റോജിമോന്‍ വര്‍ഗീസ് (നാഷണല്‍ ജനറല്‍ സെക്രട്ടറി): ഏറെ പ്രതീക്ഷയോടെ തെരഞ്ഞെടുക്കപെട്ട യുക്മയുടെ പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ നിര്‍വാഹക സമിതി യോഗം ഫെബ്രുവരി 12 ഞായറാഴ്ച വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വാല്‍സാല്‍ റോയല്‍ ഹോട്ടലില്‍ വച്ച് നടക്കും. പ്രസിഡന്റ് ശ്രീ. മാമ്മന്‍ ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗം രാവിലെ പത്തുമണിക്ക് ആരംഭിക്കും. ദേശീയ പൊതുയോഗം തെരഞ്ഞെടുത്ത ഭാരവാഹികളും, റീജിയണുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട നാഷണല്‍ കമ്മറ്റി അംഗങ്ങളും, റീജിയണല്‍ പ്രസിഡന്റുമാരും, എക്‌സ്ഒഫീഷ്യോമാരായി മുന്‍ പ്രസിഡന്റും മുന്‍ ജനറല്‍ സെക്രട്ടറിയും പങ്കെടുക്കുന്ന ദേശീയ നിര്‍വാഹക സമിതി യോഗം യുക്മയുടെ 2017 ലെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുവാനും ചര്‍ച്ചചെയ്യുവാനുമുള്ള സുപ്രധാന യോഗമായിരിക്കും.
യുക്മയുടെ പ്രവര്‍ത്തനങ്ങളെ ഗൗരവമായി നോക്കിക്കാണുന്ന ബഹുമാന്യരായ യു.കെ. മലയാളി സുഹൃത്തുക്കള്‍ക്ക് യുക്മയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെക്കാനുള്ള വേദി കൂടിയായിട്ടാണ് ആദ്യ ദേശീയ നിര്‍വാഹക സമിതി യോഗം വിഭാവനം ചെയ്തിരിക്കുന്നത്. ആശയങ്ങള്‍ പങ്കുവെക്കാന്‍ താല്പര്യമുള്ള വ്യക്തികള്‍ക്ക് ഫെബ്രുവരി 11 ശനിയാഴ്ച രാത്രി പത്തുമണിക്ക് മുന്‍പായി secretary.ukma@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് തങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അയക്കാവുന്നതാണ്.
കഴിഞ്ഞ രണ്ടുവര്‍ഷം യുക്മയെ പ്രഗത്ഭമായി നയിച്ച ശ്രീ.ഫ്രാന്‍സിസ് മാത്യുവും ശ്രീ.സജീഷ് ടോമും നേതൃത്വം നല്‍കിയ കമ്മറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നന്ദി പറയുന്നതായി സ്ഥാനമേറ്റെടുക്കുന്ന പുതിയ പ്രസിഡന്റ് ശ്രീ.മാമ്മന്‍ ഫിലിപ്പ് പറഞ്ഞു. മുന്‍ ഭരണ സമിതിയുടെ നല്ല പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്നോണം, മാറ്റം ആവശ്യമായിരുന്ന മേഖലകളില്‍ തിരുത്തലുകള്‍ വരുത്തി, കൂടുതല്‍ കരുത്തോടെ യുക്മ മുന്നോട്ടു പോകുമെന്ന് പ്രസിഡന്റ് സൂചിപ്പിച്ചു.
പുതിയ തെരഞ്ഞെടുപ്പ് പരിഷ്‌ക്കാരങ്ങളെ തുടര്‍ന്ന് കൂടുതല്‍ പുതുമുഖങ്ങള്‍ കടന്ന് വന്നിരിക്കുന്ന യുക്മ നവ നേതൃനിരക്ക്, യു.കെ. മലയാളി സമൂഹത്തിന്റെ മനസ്സറിഞ്ഞുള്ള പുതുമയാര്‍ന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനുള്ള ആദ്യ വേദിയെന്ന നിലയില്‍, യോഗത്തിലേക്ക് എല്ലാ പ്രതിനിധികളും എത്തിച്ചേരുമെന്ന് അറിയിച്ചു കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല