൈവിധ്യമാർന്ന നൃത്ത-സംഗീത പരിപാടികളുമായി നിരവധി പ്രശസ്ത കലാകാരൻമാർ പങ്ക് ചേരുമ്പോൾ ഏറെ ആസ്വാദ്യകരമായ ഒരു ദൃശ്യ-ശ്രാവ്യ വിരുന്നാണ് അണിയറയിൽ ഒരുങ്ങുന്നത്.
മലയാള കവിതയുടെ മുഴുവൻ ഭംഗിയും പ്രേക്ഷകരിലെത്തിക്കുവാൻ കഴിയുന്ന പ്രതിഭാശാലികളായ ശ്രീകാന്ത് താമരശ്ശേരി, സീമാ രാജീവ്, ജീനാ നായർ തൊടുപുഴ, അനിൽ കുമാർ കെ പി, അയ്യപ്പശങ്കർ വി എന്നിവരാണ് കാവ്യകേളിയിൽ അണി നിരക്കുന്നത്. കൈരളി അക്ഷരശ്ലോക രംഗം പരേതനായ കെ എൻ വിശ്വനാഥൻ നായർ സാറിന്റെ ശിഷ്യനായ ശ്രീകാന്ത് നമ്പൂതിരിയാണ് കാവ്യകേളിയ്ക്ക് നേതൃത്വം നൽകുന്നത്. സ്കൂൾ, യൂണിവേഴ്സിറ്റി തലങ്ങളിൽ അക്ഷരശ്ളോകം, കാവ്യകേളി വിഭാഗങ്ങളിൽ നിരവധി പുരസ്കാരങ്ങൾക്ക് ഉടമയായ ശ്രീകാന്ത് മലയാള ഭാഷാ പണ്ഡിതനായ രാമൻ നമ്പൂതിരിയുടെ ചെറുമകനാണ്. ബർമിംഗ്ഹാമിൽ താമസിക്കുന്ന ശ്രീകാന്ത് ഗുരുവായൂർ ക്ഷേത്രത്തിലെ നാരായണീയം ശ്ലോക സദസ്സ് സ്വർണ്ണ മെഡൽ ജേതാവ്, കൈരളി ടിവിയിലെ കവിതയുടെ റിയാലിറ്റി ഷോ മാമ്പഴം സീസൺ 2 എന്നിവയിലെ വിജയിയായിരുന്നു.
കാനഡയിലെ കാൽഗറിയിൽ നിന്നും കാവ്യകേളി ടീമിനൊപ്പം പങ്ക് ചേരുന്ന സീമ രാജീവ് അക്ഷര ശ്ലോക വേദികളിലെ സ്ഥിര സാന്നിദ്ധ്യമാണ്. കേരളത്തിലെ സാമൂഹിക പരിഷ്കരണ ശ്രമങ്ങൾക്ക് ഗതിവേഗം കൂട്ടിയ വി .ടി ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന നാടകത്തിലെ അഭിനേതാവും, കേരളത്തിലെ ഒട്ടുമിക്ക അക്ഷശ്ലോക മത്സര വേദികളിൽ പങ്കെടുക്കുകയും , രണ്ടു തവണ ഗുരുവായൂരപ്പൻ സുവർണ മുദ്ര, തൃശ്ശൂർ പൂരം ഉൾപ്പെടെ 7 ഓളം സുവർണ മുദ്രകൾ നേടിയ അന്തരിച്ച ശ്രീ സുബ്രമണ്യൻ നമ്പൂതിരിയുടെ മകളും, കാൽഗറിയിലെ സാമൂഹ്യ, സാഹിത്യ വേദികളിൽ നിറ സാന്നിദ്ധ്യമായ രാജീവ് ചിത്രഭാനുവിന്റെ സഹധർമ്മിണിയുമാണ്.
യു കെയിലെ അക്ഷര ശ്ലോക കൂട്ടായ്മയിലെ സജീവാംഗമായ അനിൽകുമാർ കെ പി ബർമിങ്ഹാമിൽ താമസിക്കുന്നു. ഒരു തികഞ്ഞ സാഹിത്യാസ്വാദകനായ അനിൽ കുമാർ ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓൺലൈൻ കവിതാ സന്ധ്യയിൽ പങ്കെടുത്ത് കവിത അവതരിപ്പിച്ചിട്ടുണ്ട്.
10 വയസ്സ് മുതൽ അക്ഷര ശ്ലോകം പഠിക്കാൻ തുടങ്ങിയ ജീന നായർ തൊടുപുഴ, സ്കൂൾ കലോത്സവങ്ങളിൽ മലയാളം , സംസ്‌കൃതം കവിതാ പാരായണ മത്സരങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് . ഇപ്പോൾ ലണ്ടനിലെ ഈസ്റ്റ്ഹാമിൽ സകുടുംബം താമസിക്കുന്ന ജീന, പരേതനായ ശ്രീ. എം കെ ദാമോദരൻ ആചാരിയുടെ ശിഷ്യയാണ്.
ഈസ്റ്റ്ബോണിൽ താമസക്കാരനായ അയ്യപ്പശങ്കർ വി അക്ഷര ശ്ലോക, കാവ്യകേളി വേദികളിലെ ഒരു സ്ഥിരസാന്നിദ്ധ്യമാണ്. കൈരളി അക്ഷര ശ്ലോക രംഗം പരേതനായ വിശ്വനാഥൻ നായർ സാറിന്റെ ശിഷ്യനാണ്.
മാനവ സ്നേഹത്തിന്റേയും സൌമ്യതയുടേയും നിറച്ചാർത്തണിഞ്ഞ് നിൽക്കുന്ന അക്കിത്തം കവിതയുടെ മുഴുവൻ മനോഹാരിതയും പ്രേക്ഷകരിലെത്തിക്കുവാൻ കഴിയുന്ന ഒരു ടീമാണ് കേരളപിറവി ദിനാഘോഷത്തിൽ നമ്മോടൊപ്പം ലൈവിൽ പങ്ക് ചേരുന്നത്.
യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാർ പിള്ള, ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, ദേശീയ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ, യുക്മ കേരളപിറവി ദിനാഘോഷം മലയാളികളുടെ ഒരു മഹാ ആഘോഷമാക്കി മാറ്റുവാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്.
യു കെയിലെ അറിയപ്പെടുന്ന നർത്തകിയും കലാ സാംസ്കാരിക രംഗങ്ങളിലെ നിറ സാന്നിദ്ധ്യവുമായ ദീപ നായരാണ് ലൈവ് പ്രോഗ്രാം ഹോസ്റ്റ് ചെയ്യുന്നത്. ലൈവിനാവശ്യമായ സാങ്കേതിക സഹായങ്ങൾ യു കെയിലെ പ്രശസ്തമായ റെക്സ് ബാൻഡിലെ റെക്സ് ജോസ് ആണ് ഒരുക്കുന്നത്. ഏവരേയും യുക്മ കേരളപിറവി ആഘോഷങ്ങളിലേക്ക് യുക്മ ദേശീയ സമിതി സ്വാഗതം ചെയ്തു കൊള്ളുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല