സജീഷ് ടോം (യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി): യുക്മ ദേശീയ നിര്‍വാഹക സമിതി യോഗം ഒക്‌റ്റോബര്‍ 23 ഞായറാഴ്ച കവന്‍ട്രി ഷില്‍ട്ടണ്‍ വില്ലേജ് ഹാളില്‍ നടക്കും. രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന യോഗത്തില്‍ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു അധ്യക്ഷത വഹിക്കും. യുക്മ ദേശീയ ഭാരവാഹികളും റീജിയണല്‍ പ്രസിഡണ്ട്മാരും നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുക്കുന്ന ദേശീയ നിര്‍വാഹക സമിതി യോഗം യുക്മയെ സംബന്ധിച്ച നിര്‍ണ്ണായക ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും വേദിയൊരുക്കുന്ന സുപ്രധാന നേതൃയോഗമാണ്.
യോഗത്തില്‍ ദേശീയ ട്രഷറര്‍ ഷാജി തോമസ് സംഘടനയുടെ പ്രവര്‍ത്തന വര്‍ഷത്തെ നാളിതുവരെയുള്ള കണക്കുകള്‍ അവതരിപ്പിക്കും. തുടര്‍ന്ന് കലാമേള ജനറല്‍ കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പ് ദേശീയ കലാമേളയുടെ മുന്നൊരുക്കങ്ങള്‍ യോഗത്തില്‍ വിശദീകരിക്കും. ഇതര സംഘടനാ കാര്യങ്ങളും വിഷയത്തിന്റെ മുന്‍ഗണനാക്രമം അനുസരിച്ചു യോഗത്തില്‍ ചര്‍ച്ചചെയ്യപ്പെടും.
നവംബര്‍ അഞ്ചിന് നടക്കുന്ന ദേശീയ കലാമേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും, വിപുലമായ കലാമേള സംഘാടക സമിതി രൂപീകരിക്കുന്നതിനുമായുള്ള ആഘോഷകമ്മറ്റി ഉച്ചകഴിഞ്ഞു രണ്ട് മണിക്ക് ആരംഭിക്കും. യുക്മ ദേശീയ നിര്‍വാഹക സമിതി അംഗങ്ങളോടൊപ്പം ദേശീയകലാമേള ആതിഥേയരായ മിഡ് ലാന്‍ഡ്‌സ് റീജിയന്റെയും കവന്‍ട്രി കേരള കമ്മ്യൂണിറ്റിയുടെയും നേതാക്കളും പ്രവര്‍ത്തകരും, ഒപ്പം മിഡ് ലാന്‍ഡ്‌സ് റീജിയണിലെ ഇതര അംഗ അസോസിയേഷന്‍ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുമെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം അറിയിച്ചു.
യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ് ലാന്‍ഡ്‌സ് റീജിയണല്‍ പ്രസിഡന്റ് ജയകുമാര്‍ നായരുടെ നേതൃത്വത്തില്‍ ഡിക്‌സ് ജോര്‍ജ്, സുരേഷ് കുമാര്‍, പോള്‍സണ്‍ മത്തായി, ജോണ്‍സന്‍ യോഹന്നാന്‍ തുടങ്ങിയവര്‍ യോഗ ക്രമീകരണങ്ങള്‍ വിലയിരുത്തി വരുന്നു. ദേശീയ കലാമേളയുടെ മുന്നോടിയായി നടക്കുന്ന ഈ യോഗങ്ങളില്‍ നൂറില്‍പ്പരം യുക്മ പ്രതിനിധികള്‍ പങ്കടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ദേശീയ നിര്‍വാഹക സമിതി യോഗവും, കലാമേള ആഘോഷകമ്മറ്റിയും നടക്കുന്ന സ്ഥലത്തിന്റെ വിലാസം താഴെ കൊടുക്കുന്നു:
Shilton Village Hall, Wood Lane, Shilton, Covetnry CV7 9JZ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല