അഡ്വ. ജിജി മാത്യു (പി.ആർ.ഒ യുക്മ മിഡ്ലാൻഡ്സ് റീജിയൻ): യുക്മ ഈസ്റ്റ് വെസ്റ്റ് & മിഡ്ലാൻഡ്സ് റീജിയൻ ജനറൽ കൗൺസിൽ യോഗം കഴിഞ്ഞ ശനിയാഴ്ച ബെർമിംങ്ഹാം വാൽസാളിലെ റോയൽ ഹോട്ടലിൽ പ്രൗഢഗംഭീരമായി നടന്നു. സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് ബെന്നി പോളിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യുക്മ ദേശീയ പ്രസിഡൻറ് മനോജ് കുമാർ പിള്ള ഉദ്ഘാടനം ചെയ്തു. യുക്മ ഇലക്ഷൻ കമ്മീഷൻ അംഗം അലക്സ് വർഗീസ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് യോഗത്തിൽ വിശദീകരിച്ചു. തുടർന്ന് വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, യുക്മ ട്രഷറർ അനീഷ് ജോൺ, ജോയിൻ്റ് ട്രഷറർ ടിറ്റോ തോമസ്, സ്ഥാനമൊഴിയുന്ന മിഡ്ലാൻഡ്സ് റീജിയൻ ട്രഷറർ സോബിൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് 2022-2023 വർഷത്തേക്കുള്ള മിഡ്ലാൻഡ്സ് റീജിയൻ്റെ പുതിയ ഭാരവാഹികളെ ഐകകണ്ഡേന തിരഞ്ഞെടുത്തു. ബെന്നി പോൾ അവതരിപ്പിച്ച ഭാരവാഹികളുടെ പാനൽ യോഗം അംഗീകരിച്ചു. മിഡ്ലാൻഡ്സ് റീജിയണിൽ നിന്നുമുള്ള നാഷണൽ കമ്മിറ്റിയംഗമായി ജയകുമാർ നായർ തിരഞ്ഞെടുക്കപ്പെട്ടു. മുൻ യുക്മ നാഷണൽ ജോയിൻ്റ് ട്രഷററും,മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻറുമായിരുന്നു വെഡ്‌സ്ഫീൽഡ് അസോസിയേഷൻ ഫോർ മലയാളീസിൽ നിന്നുമുള്ള ജയകുമാർ നായർ. റീജിയൻ പ്രസിഡൻറായി കവൻട്രി കേരള കമ്യൂണിറ്റി മുൻ പ്രസിഡൻ്റ് ജോർജ് തോമസ് തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി കെ.സി.എ റെഡിച്ചിൽ നിന്നുമുള്ള പീറ്റർ ജോസഫും ട്രഷററായി നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ സെക്രട്ടറിയും പ്രമുഖ സോളിസിറ്ററും കൂടിയായ അഡ്വ. ജോബി പുതുക്കുളങ്ങരയും തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡൻ്റുമാരായി കെറ്ററിംഗ് മലയാളി വെൽഫയർ അസോസിയേഷൻ പ്രസിഡൻ്റ് സിബു ജോസഫ്, എർഡിംഗ്ടൺ മലയാളി അസോസിയേഷനിൽ നിന്നുമുള്ള ആനി കുര്യൻ, ജോയിൻ്റ് സെക്രട്ടറിമാരായി മലയാളി അസോസിയേഷൻ ഓഫ് നോർത്താംപ്റ്റൺ വൈസ് പ്രസിഡൻ്റ് ജോൺ വടക്കേമുറി, എസ്.എം.എ സ്റ്റോക്ക് ഓൺ ട്രെൻറ് മുൻ സെക്രട്ടറി സിനി ആൻ്റോ, ജോയിൻ്റ് ട്രഷററായി വാർവിക് & ലീൻടൺ മുൻ പ്രസിഡൻ്റ് ലൂയിസ് മേനാച്ചേരി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
മിഡ്ലാൻഡ്സ് റീജിയൻ ചാരിറ്റി കോർഡിനേറ്ററായി എർഡിംഗ് മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറ് ജോർജ് മാത്യു, കലാമേള കൺവീനറായി എസ് എം എ സ്റ്റോക്ക് ഓൺ ട്രെൻ്റിൽ നിന്നുമുള്ള ഷാജിൽ തോമസ്, സ്പോർട്സ് കോർഡിനേറ്ററായി കേരള ക്ലബ് നനീറ്റണിൽ നിന്നുമുള്ള സെൻസ് ജോസും റീജിയൻ പി. ആർ. ഒ ആയി മലയാളി അസോസിയേഷൻ ഓഫ് നോർത്താംപ്ടണിൽ നിന്നുമുള്ള അഡ്വ. ജിജി മാത്യു, വള്ളംകളി കോർഡിനേറ്ററായി നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസോസിയേഷനിൽ നിന്നുമുള്ള കുരുവിള തോമസ് എന്നിവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
തിരഞ്ഞെടുപ്പ് ഏറ്റവും ഭംഗിയായി നടത്തുവാൻ സഹകരിച്ച എല്ലാ യുക്മ പ്രതിനിധികൾക്കും തിരഞ്ഞെടുപ്പ് നിയന്ത്രിച്ച യുക്മ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളായ അലക്സ് വർഗ്ഗീസ്, ബൈജു തോമസ് എന്നിവർ നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല