അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യു കെ മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്ന ആ സുദിനം ഇന്നാണ്. മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള അലൈഡ് പ്രസൻ്റ്സ് “കേരളാ പൂരം 2022” ഇന്ന് ഓഗസ്റ്റ് 27 ശനിയാഴ്ച്ച മാന്‍വേഴ്സ് തടാകം യൂറോപ്പിലെ പുന്നമട കായലാകുവാന്‍വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കഴിഞ്ഞു. വിശിഷ്ടാതിഥികളായ ഉണ്ണി മുകുന്ദൻ, വിഷ്ണു മോഹൻ, ഷെഫ് പിള്ള, ചലച്ചിത്ര പിന്നണി ഗായിക മാളവിക അനിൽകുമാർ രാഷ്ട്രീയ സാമൂഹിക മേഖലകളിലെ മറ്റ് വിശിഷ്ട വ്യക്തികൾ തുടങ്ങിയവരെല്ലാവരും ഷെഫീൽഡിൽ എത്തിച്ചേർന്നു.
യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ.ബിജു പെരിത്തറയുടെ നേതൃത്വത്തിൽ യുക്മ ദേശീയ സമിതി, റീജിയൺ കമ്മിറ്റികൾ, അംഗ അസോസിയേഷൻ ഭാരവാഹികൾ, യുക്മയ്ക്ക് എല്ലാ കാലവും അകമഴിഞ്ഞ് പിന്തുണ നല്കിക്കൊണ്ടിരിക്കുന്ന യുകെ മലയാളി സമൂഹം തുടങ്ങി എല്ലാവരുടെയും മാസങ്ങളായുള്ള കഠിന പ്രയത്നമാണ് ഇന്ന് മാൻവേഴ്സ് തടാകക്കരയിൽ പൂർത്തിയാവുന്നത്. എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ഭാരവാഹികളും ഭാരവാഹികളല്ലാത്ത യുക്മയെ നെഞ്ചിലേറ്റിയ യുകെ മലയാളികളും ഒത്തൊരുമയോടെ പ്രവർത്തിച്ചാണ് യുക്മയുടെ ഓരോ പരിപാടികളും വൻ വിജയത്തിലെത്തിക്കുന്നത്.
രാവിലെ 8.30 ന് ടീമുകളുടെ ജേഴ്സി വിതരണവും ടീം മീറ്റിംഗും നടക്കും. തുടർന്ന് രാവിലെ 10ന് തന്നെ ഹീറ്റ്സ് മത്സസരങ്ങൾ ആരംഭിക്കും. ആദ്യ ഹീറ്റ്സ് മത്സരങ്ങൾക്ക് ശേഷം ഉദ്ഘാടന പരിപാടികൾ നടക്കും. ടീമുകളുടെ മാർച്ച് പാസ്റ്റ് വിനോദ് നവധാരയുടെ നേതൃത്വത്തിലുള്ള ചെണ്ടമേളം മാർച്ച് പാസ്റ്റിന് അകമ്പടിയേകും. ഓരോ ടീമുകളും തങ്ങളുടെ ടീമിൻ്റെ പതാകയേന്തിയായിരിക്കും മാർച്ച് പാസ്റ്റിൽ പങ്കെടുക്കുക. നൂറ് കണക്കിന് മലയാളി മങ്കമാർ മാർച്ച് പാസ്റ്റിൽ കേരളീയ വേഷത്തിൽ മാർച്ച് പാസ്റ്റിൽ സംബന്ധിക്കും. തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിത്തറ അദ്ധ്യക്ഷത വഹിക്കും. ഉണ്ണി മുകുന്ദൻ, വിഷ്ണു മോഹൻ, ഷെഫ് പിള്ള, മാളവിക അനിൽകുമാർ, എം പിമാർ മറ്റ് വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം മത്സരങ്ങൾ തുടരും. മത്സരങ്ങളുടെ ഇടവേളകളിൽ സ്റ്റേജിൽ വിവിധ കലാപരിപാടികളും നടക്കുന്നതായിരിക്കും.
തടാകത്തിന് ചുറ്റുമുള്ള ആയിരക്കണക്കിന് ആളുകളെ ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന പാര്‍ക്കില്‍ കഴിഞ്ഞ മൂന്ന് തവണയും ലഭിച്ചതു പോലെ തന്നെ ഒരു ദിവസം പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വള്ളംകളി മത്സരത്തില്‍ പങ്കെടുക്കാനെത്തുന്ന ടീമുകള്‍ക്കും അതോടൊപ്പം ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനും മത്സരം കാണുന്നതിനുമായി എത്തിച്ചേരുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാത്ത തരത്തിലുള്ള സജ്ജീകരണങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. യു.കെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള 27 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേരുന്നത്. മത്സരിക്കുന്ന ടീമുകള്‍ക്കൊപ്പം തന്നെ യുക്മയിലെ അംഗ അസോസിയേഷനുകളും വണ്‍ ഡേ ഫാമിലി ടൂര്‍ എന്ന നിലയില്‍ ബസ്സുകളിലും കോച്ചുകളിലുമായിട്ടാണ് എത്തിച്ചേരുന്നത്. കോച്ചുകള്‍ക്കും കാറുകള്‍ക്കും പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേകം പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഇന്ന് ഓഗസ്റ്റ് 27 ശനിയാഴ്ച്ച നടത്തപ്പെടുന്ന “കേരളാ പൂരം 2022″നോട് അനുബന്ധിച്ച് എല്ലാവര്‍ക്കും ആസ്വദിക്കത്തക്കവിധമുള്ള വിവിധ സൗകര്യങ്ങള്‍ മാന്‍വേഴ്സ് തടാകത്തിന്റെ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ടെന്ന് യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ് എന്നിവര്‍ ഏവരേയും സ്വാഗതം ചെയ്തു കൊണ്ട് അറിയിച്ചു.
സെലിബ്രിറ്റി ഗസ്റ്റുകള്‍
യുക്മ കേരളാപൂരം വള്ളംകളി – 2022 ന് ആവേശം പകരാന്‍ മലയാളത്തിന്റെ പ്രിയ നടന്‍ ഉണ്ണി മുകുന്ദനും യുവ ചലച്ചിത്ര സംവിധായകന്‍, മേപ്പടിയാന്‍ ഫെയിം വിഷ്ണു മോഹൻ, പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക മാളവിക അനിൽകുമാർ, ലോക പ്രശസ്ത പാചക വിദഗ്ദൻ ഷെഫ് സുരേഷ് പിള്ള തുടങ്ങിയവർ എത്തിക്കഴിഞ്ഞു. കൂടാതെ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ നിന്നുള്ള എം.പിമാര്‍, മേയര്‍മാര്‍, കൗണ്‍സിലേഴ്സ്, പ്രമുഖ ഗായകരും നര്‍ത്തകരുമെല്ലാം ഒത്തുചേരുന്നതായിരിക്കും വിശിഷ്ടാതിഥികളുടെ നിര.
“കേരളാപൂരം 2022” മത്സരവേദിയും പ്രവേശനവും
മാന്‍വേഴ്സ് തടാകവും അനുബന്ധ പാര്‍ക്കുമെല്ലാമായി പതിനായിരത്തോളും ആളുകളെ ഉള്‍ക്കൊള്ളുന്നതിനുള്ള സൗകര്യമുണ്ട്. വള്ളംകളി മത്സരം നടത്തപ്പെടുന്ന തടാകത്തിന്റെ ഏത് ഭാഗത്ത് നിന്നാലും തടസ്സമില്ലാതെ മത്സരം വീക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ട്. പ്രധാന സ്റ്റേജ്, ഭക്ഷണ ശാലകള്‍, മറ്റ് പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവ ചുറ്റുമുള്ള പുല്‍തകിടിയിലാവും ഒരുക്കുന്നത്. ഒരേ സ്ഥലത്ത് നിന്നു തന്നെ വള്ളംകളി മത്സരങ്ങളും സ്റ്റേജ് പ്രോഗ്രാമുകളും കാണുന്നതിനുള്ള അവസരമുണ്ടായിരിക്കും. കൂടാതെ മൂവായിരത്തിലധികം കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. യു.കെയിലെ ബോട്ട് റേസ് നടത്തുന്നതിന് സൗകര്യമുള്ള മറ്റ് തടാകങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തടസ്സങ്ങളൊന്നുമില്ലാതെ കരയിലെ ഏത് ഭാഗത്ത് നില്‍ക്കുന്ന കാണികള്‍ക്കും തടസ്സങ്ങളില്ലാതെ മത്സരം വീക്ഷിക്കാമെന്നുള്ളത് വേദിയെ ശ്രദ്ധേയമാക്കുന്നു.
ശനിയാഴ്ച്ച രാവിലെ 8.30 മുതല്‍ പൊതുജനങ്ങള്‍ക്ക് പാര്‍ക്കിലേയ്ക്കുള്ള പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. ഇന്ന് പാര്‍ക്കില്‍ പ്രവേശിക്കുന്ന അഞ്ച് വയസ്സിന് മുകളിലേയ്ക്കുള്ള എല്ലാവരും സംഘാടകര്‍ നല്‍കുന്ന റിസ്റ്റ് ബാന്റ് ധരിക്കേണ്ടതാണ്. തിരക്ക് ഒഴിവാക്കുന്നതിന് പ്രവേശനത്തിനായി നാല് കൗണ്ടറുകള്‍ ഉണ്ടായിരിക്കും. പ്രോഗ്രാം കമ്മറ്റി ഫിനാന്‍സ് മാനേജര്‍മാരായ ഡിക്സ് ജോര്‍ജ്ജ്, എബ്രാഹം പൊന്നുംപുരയിടം, പീറ്റര്‍ താണോലില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ ടീം പ്രവേശന കവാടത്തില്‍ തിരക്കുകള്‍ ഉണ്ടാവാത്ത വിധത്തില്‍ പ്രവേശന നിരക്ക് ഈടാക്കി റിസ്റ്റ് ബാന്റ് നല്‍കുന്നതായിരിക്കും.
പ്രവേശന ഫീ: 3 പൗണ്ട് (5 വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രവേശനം ഫ്രീ ആയിരിക്കും).
പാര്‍ക്കിംഗ്:
വിശാലമായ പാര്‍ക്കിങ് സൗകര്യം അന്നേ ദിവസം എത്തിച്ചേരുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. 3500 കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേക ഗ്രൗണ്ട് സംഘാടകസമിതി ക്രമീകരിച്ചിട്ടുണ്ട്. പാര്‍ക്കിംഗിനായുള്ള ഗ്രൗണ്ടിന് വാടക നല്‍കണമെങ്കിലും ഇവന്റിന് എത്തിച്ചേരുന്ന എല്ലാവര്‍ക്കും പാര്‍ക്കിംഗ് തികച്ചും സൗജന്യമായിരിക്കും. പരിപാടിയ്ക്കായി എത്തിച്ചേരുന്ന കാറുകള്‍ക്ക് പാര്‍ക്കിങിന് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിന് പാര്‍ക്കിങ് അറ്റന്റുമാര്‍ സ്ഥലത്ത് ഉണ്ടായിരിക്കുന്നതാണ്.
കാര്‍ പാര്‍ക്കിംഗ് അഡ്രസ്സ് & പോസ്റ്റ് കോഡ്:
Triangle Car Park, Station Road, Wath upon Dearne, Rotherham, S63 7DG
Pump House Car Park, Station Road, Wath upon Dearne, Rotherham, S63 7DG
ടീമുകള്‍ എത്തിച്ചേരുന്ന ബസ്സുകളും കോച്ചുകളും പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലം ലഭ്യമാണ്. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്നും അല്പദൂരം മാറിയാണ് കോച്ചുകളുടെ പാര്‍ക്കിങ് ക്രമീകരിച്ചിട്ടുള്ളത്.
കോച്ച് പാര്‍ക്കിംഗ് നടത്തേണ്ട സ്ഥലം:
Recreation Road, Wath upon Dearne, Rotherham, S63 7DG
വള്ളംകളി വീക്ഷിക്കുന്നതിനുള്ള സൗകര്യം
തടാകത്തിന്റെ ചുറ്റുമുള്ള സ്ഥലത്ത് നിന്ന് വള്ളംകളി മത്സരം നേരിട്ട് കാണുന്നതിന് അവസരമുണ്ടായിരിക്കും. ആളുകള്‍ക്ക് ഇരുന്ന് മത്സരങ്ങള്‍ വീക്ഷിക്കുന്നതിന് വിശാലമായ പുല്‍ത്തകിടിയുമുണ്ട്. ഒരേ സമയം പതിനായിരത്തില്പരം ആളുകള്‍ക്ക് യാതൊരു തിരക്കും കൂട്ടാതെ തന്നെ മത്സരങ്ങള്‍ വീക്ഷിക്കുന്നതിനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.
ലൈവ് പ്രോഗ്രാം നടക്കുന്ന സ്റ്റേജ്
കഴിഞ്ഞ തവണ ലൈവ് പ്രോഗ്രാം നടത്തുന്നതിന് സ്റ്റേജ് സജ്ജീകരിച്ചിരിച്ച തടാകത്തിന്റെ തീരത്ത് തന്നെയാവും ഇത്തവണയും സ്റ്റേജ് ക്രമീകരിക്കുന്നത്. ഓപ്പണ്‍ എയര്‍ സ്റ്റേജുകളില്‍ ഏറ്റവും സൗകര്യത്തോടെ പ്രവര്‍ത്തിക്കുന്നത് ഉറപ്പാക്കുന്നതിനായി പത്ത് മീറ്റര്‍ നീളവും ആറ് മീറ്റര്‍ വീതിയുമുള്ള വലിയ സ്റ്റേജ് ആയിരിക്കും ലൈവ് പ്രോഗ്രാമിന് അറേഞ്ച് ചെയ്തിട്ടുള്ളത്. രാവിലെ 10 മണി മുതല്‍ മത്സരങ്ങളുടെ ഇടവേളകളില്‍ സ്റ്റേജുകളില്‍ തനത് കേരളീയ കലാരൂപങ്ങളും നൃത്ത സംഗീത ഇനങ്ങളും അരങ്ങേറുന്നതായിരിക്കും. മനോജ്കുമാര്‍ പിള്ള, ലിറ്റി ജിജോ എന്നിവരുടെ നേതൃത്വത്തിലാണ് സ്റ്റേജ് പ്രോഗ്രാമുകൾ ക്രമീകരിക്കുന്നത്. യുക്മ വൈസ് പ്രസിഡൻ്റ് ലീനുമോൾ ചാക്കോ, ജോയിൻറ് സെക്രട്ടറി സ്മിതാ തോട്ടം എന്നിവരുടെ നേതൃത്വത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള കലാകാരികൾ അണിനിരക്കുന്ന മെഗാ തിരുവാതിര, ഫ്യൂഷൻ ഡാൻസ് എന്നിവ ഇന്ന് അവതരിപ്പിക്കും.
ഭക്ഷണ കൗണ്ടറുകള്‍:
മിതമായ നിരക്കില്‍ കേരളീയ ഭക്ഷണം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള വിവിധ കൗണ്ടറുകള്‍ അന്നേ ദിവസം പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും. ബ്രേക്ക് ഫാസ്റ്റ് മുതല്‍ ഡിന്നര്‍ വരെയുള്ള ഭക്ഷണ പാനീയങ്ങള്‍ ഈ കൗണ്ടറുകളില്‍ നിന്നും ലഭ്യമായിരിക്കും. യു.കെയിലെ സൗത്ത് വെസ്റ്റിലുള്ള ടോണ്‍ടണ്‍ നിന്നുള്ള മട്ടാഞ്ചേരി റസ്റ്റോറന്റ് & കേറ്ററിങ് കമ്പനിയാണ് ഇത് ഏറ്റെടുത്ത് നടത്തുന്നത്. ആളുകള്‍ക്ക് ഒരു ഫുഡ് ഫെസ്റ്റിവലിന്റെ അനുഭവം നല്‍കുന്നതിനു വേണ്ടിയുള്ള ഒരുക്കങ്ങളാണ് ഔട്ട്ഡോര്‍ കേറ്ററിങില്‍ അനുഭവസമ്പന്നരായ മട്ടാഞ്ചേരി ടീം നടത്തിവരുന്നത്. ഇത്തവണത്തെ യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍ ഉള്‍പ്പെടെ വലിയ കേറ്ററിങ് പരിപാടികള്‍ നടത്തിയ നടത്തി വിജയിപ്പിച്ച അനുഭവ സമ്പത്ത് കേരളാ പൂരത്തിൽ പകര്‍ന്ന് നല്‍കാനൊരുങ്ങുകയാണ് മട്ടാഞ്ചേരി കാറ്ററിംങ്ങ് കമ്പനി.
ഇവന്റ് നടക്കുന്ന മാന്‍വേഴ്സ് തടാകത്തിന്റെ പാര്‍ക്കിലെ സേഫ്റ്റി ആന്റ് സെക്യൂരിറ്റി നിബന്ധനകള്‍ വളരെ കര്‍ശനമാണ്. തടാകത്തിലേയ്ക്ക് കുട്ടികള്‍ ഒന്നും വലിച്ചെറിയാതിരിക്കാന്‍ മുതിര്‍ന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുന്നതിന് ഇവന്റ് ദിവസം പ്രത്യേക സെക്യൂരിറ്റി ഉടമസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ പാര്‍ക്കിങ് അറ്റന്റുമാര്‍, ക്ലീനിങ് അറ്റന്റേഴ്സ് എന്നിവരും ഇവന്റ് ഡേയില്‍ പ്രത്യേകം നിയോഗിക്കപ്പെടുന്നവരാണ്. ഇത്രയും ആളുകള്‍ പങ്കെടുക്കുന്നത് കൊണ്ട് തന്നെ എല്ലാവരുടേയും സൗകര്യാര്‍ത്ഥം പോര്‍ട്ടബിള്‍ ടോയ്ലറ്റ്സ് ഡിസേബിള്‍ഡ്, ബേബി ചേഞ്ചിങ് എന്നിവ കൂടി ഉള്‍പ്പെടുത്തി ക്രമീകരിച്ചിട്ടുണ്ട്.
ഉദ്ഘാടന സമ്മേളനം, സമാപന സമ്മേളനം, മത്സരങ്ങളുടെ ഇടവേളകളിലുള്ള കലാപരിപാടികള്‍ എന്നിവയ്ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് യു.കെയില്‍ സാധാരണ ഔട്ട് ഡോര്‍ ഇവന്റുകള്‍ക്ക് ഒരുക്കാറുള്ള ഏറ്റവും വലിയ സ്റ്റേജ് ആയിട്ടുള്ള 10 മീറ്റര്‍ നീളവും 6 മീറ്റര്‍ വീതിയുമുള്ള മെഗാ സ്റ്റേജാണ്. മെഗാ സ്റ്റേജ്, അതിനു അനുയോജ്യമായ സൗണ്ട് സിസ്റ്റം എന്നിങ്ങനെ വിപുലമായ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ വള്ളംകളി മത്സരം നിയന്ത്രിക്കുന്നതിന് പ്രത്യേക പവിലിയന്‍, റണ്ണിങ് കമന്ററിയ്ക്ക് സ്റ്റാര്‍ട്ടിങ്, ഫിനിഷിങ് പോയിന്റുകളില്‍ പ്രത്യേക സൗകര്യം എന്നിവയുമുണ്ട്. കൂടാതെ സ്പോണ്‍സേഴ്സ്, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവര്‍ക്ക് വി.ഐ.പി ലോഞ്ച് ഒരുക്കിയിട്ടുണ്ട്. യു.കെയിലെ മലയാളികള്‍ക്കിടയില്‍ ഇത്രയേറെ മുന്നൊരുക്കങ്ങളോട് കൂടി നടത്തപ്പെടുന്ന ജനകീയമായ മറ്റൊരു ഇവന്റ് ഇതുവരെയും ഉണ്ടായിട്ടില്ല. ബൃഹത്തായ ഒരു ഇവന്റ് എന്ന നിലയിലാണ് ഇതിന്റെ ബജറ്റ് അരലക്ഷത്തിലധികം പൗണ്ടിലെത്തിയത്. ഇതുപോലെ ഒരു സ്വപ്ന പദ്ധതി കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് തിരിച്ചറിഞ്ഞ് സ്പോണ്‍സേഴ്സ് സഹകരിച്ചതാണ് ഈ പരിപാടിയുടെ നടത്തിപ്പിന് സഹായകരമായത്. യുക്മയുടെ മെഗാ സ്പോണ്‍സറായി തുടരുന്ന അലൈഡ് മോര്‍ട്ട്ഗേജസ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പോള്‍ ജോണ്‍ സോളിസിറ്റേഴ്സ്, മലബാര്‍ ഫുഡ്സ്, ഏലൂര്‍ കണ്‍സള്‍ട്ടന്‍സി, ക്രോസ്സ് പേ, ഗ്ലോബല്‍ സ്റ്റഡി ലിങ്ക്, മട്ടാഞ്ചേരി റസ്റ്റോറന്റ് ആന്റ് കേറ്ററിങ് ഗ്രൂപ്പ്, എന്‍വര്‍റ്റിസ് കണ്‍സള്‍ട്ടന്‍സി, വോസ്റ്റെക്ക്, ഹോളിസ്റ്റിക്ക് കെയര്‍, ലവ് ടു കെയര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഇവന്റിന് പിന്തുണയുമായെത്തുന്നത്. ഇവരെ കൂടാതെ ടീമുകളെ സ്പോൺസർ ചെയ്തിരിക്കുന്ന സ്ഥാപനങ്ങളായ സേവ്യേഴ്‌സ് അക്കൗണ്ടൻസി, പെരിങ്ങത്തറ മെഡിക്കൽസ് ലിമിറ്റഡ്, സെനിത്ത് സോളിസിറ്റേഴ്സ്, ചാക്കോ ബിൽഡേഴ്സ് ലിമിറ്റഡ്, ഹോളിസ്റ്റിക് മോട്ടോ ഹോംസ്, പ്രിൻസ് ഫുഡ്സ്, വൈസ് കെയർ ലിമിറ്റഡ്, കെയർ ഫോർ സ്പെഷ്യൽ നീഡ്സ്, ഹോളിസ്റ്റിക് ഗാർമെൻ്റ്സ്, തറവാട് റസ്റ്റോറൻറ്, ഡി ജെ ടാക്സീസ്, എച്ച് സി 24 സ്റ്റാഫിംങ് ആൻഡ് കെയറിംങ്ങ്, കായൽ റസ്റ്റോറൻ്റ് എന്നീ സ്ഥാപനങ്ങളും വള്ളംകളിയുടെ വിജയത്തിനായി സഹകരിക്കുന്നുണ്ട്.
വള്ളംകളി മത്സരത്തില്‍ വിവിധ ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഒരു ഫാമിലി ഫണ്‍ ഡേ എന്ന നിലയില്‍ മലയാളി കുടുംബങ്ങള്‍ക്ക് പങ്കെടുക്കുന്നതിനുള്ള അവസരം കൂടിയാണ് യുക്മയുടെ നേതൃത്വത്തില്‍ നടത്തുന്ന “കേരളാ പൂരം 2022”. യൂറോപ്പില്‍ മലയാളികള്‍ നടത്തുന്ന ഏക വള്ളംകളി മത്സരവും കാണുന്നതിനും ആസ്വദിക്കുന്നതിനുമായുള്ള അവസരം എല്ലാ യു.കെ മലയാളികളും വിനയോഗിക്കണമെന്ന് സ്വാഗതസംഘത്തിന് വേണ്ടി ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
മത്സരവള്ളംകളി സംബന്ധിച്ച് ടീം ക്യാപ്റ്റന്മാര്‍ ബന്ധപ്പെടേണ്ടത്:-
ജയകുമാര്‍ നായര്‍ :- 07403223066
ജേക്കബ് കോയിപ്പള്ളി :- 07402935193
കേരളാ പൂരം 2022മായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ക്ക്:-
ഡോ. ബിജു പെരിങ്ങത്തറ (പ്രസിഡന്റ്) :- 07904785565,
കുര്യൻ ജോർജ് ( ജനറൽ സെക്രട്ടറി) :- 07877348602
ഡിക്സ് ജോർജ് (ട്രഷറർ) :- 07403312250
ഷീജോ വര്‍ഗ്ഗീസ് :- 07852931287
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല