ഇന്നലെ നടന്ന യുക്മ ദേശീയ സമിതിയിലെ കെ പി വിജി നയിച്ച പാനലിന്റെ വിജയം മാധ്യമ ധാര്‍ഷ്ട്യത്തിനെതിരെയും അധികാര മോഹികള്‍ക്കേതിരെയും യു കെ മലയാളികള്‍ നല്‍കിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.ഞാനാണ് യുക്മയുടെ സൃഷ്ടാവ്..ഞാന്‍ പറയുന്നത് പോലെയേ യുക്മയില്‍ നടക്കാവൂ..എന്‍റെ ആള്‍ക്കാരെ യുക്മയെ നയിക്കാവൂ എന്ന രീതിയില്‍ യുക്മ പിടിച്ചടക്കാന്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ മൂന്നാം കിട കളികള്‍ക്ക് യു കെയിലെ മലയാളി സംഘടനകള്‍ നല്‍കിയ ചുട്ട മറുപടിയാണ് ഇന്നലെ നടന്ന യുക്മ ദേശീയ തിരഞ്ഞെടുപ്പിലെ കെ പി വിജി നയിച്ച പാനലിന്റെ വിജയം.ഈ മാധ്യമ പ്രവര്‍ത്തകന്റെ വാക്കുകള്‍ വിശ്വസിച്ച് അധികാരത്തില്‍ കടിച്ചു തൂങ്ങുവാന്‍ വേണ്ടി സ്ഥാനമൊഴിഞ്ഞ ഭരണസമിതിയിലെ പ്രസിഡണ്ടും സെക്രട്ടറിയും ട്രഷററും സംഘടനയുടെ ജനാധിപത്യ സ്വഭാവം കാറ്റില്‍ പറത്താന്‍ തയ്യാറായതോടെ യുക്മയുടെ പ്രതിച്ഛായ തകര്‍ക്കുന്ന നാണം കെട്ട സംഭവങ്ങള്‍ക്കായിരുന്നു ഇക്കഴിഞ്ഞ മാസങ്ങള്‍ സാക്ഷ്യം വഹിച്ചത്.
യുക്മയുടെ ആദ്യ മീറ്റിങ്ങിന്റെ വാര്‍ത്ത നല്‍കി എന്നതിന്റെ പേരില്‍ സംഘടനയുടെ പിതൃത്വം അവകാശപ്പെടുന്ന മേല്‍പ്പറഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ തുടക്കം മുതലേ ഈ കൂട്ടായ്മയെ തകര്‍ക്കുന്ന നിലപാടുകള്‍ ആയിരുന്നു സ്വീകരിച്ചത്.ആദ്യ ഭരണസമിതിയെ കോട്ടിട്ട കോമാളികള്‍ എന്ന് വിളിച്ച ഇയാള്‍ രണ്ടാം ഭരണസമിതിയുടെ തിരഞ്ഞെടുപ്പിനെ വിഡ്ഢികളുടെ സമ്മേളനം എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ യുക്മയെ യു കെയിലെ മലയാളികള്‍ നെഞ്ചിലേറ്റുന്നുവെന്ന് മനസിലാക്കിയ പത്രക്കാരന്‍ തുടര്‍ന്ന് യുക്മയെ അനുകൂലിച്ചു വാര്‍ത്തകള്‍ എഴുതിത്തുടങ്ങി. ഇപ്പോള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്‍റെ പിണിയാളുകളെ തിരുകിക്കയറ്റുകയായിരുന്നു ലക്‌ഷ്യം.ഇതിനായി കഴിഞ്ഞ ഭരണ സമിതിയിലെ ഉന്നതരായ മൂവര്‍ സംഘത്തെ സപ്പോര്‍ട്ട് ചെയ്ത് അവര്‍ എന്തുകൊണ്ടും ഒരു തവണ കൂടി തുടരാന്‍ യോഗ്യരാണെന്ന് എഴുതിക്കൂട്ടി.
ഇയാളുടെ വാക്ക് വിശ്വസിച്ച മൂവര്‍സംഘം പിന്നീട് സംഘടനയെ ഒറ്റിക്കൊടുക്കുന്ന രംഗങ്ങള്‍ക്കാണ് യു കെ മലയാളികള്‍ സാക്ഷ്യം വഹിച്ചത്.ഇയാള്‍ക്ക് പാദസേവ ചെയ്യാന്‍ വേണ്ടി യുക്മയുടെ ജനാധിപത്യ സ്വഭാവം ലംഘിച്ച് തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ ശ്രമം നടത്തി. അത് ഫലം ചെയ്യുന്നില്ല എന്ന് മനസിലാക്കി തുടര്‍ന്ന് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആയിരുന്നു ശ്രമം.സംഘടനയുടെ തീരുമാനങ്ങള്‍ ഏകാധിപത്യപരമായി എടുക്കുകയും യഥാസമയം അംഗ സംഘടനകളെ അറിയിക്കാതെ പൂഴ്ത്തി വയ്ക്കുകയും ചെയ്തു.എങ്ങിനെയെങ്കിലും പ്രകോപനം ഉണ്ടാക്കി സംഘടനയില്‍ പിളര്‍പ്പ് ഉണ്ടാക്കുക എന്ന ഗൂഡലക്ഷ്യവും ഈ നീക്കത്തിന് പിന്നില്‍ ഉണ്ടായിരുന്നു.ഇപ്പോള്‍ തിരഞ്ഞെടുക്കപെട്ട യുക്മ പ്രസിഡണ്ട് കെ പി വിജിയെയും സെക്രട്ടറി ബാല സജീവ് കുമാറിനെയും തിരഞ്ഞെടുക്കരുതെന്നു ആഹ്വാനം ചെയ്ത് മേല്‍പ്പറഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ ലേഖനങ്ങളെഴുതി.കഴിഞ്ഞ ദിവസം ഒരു പടി കൂടി കടന്നു കെ പി വിജി പിന്മാറിയെന്നും വ്യാജ വാര്‍ത്ത കൊടുത്തു.
ഈ നീക്കങ്ങള്‍ എല്ലാം ക്ഷമയോടെ നേരിട്ട അംഗ സംഘടനകള്‍ എങ്ങിനെയും യുക്മയിലെ ജനാധിപത്യ സ്വഭാവം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോയി.ഇതോടെ പത്രക്കാരനും അധികാരമോഹികളും സ്വന്തം പാനലുമായി രംഗത്ത് വരുകയായിരുന്നു,ഇതേ തുടര്‍ന്ന് അംഗ സംഘടനകള്‍ എല്ലാ റീജിയനുകളില്‍ നിന്നും പ്രാതിനിധ്യം ഉറപ്പു വരുത്തി സ്വന്തം പാനല്‍ ഉണ്ടാക്കി .അപകടം മണത്ത മാധ്യമ പ്രവര്‍ത്തകനും യുക്മയിലെ മൂവര്‍ സംഘവും പിന്നീട് നടത്തിയ കളികള്‍ മലയാളികളുടെ ദേശീയ സംഘടനയുടെ പ്രതിച്ഛായ തകര്‍ക്കുന്ന രീതിയില്‍ ആയിരുന്നു.വോട്ടര്‍പട്ടിക സ്വന്തം ആളുകള്‍ക്ക് ചോര്‍ത്തി നല്‍കിയ യുക്മ ഉന്നതന്‍ ഈ ലിസ്റ്റ് അംഗ സംഘടനകള്‍ക്ക് നല്‍കിയത് തിരഞ്ഞെടുപ്പിന്‍റെ തലേന്ന് അര്‍ദ്ധ രാത്രിക്കാണ്.തിരഞ്ഞെടുപ്പ് എങ്ങിനെയും അട്ടിമറിക്കാനുള്ള കളികള്‍ ഇന്നലെ നടന്ന ജെനറല്‍ ബോഡിയിലും തുടര്‍ന്നു.
വോട്ടര്‍ പട്ടിക യഥാസമയം പുറത്തിറക്കാന്‍ സാധിക്കാത്ത യുക്മ നേതൃത്വത്തിന്റെ കഴിവുകേടിനെ അംഗ സംഘടനകള്‍ ഇന്നലെ നടന്ന ജെനറല്‍ ബോഡിയില്‍ ചോദ്യം ചെയ്തു.വിവാദങ്ങള്‍ക്ക് ശരിയായ മറുപടി നല്‍കാന്‍ കഴിയാതെ ധാര്‍ഷ്ട്യതോടെയാണ് നേതാക്കള്‍ സംസാരിച്ചത്.ഇതു പല അംഗങ്ങളെയും പ്രകോപിതരാക്കുകയും ചെയ്തു.സെക്രട്ടറിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പ്രവര്‍ത്തന കലണ്ടറിലെ ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ബാക്കിയായപ്പോള്‍ അംഗ സംഘടനകളുടെ ചോദ്യത്തിന് മുന്നില്‍ ഒരു ഉളിപ്പുമില്ലാതെ പാല തവണ നേതാക്കന്മാര്‍ക്ക് ഖേദം പ്രകടിപ്പിക്കേണ്ടി വന്നു.പത്തുപേര്‍ ചേര്‍ന്ന ഒരു സംഘടനയുടെ നിലവാരം പോലും ഇല്ലാത്ത വാര്‍ഷിക കണക്കാണ് യുക്മ എന്ന ദേശീയ സംഘടനയുടെ ട്രഷറര്‍ ഇന്നലെ അവതരിപ്പിച്ചത്.അര്‍ഹതയില്ലാത്തവര്‍ യുക്മയുടെ നേതൃസ്ഥാനങ്ങളില്‍ കടന്നുകൂടിയതിന്റെ ഉദാഹരണം ആയിരുന്നു യുക്മയുടെ കണക്കവതരണം.
വോട്ടര്‍ പട്ടികയിലെ കാലതാമസം തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണെന്നു മനസിലാക്കിയ അംഗ സംഘടനകള്‍ വിട്ടു വീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു.തുടര്‍ന്നു തികച്ചും ജനാധിപത്യ രീതിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വി ജി കെ പി നയിച്ച പാനലിലെ ഒരാളൊഴികെ എല്ലാവരും തിരഞ്ഞെടുക്കപ്പെട്ടു.ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാ റീജിയനുകള്‍ക്കും തുല്യ പ്രാധാന്യം നല്‍കി അവതരിപ്പിച്ച പാനലിനെ യു കെയിലെ മലയാളി സംഘടനകള്‍ നെഞ്ചിലെറ്റുകയായിരുന്നു.എതിര്‍ പാനലിലെ ദിലീപ് മാത്യു ട്രഷറര്‍ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.ഈ പാനലിലെ കഴിവുള്ള മറ്റു പലരുടെയും വിജയത്തിന് തടയിട്ടത് അവര്‍ക്ക് വിവാദ മാധ്യമ പ്രവര്‍ത്തകനും യുക്മയിലെ അധികാര മോഹികളുമായുള്ള ബന്ധം ആയിരുന്നു.യുക്മയെ നിയന്ത്രിക്കേണ്ടത് മാധ്യമങ്ങളും അധികാര മോഹികളും അല്ല എന്ന് തിരിച്ചറിഞ്ഞ അംഗ സംഘടന പ്രതിനിധികള്‍ സംഘടനയുടെ ജനാധിപത്യ സ്വഭാവം കാത്തു സൂക്ഷിക്കാന്‍ പ്രതിജ്ഞബദ്ധരായപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ടത് കഴിവും ഇച്ഛാശക്തിയുമുള്ള ഒരു നവ നേതൃത്വമാണ്.ഈ വിജയം അംഗ സംഘടനകളുടെതാണ്.പ്രതിസന്ധികളില്‍ തളരാതെ യുക്മയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ സമ്മതിക്കാതെ സംഘടനയെ ശക്തിപ്പെടുത്താന്‍ ഒറ്റക്കെട്ടായി സത്യത്തിനൊപ്പം നിന്ന യു കെയിലെ ഓരോ മലയാളി സംഘടനയുടെയും വിജയമാണിത്.ഒപ്പം ഇതൊരു മുന്നറിയിപ്പ് കൂടിയാണ് ..പല്ലുകൊഴിഞ്ഞ മാധ്യമ പാണ്ടന്‍ നായയ്ക്ക് യു കെ മലയാളികള്‍ നല്‍കുന്ന ശക്തമായ മുന്നറിയിപ്പ് .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല